മലപ്പുറം: ‘എനിക്കെതിരെ സംസാരിക്കുന്നവരില്‍ ആരെങ്കിലും എന്നെപ്പോലെ സ്വയംവഴി വെട്ടിയവര്‍ ഉണ്ടെങ്കില്‍ വരൂ …നമുക്ക് സംസാരിക്കാം…സംവാദവും ആവാം….’ കോണ്‍ഗ്രസ് നേതാക്കളെ വെല്ലുവിളിച്ച് ബേപ്പൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന പി വി അന്‍വര്‍. ബേപ്പൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സ് നേതാക്കള്‍ തനിക്കെതിരെ തിരിഞ്ഞതിനോട് പ്രതികരിച്ച് എഫ് ബിയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അന്‍വര്‍ വെല്ലുവിളിയുയര്‍ത്തിയത്. അന്ന് ലൈനും ലങ്ത്തും പിഴക്കാതെ ഞാനറിഞ്ഞ പന്തുകള്‍ ലക്ഷ്യം കണ്ടപ്പോള്‍ ഗാലറിയില്‍ ഇരുന്ന് കയ്യടിച്ചവര്‍ക്ക് തോന്നുന്നുണ്ടോ അത്തരത്തിലൊരു ഇന്നിംഗ്സ് ജീവിതത്തില്‍ ഒരിക്കലെങ്കിലും കളിക്കാന്‍ അവര്‍ക്ക് കഴിയുമെന്നെന്നും അന്‍വര്‍ ചോദിച്ചു. നിലപാടിന് വേണ്ടി നിയമസഭയില്‍ നിലമ്പൂരില്‍ നിന്നുള്ള അംഗം ആയിരിക്കെ ആ സ്ഥാനം രാജിവെച്ചുകൊണ്ടാണ് ഞാന്‍ പ്രതിനിധീകരിച്ചിരുന്ന സംവിധാനം ജനാധിപത്യപരമല്ലാത്ത നിലപാട് സ്വീകരിച്ചപ്പോള്‍ എനിക്കൊരു പോരാട്ടത്തിന് ഇറങ്ങിത്തിരിക്കേണ്ടി വന്നതെന്നും അന്‍വര്‍ കോണ്‍ഗ്രസ് നേതാക്കളെ ഓര്‍മപ്പെടുത്തി.കോണി ചിഹ്നത്തിലോ കൈപ്പത്തി ചിഹ്നത്തിലോ സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നുവെങ്കില്‍ ജില്ലയിലെ മുഴുവന്‍ സീറ്റിലും ജയിക്കാമായിരുന്നുവെന്നും ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം തെറ്റായിപ്പോയെന്നും കോഴിക്കോട് ഡി സി സി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ എം എല്‍ എ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ പ്രവീണ്‍ കുമാറിനെതിരെ പി വി അന്‍വര്‍ രംഗത്തെത്തിയിരുന്നു. ചേര്‍ത്തുനിര്‍ത്തിയവര്‍ തന്നെ പിന്നില്‍ നിന്ന് കുത്തിയെന്നും ചതിച്ചെന്നുമായിരുന്നു അന്‍വര്‍ പറഞ്ഞത്. പ്രവീണ്‍കുമാറിനെ അനുകൂലിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തിയിരുന്നു. അനവറിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന് കൂടി രംഗത്ത് വന്നതിന് പിന്നാലെയാണ് പി വി അന്‍വര്‍ വീണ്ടും കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തി വീണ്ടും രംഗത്ത് വന്നിരിക്കുന്നത്. നിയമസഭി തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അന്‍വറും കോണ്‍ഗ്രസ് നേതൃത്വവും സൗഹൃദത്തിലാകുന്നത്. ആരോപണ പ്രത്യാരോപണങ്ങള്‍ വീണ്ടും ഉയരുന്ന അനവറും കോണ്‍ഗ്രസും ഇടയുന്നതിന്റെ സൂചനയാണ്.
പി വി അന്‍വറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:-
കേരളത്തിന്റേതു കണക്കെ ഉല്ബുദ്ധമായ ഒരു സമൂഹത്തിന്റെ മുന്നില്‍ ഒരു വിഷയം അവതരിപ്പിക്കുമ്പോഴും സംസാരിക്കുമ്പോഴും പ്രസ്താവനകള്‍ നടത്തുമ്പോഴും വസ്തുതകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.
സംഗതി രാഷ്ട്രീയം ആകുമ്പോള്‍ സ്ഥിതിവിവരക്കണക്കുകള്‍ അങ്ങേയറ്റം പ്രാധാന്യമര്‍ഹിക്കുന്നു.
