ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനുമെതിരേ രൂക്ഷ വിമർശങ്ങളുയർത്തി ഇടതുപക്ഷത്തോട് ഇടഞ്ഞ നിലമ്പൂർ എം.എൽ.എ പി.വി അൻവർ രാഷ്ട്രീയ സഖ്യത്തിനായുള്ള തുടർ നീക്കങ്ങൾ സജീവമാക്കി.
സി.പി.എമ്മുമായി ബൈബൈ പറഞ്ഞതിന് പിന്നാലെ, ഡി.എം.കെ എന്ന സാമൂഹ്യ കൂട്ടായ്മയുണ്ടാക്കിയ പി.വി അൻവർ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഡി.എം.കെയുമായും, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസുമായും, യു.പി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ എസ്.പിയുമായുമെല്ലാം സംഭാഷണം നടത്തിയതിന് പിന്നാലെ കോൺഗ്രസ് ദേശീയ നേതൃത്വവുമായും സംഭാഷണങ്ങൾ തുടരുന്നതായാണ് റിപോർട്ടുകൾ.
നേരത്തെ കോൺഗ്രസ് സംസ്ഥാന നേതൃത്വവുമായും മുസ്‌ലിം ലീഗ് നേതാക്കളുമായെല്ലാം കൂടിക്കാഴ്ച നടത്തിയ അൻവർ യു.ഡി.എഫിൽ ഇടം ലഭിക്കാനും അതിലൂടെ ഇന്ത്യാ മുന്നണിയിൽ കയറിക്കൂടാനുമെല്ലാം വിവിധങ്ങളായ ആലോചനകൾ തുടരുന്നതിന്റെ ഭാഗമായാണ് കോൺഗ്രസ് നേതൃത്വവുമായും ചർച്ചകൾ തുടരുന്നത്.
അടുത്ത പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി പാർട്ടിയുടെ മുന്നണി ധാരണകൾ സംബന്ധിച്ച് കൂടുതൽ വ്യക്തതയുണ്ടാക്കാനാണ് അൻവറിന്റെ ശ്രമം. പുതിയ പാർട്ടിയുണ്ടാക്കി യു.ഡി.എഫിന്റെ ഭാഗമാകണോ, അതോ പഴയ രാഷ്ട്രീയ ലാവണമായ കോൺഗ്രസ് എന്ന മാതൃസംഘടനയിലേക്ക് തിരികെ പോകണോ, അതല്ല തൃണമൂൽ കോൺഗ്രസിന്റെയോ സമാജ് വാദി പാർട്ടിയുടെയോ ഭാഗമായി ഇന്ത്യാ മുന്നണിയിലേക്ക് നേരിട്ട് പാലം പണിയണോ തുടങ്ങി വിവിധങ്ങളായ ഓപ്ഷനുകളിൽ വട്ടം കറങ്ങുകയാണ് അൻവറിന്റെ പുതിയ രാഷ്ട്രീയം. ലയനമായാലും മുന്നണി ധാരണകളായാലും ഒരു ദേശീയ പാർട്ടിയുമായുള്ള ബന്ധത്തിനാണ് അൻവർ മുഖ്യ പരിഗണന നൽകുന്നത്.
ഏറ്റവും ഒടുവിൽ എ.ഐ.സി.സി സംഘടനാ കാര്യ ചുമതലയുള്ള കെ.സി വേണുഗോപാലുമായി അദ്ദേഹം ഡൽഹിയിൽ ചർച്ച നടത്തിയതായാണ് വിവരം. എ.ഐ.സി.സി പ്രവർത്തകസമിതിയിലെ പ്രത്യേക ക്ഷണിതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ പിന്തുണയോടെയാണ് അൻവറിന്റെ ഈ നീക്കം. കെ.സി വേണുഗോപാലിന്റെ പിന്തുണ ആർജിക്കുന്നതിലൂടെ കോൺഗ്രസുമായുള്ള ധാരണ കൂടുതൽ എളുപ്പമാക്കാനാവുമെന്നാണ് അൻവറിന്റെ പ്രതീക്ഷ. ഒപ്പം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അടക്കമുള്ള ചില മുതിർന്ന കോൺഗ്രസ് നേതാക്കളെ കൂടി കണ്ട് വിയോജിപ്പിന്റെ അകലം കുറയ്ക്കാനും അൻവർ ആഗ്രഹിക്കുന്നുണ്ട്.
