ചേലക്കര: വാ പോയ കോടാലി പോലെയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശത്തിന് മുറുപടിയുമായി നിലമ്പൂർ എം.എൽ.എ പി.വി അൻവർ.
തന്നെ വാ പോയ കോടാലിയെന്ന് പറയുമ്പോൾ പിണറായി വിജയൻ തലയില്ലാത്ത തെങ്ങായി മാറിയിട്ടുണ്ടെന്ന വസ്തുത മുഖ്യമന്ത്രിക്ക് മനസിലായിട്ടില്ലെന്നും അത് അദ്ദേഹത്തോട് അടുപ്പമുള്ള ആരെങ്കിലും പറഞ്ഞു കൊടുക്കണമെന്നും അൻവർ പരിഹസിച്ചു. വാ പോയ കോടാലിക്ക് എത്രത്തോളം മൂർച്ചയുണ്ടെന്ന് 23-ാം തിയ്യതി അറിയാമെന്നും അദ്ദേഹം ചേലക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമങ്ങളോട് പ്രതികരിച്ചു.
ചേലക്കരയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ 50 ശതമാനം വോട്ടും പിണറായിക്കെതിരെ എൻ.കെ സുധീറിന്റെ ഓട്ടോറിക്ഷ ചിഹ്നത്തിൽ വീഴാൻ പോവുകയാണ്. സഖാക്കൾ അത് തുറന്ന് പറയുന്നുണ്ട്. ഈ തെരഞ്ഞെടുപ്പ് പിണറായിക്കെതിരെയുള്ള വോട്ടാണെന്നും ഈ കുടുംബാധിപത്യം ഞങ്ങൾ ഇവിടെ അനുവദിക്കില്ലെന്നുമാണ് സഖാക്കൾ പറയുന്നത്.
എത്രയോ നേതാക്കന്മാർ ഉണ്ടായിട്ടും മരുമകനാണിവിടെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത്. മരുമകനാണ് അടുത്ത മുഖ്യമന്ത്രി. മരുമകനാണ് താരം. പാർട്ടിയുടെ ഉന്നതരായ നേതാക്കന്മാരെ മുഴുവൻ ചവിട്ടിനിരത്തി എങ്ങനെയാണ് ഒരു മരുമകന്റെ കൈയിലേക്ക് ഇതൊക്കെ വരുന്നത്. എവിടെ കെ രാധാകൃഷ്ണൻ എം.പി, ആർ ബിന്ദു എവിടെ? തെരഞ്ഞെടുപ്പിൽ നിങ്ങൾ എവിടെയെങ്കിലും കണ്ടോ? ഇല്ലല്ലോ. അപ്പോൾ എല്ലാം മരുമകനെ ഏൽപ്പിക്കുകയാണെന്ന് വ്യക്തമാണെന്നും അൻവർ ചൂണ്ടിക്കാട്ടി.
യു.ഡി.എഫ് ഒരു വാ പോയ കോടാലിയെ പരോക്ഷമായി ഉപയോഗിക്കാൻ ശ്രമിക്കുന്നുണ്ടെന്നായിരുന്നു പി.വി അൻവറിനെതിരേ മുഖ്യമന്ത്രി ചേലക്കരയിൽ പ്രസംഗിച്ചത്. ആ വിദ്വാൻ പ്രശ്‌നങ്ങൾ എങ്ങനെ ഉണ്ടാക്കാമെന്നാണ് നോക്കുന്നത്. അതിന്റെ ഭാഗമായി എന്തും വിളിച്ചുപറയുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അതിനെതിരെ ശ്രദ്ധയോടെ ഇരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് പി.വി അൻവറിന്റെ പ്രതികരണം.