- ചില സി.പി.എം നേതാക്കൾക്ക് തന്നെ പ്രതിപക്ഷമാക്കാൻ വ്യഗ്രത
മലപ്പുറം: കണ്ണൂരിലെ പ്രഗത്ഭനായ സി.പി.എം നേതാവ് തനിക്ക് പിന്തുണയറിയിക്കാൻ രംഗത്തെുണ്ടെന്ന് പി.വി അൻവർ എം.എൽ.എ. സി.പി.എമ്മിന്റെ പല നേതാക്കളും തന്റെ പുതിയ പാർട്ടിക്ക് പിന്തുണയറിയിച്ചിട്ടുണ്ടെന്നും എന്നാൽ ചില നേതാക്കൾക്ക് തന്നെ പ്രതിപക്ഷമാക്കാനാണ് വ്യഗ്രതയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
താൻ കുത്തുന്നത് കൊമ്പനോടാണ്, തന്നെ വളഞ്ഞിട്ട് കുത്താൻ ശ്രമിക്കുന്നത് കുങ്കിയാനകളാണെന്നും അൻവർ കളിയാക്കി. തനിക്കെതിരെ കേസുകൾ ഇനിയും വന്നുകൊണ്ടോയിരിക്കാം. ചുരുങ്ങിയത് 100 കേസെങ്കിലും വരുമായിരിക്കാം. മഞ്ചേരിയിലെ കേസിൽ ഫോൺ ചോർത്തിയവർക്കെതിരെ കേസില്ല. ഫോൺ ചോർത്തുന്നത് പരിശോധിക്കണമെന്ന് പറഞ്ഞതിനാണ് കേസ്. ഇതെന്ത് നീതിയാണ്. തന്നെ കുറ്റവാളിയായി ജയിലിലടക്കാനാണ് നീക്കം. പാവപ്പെട്ട സഖാക്കൾ ഇത് മനസിലാക്കണം. അന്യായമായി എന്റെ ദേഹത്തേയ്ക്ക് എടുത്താൽ തിരിച്ചടിക്കുമെന്നും അൻവർ വ്യക്തമാക്കി.
എൽ.എൽ.ബി പഠിക്കാൻ പറ്റുമോ എന്നാണ് ചിന്ത. എന്നാൽ സ്വന്തമായി വാദിക്കാമല്ലോ. നിയമസഭയിൽ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ല. ഇതിന് രണ്ടിനുമിടയിൽ സ്വതന്ത്രനായി നിൽക്കാനാണ് താൽപര്യം. എന്നാൽ, എന്നെ പ്രതിപക്ഷമാക്കാനുള്ള വ്യഗ്രതയാണ് സി.പി.എമ്മിന്. പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ടെങ്കിൽ സ്വതന്ത്രമായി ഇരിക്കാൻ സാധിക്കും വിധം മറ്റൊരു ബ്ലോക്ക് ആക്കട്ടെ. എന്തായാലും എവിടെ ഇരിക്കണമെന്നത് സംബന്ധിച്ച് നിയമവിദഗ്ധരുമായി സംസാരിച്ച് വേണ്ടത് ചെയ്യും. സീറ്റില്ലങ്കിൽ നിലത്തിരിക്കാം, നല്ല കാർപ്പെറ്റാണ്. ഒരു തോർത്തുമുണ്ടുണ്ടായാൽ മതി. ഭരണപക്ഷത്ത് നിന്ന് തന്നെ ഇവിടെ എത്തിച്ചതിലെ ഉത്തരവാദിത്തം എൽ.ഡി.എഫിനാണ്.
ഞായറാഴ്ചയിലെ മഞ്ചേരിയിലെ പൊതുസമ്മേളനത്തിന് ശേഷം തിങ്കളാഴ്ച സഭയിലെത്താൻ കഴിയുമെന്ന് തോന്നുന്നില്ല. പി ശശിക്കെതിരെ ഉന്നയിച്ച ആരോപണത്തിൽ ഒരിഞ്ചുപോലും പിറകോട്ടില്ല. പി ശശിയുടെ വക്കീൽ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും വന്നിട്ട് മറുപടി പറയാമെന്നും പ്രതികരിച്ചു.
തനിക്കെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കിയവർക്കെതിരെയല്ല എഴുതിക്കൊടുത്ത് വിളിപ്പിക്കുന്നവരെ അതേപോലെ നേരിടും. എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ ഉടനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുമെന്ന് തനിക്കറിയാം. ഒരു സ്ഥാനത്തുനിന്ന് മാറ്റി മറ്റൊരു സ്ഥാനം കൊടുക്കും. ഇതൊരു നാടകമാണ്. എ.ഡി.ജി.പിയെ ഡിസ്മിസ് ചെയ്യുകയാണ് വേണ്ടത്. പക്ഷേ, അത് ചെയ്യില്ലെന്നും അൻവർ ചൂണ്ടിക്കാട്ടി.