പാലക്കാട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തനി പകർപ്പാണെന്ന് നിലമ്പൂർ എം.എൽ.എ പി.വി അൻവർ. ധാർഷ്ട്യവും ധിക്കാരവും നിറഞ്ഞ പിണറായിയുടെ ഫോട്ടോസ്റ്റാറ്റാണ് സതീശനെന്നും അൻവർ കുറ്റപ്പെടുത്തി.
ചേലക്കരയിലെ പോരാട്ടം പിണറായിസത്തിന് എതിരെയാണെന്നും പാലക്കാട്ടെ ഡി.എം.കെ സ്ഥാനാർത്ഥിയെ പിൻവലിക്കുന്നതിൽ തീരുമാനം വൈകീട്ടുണ്ടാവുമെന്നും പി.വി അൻവർ മാധ്യമങ്ങളോട് പറഞ്ഞു. വയനാട്ടിൽ പ്രിയങ്കാ ഗാന്ധിയെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും അൻവർ വ്യക്തമാക്കി.
പാലക്കാട് കോൺഗ്രസുമായി ഇനി ചർച്ചയില്ല. ആക്ഷേപം കേൾക്കുന്നതിന് പരിധിയില്ലേ? എന്തൊക്കെ അപമാനം കേൾക്കേണ്ടി വന്നാലും നിലപാടിൽ മാറ്റം വരുത്തില്ലെന്നും അൻവർ പറഞ്ഞു.
പാലക്കാട് ശക്തിതെളിയിക്കാൻ പി.വി അൻവറിന്റെ റോഡ് ഷോ ഇന്ന് വൈകുന്നേരം നടക്കും. പാലക്കാട് കോട്ട മൈതാനത്ത് നിന്ന് ആരംഭിക്കുന്ന റോഡ് ഷോ സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ കൺവെൻഷനോടെ സമാപിക്കും. രണ്ടായിരം പേർ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ അവകാശവാദം.
ചേലക്കരയിലെ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യയെ പിൻവലിച്ചാൽ പാലക്കാട്ട് ഡി.എം.കെ സ്ഥാനാർത്ഥിയെ പിൻവലിച്ച് വോട്ടുകൾ രാഹുൽ മാങ്കൂട്ടത്തിലിന് നൽകാമെന്നായിരുന്നു അൻവറിന്റെ ഉപാധി. എന്നാൽ, കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ച സ്ഥാനാർത്ഥികളെ പിൻവലിക്കുന്ന പ്രശ്‌നമില്ലെന്നും അൻവറിന്റെ നമ്പറുകളൊക്കെ അവിടെ വെച്ചാൽ മതിയെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നിലപാട്.
ഇതേ തുടർന്ന് സതീശനെതിരെ രംഗത്തുവന്ന അൻവർ കെ.പി.സി.സി വാതിലും ജനലും അടച്ചിട്ടില്ലെന്നും സതീശനല്ല കോൺഗ്രസിന്റെ നിലപാട് പറയേണ്ടതെന്നും പ്രതികരിച്ചിരുന്നു. ഇതിനുശേഷവും ചില കോൺഗ്രസ് നേതാക്കൾ അൻവറുമായി ചർച്ച നടത്തിയെങ്കിലും അൻവറുമായി ചർച്ചയ്ക്കുള്ള സ്‌പേസ് പോലും നൽകാത്തവിധം ഏകപക്ഷീയ പ്രഖ്യാപനമായിരുന്നു പ്രതിപക്ഷ നേതാവ് ഇക്കാര്യത്തിൽ സ്വീകരിച്ചത്.
പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നിരിക്കെ, അൻവറിന്റെയും കൂട്ടരുടെയും കുറച്ചെങ്കിലുമുള്ള വോട്ട് നഷ്ടപ്പെടുത്തുന്ന സമീപനം രാഷ്ട്രീയപരമായി ഗുണം ചെയ്യില്ലെന്ന നിലപാടുള്ളവരും കോൺഗ്രസിൽ ഏറെയുണ്ട്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ശേഷമുള്ള നിയമസഭാ തെരഞ്ഞെടുപ്പിലുമെല്ലാം അൻവറിനെ കൂടെ നിർത്താവുന്ന അനുനയ തന്ത്രങ്ങൾ പ്രധാനമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, അൻവർ, തന്റെ കാര്യങ്ങൾ നേടാൻ എന്തും ചെയ്യുമെന്നും പിണറായിക്കെതിരേയുള്ള ഗിരിപ്രഭാഷണത്തിനിടെയും അൻവറിനെ പൂർണമായും നമ്പാൻ സയമമായിട്ടില്ലെന്ന് മറ്റൊരു വിഭാഗവും ഓർമിപ്പിക്കുന്നു.