തിരുവനന്തപുരം: പിണറായി സർക്കാരിനും സി.പി.എമ്മിനും കടുത്ത വെല്ലുവിളികളുമായി ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തിയ നിലമ്പൂർ എം.എൽ.എ പി.വി അൻവർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചു.
പോലീസിനെതിരെയടക്കം താൻ പുറത്തു കൊണ്ടുവന്ന തെളിവുകൾ രാജ്ഭവനിലെത്തി ഗവർണർക്ക് കൈമാറിയതായി പി.വി അൻവർ പറഞ്ഞു. ഒരു സ്വതന്ത്ര എംഎൽഎ എന്ന നിലയിലാണ് ഗവർണറെ കണ്ടത്. നാട് നേരിടുന്ന ഭീഷണികളിൽ തനിക്ക് അറിയാവുന്ന കാര്യങ്ങൾ ഗവർണറെ അറിയിച്ചുവെന്നും കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനില്ലെന്നും പറഞ്ഞു.
താൻ നേരത്തെ പറഞ്ഞ കാര്യങ്ങൾ ഗവർണറെ ധരിപ്പിച്ചിട്ടുണ്ട്. സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് ഗവർണറെ കണ്ടത്. ചില തെളിവുകൾ കൂടി ഗവർണർക്ക് കൈമാറുമെന്നും അറിയിച്ചു. നിയമസഭയിൽ തന്നെ പ്രതിപക്ഷ ഭാഗത്ത് ഇരുത്തേണ്ട ജോലി സ്പീക്കർ എടുക്കണ്ടെന്നും നാളെ ജീവൻ ബാക്കിയുണ്ടെങ്കിൽ നിയമസഭയിൽ കാണാമെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു.