കൊണ്ടോട്ടി : സമർപ്പണം ’25 മദീനത്തുൽ ഉലൂം അറബിക് കോളേജ് മെഗാ കോൺഫറൻസിന് ശനിയാഴ്ച തുടക്കമാവും. പുതിയ അക്കാഡമിക് ബ്ലോക്ക് ഒന്നാം ഘട്ടം ഉദ്ഘാടനം, ഗ്ലോബൽ അലുംനി മീറ്റ്, തലമുറ സംഗമം, എക്സലൻസ് കോൺഫറൻസ്, കോൺവെക്കേഷൻ എന്നീ വിപുലമായ പരിപാടികളാണ് സമർപ്പണം ’25 കോൺഫറൻസിന്റെ ഭാഗമായി എംസിസി നഗറിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ നടക്കുന്നത്.
നാളെ രാവിലെ 9.30ന് പുതിയ അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനം കോളേജ് കറസ്പോണ്ടന്റ് ടി പി അബ്ദുല്ലക്കോയ മദനി നിർവഹിക്കും. അഡ്വ. ഹാരിസ് ബീരാൻ എം.പി. സമർപ്പണം ’25 കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബഷീർ മാഞ്ചേരി ആമുഖ ഭാഷണം നിർവഹിക്കും. സ്വാഗതസംഘം ചെയർമാൻ പ്രൊഫ. കെ പി അബ്ദു റഷീദ് അധ്യക്ഷത വഹിക്കും. മുൻ പ്രിൻസിപ്പൽ ഡോ. സയ്യിദ് മുഹമ്മദ് ശാക്കിർ ഉപഹാര സമർപ്പണം നടത്തും. തുടർന്ന് നടക്കുന്ന ഗ്ലോബൽ അലുംനി മീറ്റ് കോളേജിന്റെ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന പൂർവ വിദ്യാർഥി പി കെ എം അബ്ദുൽ മജീദ് മദനി വലിയോറ ഉദ്ഘാടനം ചെയ്യും.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു കൃത്യം ഒരു മാസം മുമ്പ് 1947 ജൂലൈയിൽ സ്ഥാപിക്കപ്പെട്ട കോളേജിൽ നിന്ന് ഇതപര്യന്തം പുറത്തിറങ്ങിയ സ്വദേശത്തും വിദേശത്തുമുള്ള പൂർവ വിദ്യാർഥികൾ പങ്കെടുക്കുന്ന സംഗമത്തിൽ ഡോ. മുനീർ മദനി പ്രൊജക്റ്റ് അവതരണം നിർവഹിക്കും. കോളേജ് മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് പി മുഹിയുദ്ദീൻ മദനി ഫണ്ട് ഉദ്ഘാടനം നിർവഹിക്കും. കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ ഈസാ മദനി ഏറ്റുവാങ്ങും. കെ ജെ യു സെക്രട്ടറി ഹനീഫ് കായക്കൊടി, ഡോ. എൻ മുഹമ്മദലി അൻസാരി, അബ്ദുൽ അസീസ് തേങ്ങാട്ട്, എം സ്വലാഹുദ്ദീൻ മദനി, ഡോ. സാബിർ നവാസ് സി എം, ഡോ. സൈഫുദ്ദീൻ ബഷീർ ചടങ്ങിൽ പ്രസംഗിക്കും. വിവിധ രംഗങ്ങളിൽ മികവു തെളിയിച്ച പ്രതിഭാധനരായ പൂർവ വിദ്യാർഥികൾക്ക് കോളേജ് ഏർപ്പെടുത്തിയ അലുമിനറി പുരസ്കാരങ്ങൾ ഉബൈദുല്ല മദനി താനാളൂർ വിതരണം ചെയ്യും.
ഉച്ചക്ക് 1.30 ന് പന്തലിൽ നടക്കുന്ന തലമുറ സംഗമം വി പി അഹമ്മദ് കുട്ടി മദനിയുടെ അധ്യക്ഷതയിൽ പി പി മുഹമ്മദ് മദനി മോങ്ങം ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന ‘ഓർമകളിലെ മദീനത്തുൽ ഉലൂം’ ഓപ്പൺ സെഷനിൽ വിവിധ കാലയളവുകളിലെ പൂർവവിദ്യാർഥികൾ ഓർമകൾ അയവിറക്കും. ഇസ്ഹാഖ് അലി മദനി കല്ലിക്കണ്ടി, ഡോ. ടി കെ യൂസുഫ്, സിറാജ് മദനി കൊടുങ്ങല്ലൂർ, മഷ്ഹൂർ അലി മദനി പി.ടി പ്രസംഗിക്കും.