അൻവറിന് കോൺഗ്രസിലെത്താനുള്ള പ്രധാന തടസ്സം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നിലമ്പൂർ സീറ്റിലെ അനിശ്ചിതത്വങ്ങളുമാണ്. പ്രതിപക്ഷ നേതാവിനെതിരേ അടക്കം അൻവർ ഉന്നയിച്ച 150 കോടിയുടെ അഴിമതി ആരോപണങ്ങളും നിലമ്പൂർ സീറ്റിലെ അടക്കമുള്ള ധാരണയും ഇതിൽ ഏറെ പ്രധാനമാണ്.
പ്രതിപക്ഷ നേതാവ് ഇപ്പോഴും അൻവറിന് പച്ചക്കൊടി വീശാത്ത സാഹചര്യത്തിലാണ് അൻവർ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഉപയോഗിച്ച് പുതിയ സാധ്യതകൾ തേടിയിരിക്കുന്നത്. ഇതോട് പാർട്ടി സംസ്ഥാന നേതൃത്വവും ഹൈക്കമാൻഡും എങ്ങനെ പ്രതികരിക്കുമെന്നതും അന്തിമ തീരുമാനത്തിൽ വളരെ നിർണായകമാവും. അൻവറിനെ കോൺഗ്രസിൽ എടുക്കുമോ എന്ന് ചോദിച്ചപ്പോൾ ഒറ്റയ്ക്കല്ല പാർട്ടിയിൽ ആലോചിച്ചും ഹൈക്കമാൻഡുമായും ചർച്ച ചെയ്തുമേ ഇക്കാര്യം പറയാനാകുകയുള്ളൂവെന്ന് നേരത്തെ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും പ്രതികരിച്ചിരുന്നു.
സി.പി.എമ്മുമായും ബി.ജെ.പിയുമായും ഒത്തുപോകാൻ നിലവിലെ സാഹചര്യത്തിൽ അൻവറിന് ഒട്ടും സാധ്യമല്ലാത്ത സാഹചര്യത്തിൽ അൻവറിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി പരമാവധി പരുക്കുകൾ കുറയ്ക്കാനാണ് കോൺഗ്രസിലെയും മുസ്‌ലിം ലീഗിലെയും മുതിർന്ന നേതാക്കൾ ആഗ്രഹിക്കുന്നത്. എന്നാൽ, അൻവറിന്റെ വരവോടെ പാർട്ടിയെയും യു.ഡി.എഫ് മുന്നണിയെയും സ്‌നേഹിക്കുന്ന ആരെയും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിക്കൂടെന്ന കടുത്ത നിലപാടും കോൺഗ്രസിനും മുസ്‌ലിം ലീഗിനുമുണ്ട്.
നിലമ്പൂർ മണ്ഡലത്തിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കാനാണ് അൻവർ കരുക്കൾ നീക്കുന്നതെന്നിരിക്കെ, സീറ്റിനായി മോഹിക്കുന്ന കെ.പി.സി.സി സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയി അടക്കമുള്ളവരെ പിണക്കാതെ നോക്കേണ്ടതും കോൺഗ്രസിന് പ്രധാനമാണ്. എന്തായാലും മഞ്ഞുരുക്കത്തിലൂടെ പരസ്പര ധാരണയോടെ നീങ്ങാനുള്ള തന്ത്രപരമായ നീക്കങ്ങളാണ് അൻവർ ലക്ഷ്യമിടുന്നത്. അതിനാവശ്യമായ ഉറപ്പ് ഏതളവിൽ, എങ്ങനെ ലഭ്യമാക്കാമെന്ന ഗവേഷണമാണ് അൻവർ തുടരുന്നത്. എന്നാൽ, അൻവറിനെ പാടെ തള്ളാതെ, പരിമിതികൾക്കുള്ളിൽനിന്ന് പൊട്ടലും ചീറ്റലും ക്ഷണിച്ചുവരുത്താതെ, രാഷ്ട്രീയസാധ്യതകളെ എത്രകണ്ട് മുതലെടുക്കാനാവുമെന്ന് കോൺഗ്രസ് നേതൃത്വവും ആലോചിക്കുന്നു.