നിലമ്പൂർ: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനുമായി താൻ നേരത്തെ നടത്തിയ സംസാരം വെളിപ്പെടുത്തി പി.വി അൻവർ എം.എൽ.എ.
‘ഞാൻ നേരിൽ സംസാരിച്ചപ്പോൾ മുഖ്യമന്ത്രിയുടെ നിസ്സഹായാവസ്ഥ എനിക്ക് ബോധ്യപ്പെട്ടു. പി ശശി കാട്ടുകള്ളനാണ്. അയാളെ അവിടുന്ന് ഇറക്കണം. പിണറായി വിജയനെന്ന കത്തിജ്വലിക്കുന്ന സൂര്യൻ കെട്ടുപോയി….’ -പി.വി അൻവർ വ്യക്തമാക്കി.
കാട്ടുകള്ളനായ പി ശശിയെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഇറക്കണമെന്ന് ഞാൻ അദ്ദേഹത്തെ നേരിട്ട് കണ്ട് പറഞ്ഞതാണ്. പി ശശിയും എ.ഡി.ജി.പിയും ചതിക്കുമെന്ന് പറഞ്ഞശേഷം, എനിക്ക് ഒരു കാര്യമിപ്പോൾ പറയാനുണ്ടെന്ന് ഞാൻ പറഞ്ഞു. അപ്പോൾ മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് ‘നീ പറയൂ എന്ന് പറഞ്ഞു.’
‘2021-ൽ എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വന്നത് മുഖ്യമന്ത്രിയുടെ വ്യക്തിപ്രഭാവം കൊണ്ടാണ്. ഞാൻ വരെ ജയിച്ചത് അങ്ങനെയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷേ, കത്തി ജ്വലിച്ചിരുന്ന ആ സൂര്യനിപ്പോൾ കെട്ടുപോയിട്ടുണ്ട്, കേരളത്തിലെ പൊതുസമൂഹത്തിൽ. നെഞ്ചിൽ തട്ടിയാണിത് പറയുന്നത്. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറിൽനിന്ന് പൂജ്യത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. നാട്ടിൽ നടക്കുന്നത് മുഖ്യമന്ത്രി അറിയുന്നില്ല. എന്തിനേറെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അദ്ദേഹത്തിന്റെ മൂക്കിന് താഴെ കാട്ടിക്കൂട്ടിയത് പോലും അറിഞ്ഞില്ല. അഭ്യന്തര വകുപ്പിൽ മുഖ്യമന്ത്രി പൂർണ പരാജയമാണ്. എ.ഡി.ജി.പി ആർ.എസ്.എസിനുവേണ്ടി ചെയ്യുന്നത് പ്രബഞ്ച സത്യം പോലെ വ്യക്തമാണ്. തൃശൂർ പൂരം എ.ഡി.ജി.പിയെക്കൊണ്ട് കലക്കിച്ചതാണ്. കേന്ദ്രസഹായം ആർക്കു വേണമോ അവരാണ് പൂരം കലക്കാൻ അജിത് കുമാറിന് നിർദേശം നൽകിയത്. 25 മുതൽ 30 ശതമാനം വരെ സാധാരണക്കാരായ ജനങ്ങൾക്കും കമ്മ്യൂണിസ്റ്റുകാർക്കും മുഖ്യമന്ത്രിയോട് വെറുപ്പാണ്. ഇതിനെല്ലാം മുഴുവൻ കാരണക്കാരൻ പി ശശിയാണെന്ന് അയാളുടെ കാബിൻ ചൂണ്ടി ഞാൻ പറഞ്ഞതാണ്.
മുഖ്യമന്ത്രിയെ പാർട്ടിക്ക് തിരുത്താനാവുന്നില്ല. കോടിയേരി പാർട്ടി സെക്രട്ടറിയായിരുന്നെങ്കിൽ എനിക്ക് ഇത്തരമൊരു വാർത്താസമ്മേളനം നടത്തേണ്ടി വരുമായിരുന്നില്ല. കോടിയേരിയുടെ വിലാപയാത്ര പോലും വെട്ടിച്ചുരുക്കിയതിൽ പിണറായിയുടെയും കുടുംബത്തിന്റെയും വിദേശയാത്ര വില്ലനാണ്. ഞാൻ അറിഞ്ഞ കാര്യങ്ങളെല്ലാം പറഞ്ഞാൽ പാർട്ടി പ്രവർത്തകർ എ.കെ.ജി സെന്ററിന്റെ അടിത്തറ തോണ്ടുമെന്നും അതിനാൽ താൻ അതിലേക്ക് നീങ്ങുന്നില്ലെന്നും അൻവർ പറഞ്ഞു.
മുഖ്യമന്ത്രി തന്നെ വഞ്ചിച്ചുവെന്നും പരാതിയിൽ അന്വേഷണം ശരിയായ വഴിക്കല്ലെന്നും പിണറായി വിജയൻ ചതിയനാണെന്നുമാണ് അൻവർ ആവർത്തിച്ചുന്നയിച്ചത്. സി.പി.എമ്മിനകത്തും പുറത്തും പലരും ഇത് ശരിവെക്കുന്നുണ്ടെങ്കിലും പരസ്യമായി അൻവറിനെ ന്യായീകരിക്കാനോ മുഖ്യമന്ത്രിയെ വിമർശിക്കാനോ ആരും തയ്യാറായിട്ടില്ലെന്നതാണ് വസ്തുത. സ്വർണ്ണക്കള്ളക്കടത്ത് കേസുകൾ സിറ്റിംഗ് ജഡ്ജിയെ വച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച അൻവർ, ഞായറാഴ്ച നിലമ്പൂരിൽ പൊതുസമ്മേളനം വിളിച്ച് കാര്യങ്ങൾ പറയുമെന്നും അറിയിച്ചിട്ടുണ്ട്.