മലപ്പുറം: ഫോൺ ചോർത്തിയെന്ന പരാതിയിൽ കേസെടുത്തതിൽ പ്രതികരണവുമായി നിലമ്പൂർ എം.എൽ.എ പി.വി അൻവർ. താൻ ആരുടെയും ഫോൺ ചോർത്തിയിട്ടില്ലെന്നും തനിക്ക് വന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഫോൺ കോൾ റെക്കോർഡ് ചെയ്യുക മാത്രമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ ഇനിയും കേസുകൾ ഉണ്ടാകും. പോലീസിലെ പുഴുക്കുത്തുകളും സർക്കാറിന്റെ വീഴ്ചകളും പറഞ്ഞതിന് അവർ എന്നെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. അവർ ജയിലിൽ അടക്കട്ടെ നോക്കാമെന്നും ബാക്കി കാര്യങ്ങളെല്ലാം നിലമ്പൂരിലെ പൊതുസമ്മേളനത്തിൽ പറയാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
താൻ ഒരു ഫോൺ ചെയ്താൽ മതി നിലമ്പൂരിലെ എൽ.ഡി.എഫ് പഞ്ചായത്തുകൾ വരെ താഴെ വീഴുമെന്നും അതിന് സമയമായിട്ടില്ലെന്നും അൻവർ വ്യക്തമാക്കി. സി.പി.എമ്മിനെ വെല്ലുവിളിച്ചിട്ടില്ല. സർക്കാരിലും ഭരണതലത്തിലുമുള്ള പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. കൂടുതൽ പൊതുയോഗങ്ങളുമായി ജനങ്ങൾക്കിടയിൽ മുന്നോട്ടു പോകും. നാളെ കോഴിക്കോട് മുതലക്കുളത്ത് യോഗം നടത്തും. സെക്രട്ടേറിയറ്റിന് മുന്നിൽ യോഗം നടത്തുമോയെന്ന് ഇപ്പോൾ പറയാനാകില്ല. അലനല്ലൂരിലെ യോഗത്തിനിടെ സംഘർഷം ഉണ്ടായത് തെറ്റിദ്ധാരണ മൂലമാണെന്നും സി.പി.എം പ്രവർത്തകരല്ല പ്രശ്‌നമുണ്ടാക്കിയതെന്നും അൻവർ പറഞ്ഞു.
അൻവർ പങ്കെടുത്ത പരിപാടിക്കിടെയുണ്ടായ സംഘർഷത്തിൽ മാധ്യമപ്രവർത്തകർക്ക് മർദ്ദനമേറ്റതിൽ പോലീസ് കേസെടുത്ത് രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതിനിടെ, അൻവറിന്റെ വീടിന് സുരക്ഷയൊരുക്കാൻ മലപ്പുറം ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടു. തന്റെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം ആവശ്യപ്പെട്ടും ഡി.ജി.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സുരക്ഷയ്ക്കായി വീടിന് സമീപം പോലീസ് പിക്കറ്റ് പോസ്റ്റ് സ്ഥാപിക്കാനാണ് നിർദേശം. ഒരു ഓഫീസർ, മൂന്ന് സി.പി.ഒ എന്നിവർ 24 മണിക്കൂർ ഡ്യൂട്ടിക്ക് ഉണ്ടാവണം. രണ്ട് സേനാംഗങ്ങളെ ഡിഎച്ച്ക്യൂവിൽ നിന്നും ഒരു ഓഫീസറെയും ഒരു സിപിഒയെയും നിലമ്പൂർ സബ് ഡിവിഷനിൽ നിന്നും ഒരു ഉദ്യോഗസ്ഥൻ എടവണ്ണ പോലീസ് സ്റ്റേഷനിൽ നിന്നും നിർബന്ധമായും ഉണ്ടാകണമെന്നും ഉത്തരവിലുണ്ട്. പിക്കറ്റ് പോസ്റ്റിന്റെ പ്രവർത്തനം നിലമ്പൂർ സബ് ഡിവിഷൻ ഓഫീസർ നിരീക്ഷിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും വേണം. സ്റ്റേഷൻ നൈറ്റ് പട്രോൾ ഉദ്യോഗസ്ഥരും സബ്ഡിവിഷൻ ചെക്ക് ഉദ്യോഗസ്ഥരും പിക്കറ്റ് പോസ്റ്റ് പരിശോധിക്കണമെന്നും ഉത്തരവിൽ പറയുന്നു.
അൻവർ വിളിച്ചു ചേർത്ത പൊതസമ്മേളനം ഞായറാഴ്ച വൈകീട്ട് ഏഴോടെ നിലമ്പൂർ ചന്തക്കുന്നിൽ നടക്കുന്നതിനാൽ സുരക്ഷാ സംവിധാനങ്ങളെല്ലാം കുറ്റമറ്റതാക്കാൻ ശ്രമിക്കുകയാണ് പോലീസ്.