ഉച്ചക്ക് 1:30 നു തന്നെ സെമിനാർ ഹാളിൽ വിവിധ സർക്കാർ, എയ്ഡഡ് ഉന്നത വിദ്യാഭ്യാസ കലാലയങ്ങളിൽ നേതൃപരമായ പങ്കുവഹിക്കുന്ന പൂർവ വിദ്യാർഥികൾ മാത്രം പങ്കെടുക്കുന്ന അക്കാഡമിക് സമ്മിറ്റ് നടക്കും. കടവത്തൂർ എൻ.ഐ.എ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. എ കെ അബ്ദുൽ ഹമീദ് മദനി അക്കാദമിക് സമ്മിറ്റ് ഉദ്ഘാടനം ചെയ്യും. കോഴിക്കോട് സർവകലാശാല അറബിക് വിഭാഗം മുൻ മേധാവി പ്രൊഫ. ഡോ. ഇ. അബ്ദുൽ മജീദ് മദനി അധ്യക്ഷത വഹിക്കും. പ്രതിഭാധനരായ പൂർവ വിദ്യാർഥികളുടെ നേതൃത്വത്തിൽ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന ആലിംസ് പ്രോജക്ടിന്റെ അവതരണം ഡോ. സി പി ശഫീഖ് മദനി നിർവഹിക്കും. ഉച്ചക്ക് 2.30 മുതൽ ക്യാമ്പസിലെ നിശ്ചയിക്കപ്പെട്ട വിവിധ സ്ഥലങ്ങളിലായി ബാച്ചുതല സംഗമങ്ങൾ നടക്കും.
രണ്ടാം ദിവസമായ തിങ്കളാഴ്ച രാവിലെ 10.30 ന് പന്തലിൽ നടക്കുന്ന എക്സലൻസ് കോൺഫറൻസ് ഡോ. നബീൽ മാഞ്ചേരി (സീനിയർ അഡ്വൈസർ, യൂറോപ്യൻ ഇന്നൊവേഷൻ ആൻഡ് ടെക്നോളജി, ബ്രസൽസ് – ബെൽജിയം) ഉദ്ഘാടനം ചെയ്യും. പ്രൊഫ. അബ്ദു റഷീദ് കെ പി അധ്യക്ഷത വഹിക്കും. കോഴിക്കോട് ജി എസ് ടി ഇൻറലിജൻസ് അസി. ഡയറക്ടർ പി സബീൽ ഐ.ആർ.എസ് എക്സലൻസ് പുരസ്കാരങ്ങൾ വിതരണം ചെയ്യും. കോളേജിലെ വിവിധ രംഗങ്ങളിൽ മികവുറ്റ പ്രകടനം കാഴ്ചവെച്ച വിദ്യാർഥികൾക്കായി മുൻ പ്രിൻസിപ്പൽമാരും ആദ്യകാല അധ്യാപകരുമായിരുന്ന എം.സി.സി ഹസ്സൻ മൗലവി, കെ.എൻ ഇബ്രാഹിം മൗലവി, പി. പി അബ്ദുൽ ഗഫൂർ മൗലവി, എം. മുഹമ്മദ് മദനി, സി.പി സൈതലവി മദനി, കെ. മോയിൻകുട്ടി മദനി എന്നിവരുടെ നാമധേയങ്ങളിൽ അവരുടെ തന്നെ കുടുംബങ്ങൾ ഏർപ്പെടുത്തിയതാണ് എക്സലൻസ് അവാർഡുകൾ. ഡോ. സലീൽ ചെമ്പയിൽ (പ്രൊഫസർ, ഡിപ്പാർട്ട്മെൻറ് ഓഫ് ഇൻറർനാഷണൽ റിലേഷൻസ്, നൈൽ യൂണിവേഴ്സിറ്റി – നൈജീരിയ) മുഖ്യാതിഥിയാവും. കോളേജിൽ പുതുതായി രൂപീകരിച്ച എക്സലൻസ് ക്ലബ് വിശദീകരണം ഡോ. കെ മുഹമ്മദ് അമാൻ നിർവഹിക്കും.
ഉച്ചക്ക് 1.30 ന് പന്തലിൽ നടക്കുന്ന കോൺവെക്കേഷൻ കേരള ഹജ്ജ് സ്പോർട്സ് കാര്യമന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. ടിവി ഇബ്രാഹിം എംഎൽഎ മുഖ്യാതിഥിയാവും. മുൻ കേരള വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കോളേജിൽ നിന്ന് ബിരുദ ബിരുദാനന്തര പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള ബിരുദദാനം നിർവഹിക്കും. ടി.പി അബ്ദുല്ലക്കോയ മദനി, കോഴിക്കോട് സർവകലാശാല സിൻഡിക്കേറ്റ് അംഗം പ്രൊഫ. ഡോ. കെ. റഷീദ് അഹമ്മദ് പ്രഭാഷണങ്ങൾ നിർവഹിക്കും. ഡോ. മുനീർ മദനി, ഡോ. മുഹമ്മദ് ബഷീർ സി കെ, ഡോ. മുഅ്തസിം ബില്ലാ ടി പി, ഇബ്രാഹിം പി കെ, ഡോ. സൈഫുദ്ദീൻ ബഷീർ ചടങ്ങിന് നേതൃത്വം നൽകും.