നിയമനിര്‍മ്മാണ സഭകളിലേക്കുള്ള മത്സരാര്‍ത്ഥി എന്ന നിലയില്‍ ഞാന്‍ ആദ്യമായി ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് 2011ലാണ്.അന്ന് ആകെ പോള്‍ ചെയ്ത വോട്ട് 114444 ആയിരുന്നു.അതില്‍ നിന്നും 47452 വോട്ടുകള്‍ നേടി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഞാന്‍ രണ്ടാമതെത്തി.വിജയിച്ച സ്ഥാനാര്‍ത്ഥിയുമായി 11246 വോട്ടുകളുടെ മാറ്റമാണ് ആകെ ഉണ്ടായിരുന്നത്.41.47 ശതമാനം വോട്ടുകളാണ് എനിക്ക് കരസ്ഥമാക്കാന്‍ സാധിച്ചത്.
പിന്നീട് 2014ല്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടി.ഒരു മുന്നണിയുടെയും പിന്തുണയില്ലാതെ മത്സരിച്ച എനിക്ക് 37123 വോട്ടുകള്‍ ലഭിച്ചു.
ഈ രണ്ടു മത്സരവും തീര്‍ത്തും സ്വതന്ത്രന് എന്നുള്ള നിലയില്‍ ആയിരുന്നു.
2016ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ചപ്പോള്‍ ഞാന്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.77858 വോട്ടുകള്‍ നേടി 11504 വോട്ടുകള്‍ക്കായിരുന്നു അന്ന് എല്‍ഡിഎഫിന്റെ വിജയം.47.91% വോട്ടുകളാണ് എനിക്ക് ലഭിച്ചത്.
2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ എംഎല്‍എ ആയിരിക്കെ തന്നെ ഞാന്‍ മത്സരിച്ചു.പൊന്നാനിയില്‍ അന്ന് പരാജയപ്പെട്ടെങ്കിലും 328551 വോട്ടുകള്‍ ഞാന്‍ കരഗതമാക്കി.
2021ല്‍ വീണ്ടും നിലമ്പൂരില്‍ നിന്ന് നിയമസഭയിലേക്ക് ജനവിധി തേടിയപ്പോള്‍ 81,227 വോട്ടുകള്‍ നേടി ഒരിക്കല്‍ കൂടി ഞാന്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഇന്നലെ പറഞ്ഞതിന്റെ ബാക്കി ആവര്‍ത്തിക്കട്ടെ,കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ തങ്ങള്‍ സ്വീകരിച്ച രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി നിയമസഭ സാമാജികന് എന്ന നിലയിലുള്ള സ്ഥാനം സ്വയം രാജിവച്ചവര്‍ എത്രപേരുണ്ട്?
നിലപാടിന് വേണ്ടി നിയമസഭയില്‍ നിലമ്പൂരില്‍ നിന്നുള്ള അംഗം ആയിരിക്കെ ആ സ്ഥാനം രാജിവെച്ചുകൊണ്ടാണ് ഞാന്‍ പ്രതിനിധീകരിച്ചിരുന്ന സംവിധാനം ജനാധിപത്യപരമല്ലാത്ത നിലപാട് സ്വീകരിച്ചപ്പോള്‍ എനിക്കൊരു പോരാട്ടത്തിന് ഇറങ്ങിത്തിരിക്കേണ്ടി വന്നത്.
അന്ന് ലൈനും ലങ്ത്തും പിഴക്കാതെ ഞാനറിഞ്ഞ പന്തുകള്‍ ലക്ഷ്യം കണ്ടപ്പോള്‍ ഗാലറിയില്‍ ഇരുന്ന് കയ്യടിച്ചവര്‍ക്ക് തോന്നുന്നുണ്ടോ അത്തരത്തിലൊരു ഇന്നിംഗ്സ് ജീവിതത്തില്‍ ഒരിക്കലെങ്കിലും കളിക്കാന്‍ അവര്‍ക്ക് കഴിയുമെന്ന്.
ഞാന്‍ ജനിച്ചു വീണത് തന്നെ രാഷ്ട്രീയവിചാരങ്ങളുടെ നടുത്തളത്തിലേക്കാണ്.അക്കാലത്ത് അതായിരുന്നു എന്റെ വീടിന്റെ സ്വഭാവം.എന്നാല്‍ ഞാന്‍ മുമ്പ് സൂചിപ്പിച്ച മത്സരങ്ങളില്‍ ഓരോന്നിലും എന്റെ പങ്ക് നിര്‍ണായകമാണ്.
എനിക്കെതിരെ സംസാരിക്കുന്നവരില്‍ ആരെങ്കിലും എന്നെപ്പോലെ സ്വയംവഴി വെട്ടിയവര്‍ ഉണ്ടെങ്കില്‍ വരൂ …നമുക്ക് സംസാരിക്കാം…സംവാദവും ആവാം….
പി വി അന്‍വര്‍







