മലപ്പുറം: എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിട്ടിക്കൽ സെക്രട്ടറി പി ശശിക്കുമെതിരേ ഗുരുതരമായ ആരോപണം ഉയർന്നിട്ടും അവരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് നിലമ്പൂർ എം.എൽ.എ പി.വി അൻവർ രംഗത്ത്.
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനു ശേഷം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അൻവറിന്റെ പരിഹാസം. അജിത്ത് കുമാറിന് സിന്ദാബാദ് വിളിച്ചാണ് ലഘു കുറിപ്പ് അവസാനിപ്പിച്ചത്. അൻവർ ഇന്ന് വൈകീട്ട് അഞ്ചിന് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. അതിന്റെ അരമണിക്കൂർ മുമ്പാണ് ഈ കുറിപ്പ് എം.എൽ.എ പോസ്റ്റ് ചെയ്തത്.
എം.എൽ.എയുടെ എഫ്.ബി കുറിപ്പ് ഇങ്ങനെ:
35 ലക്ഷത്തിന് ഒരു ഫ്ളാറ്റ് വാങ്ങി, വെറും 10 ദിവസത്തിനകം ഇരട്ടി ലാഭത്തിൽ അത് മറിച്ച് വിൽക്കുക.!!
ഇത്തരം ഫിനാൻഷ്യൽ മാനേജ്മെന്റ് സ്ട്രാറ്റജി സംസ്ഥാനത്ത് നടപ്പിലാക്കാൻ സാധിച്ചാൽ ഒരു വർഷം കൊണ്ട് സംസ്ഥാനം ലോകത്തെ സമ്പന്ന രാഷ്ട്രങ്ങളുടെ നിലയിലേക്കെത്തും.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി സ്ഥാനത്തിനൊപ്പം,സംസ്ഥാനത്തിന്റെ ധനകാര്യവകുപ്പ് മന്ത്രിയുടെ അധിക ചുമതല കൂടി ശ്രീ.അജിത്ത് കുമാർ സാറിന് കൊടുക്കണം.
ശ്രീ.അജിത്ത് കുമാർ സാർ സിന്ദാബാദ്..