പ്രമുഖ പണ്ഡിതനും കേരള ജംഇയ്യത്തുൽ ഉലമ (കെ.ജെ.യു) ഉപദേശക സമിതി ചെയർമാനുമായ പ്രൊഫ. എ. അബ്ദുൽ ഹമീദ് മദീനി (83) നിര്യാതനായി. മയ്യിത്ത് നമസ്കാരം ഇന്ന് (ശനി) വൈകുന്നേരം 4:15-ന് ഫാറൂഖ് കോളേജ് കാമ്പസ് മസ്ജിദിൽ നടക്കും. ഉച്ചതിരിഞ്ഞ് 2:00 മണി മുതൽ മയ്യിത്ത് റൗളത്തുൽ ഉലൂം അറബിക് കോളേജിൽ പൊതുദർശനത്തിന് വെക്കുന്നതാണ്.
കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ്, കെ.എൻ.എം മർകസുദഅ്വ സംസ്ഥാന സമിതി അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. നിലവിൽ കെ.ജെ.യു ഉപദേശക സമിതി ചെയർമാൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ ഇൻ ഇസ്ലാമിക് സ്റ്റഡീസ് ആൻഡ് റിസർച്ചിന്റെ (IHIR) സീനിയർ ഫാക്കൽറ്റി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
ബിരുദ പഠനത്തിനു ശേഷം മദീന യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിന് പോയ ആദ്യകാല ഇസ്ലാഹി പണ്ഡിതരിൽ പ്രമുഖനാണ് അദ്ദേഹം. ഫാറൂഖ് കോളേജ് സ്ഥാപകൻ അബുസ്വബാഹ് മൗലവിയുടെ പ്രിയ ശിഷ്യനായിരുന്നു. ഫാറൂഖ് റൗളത്തുൽ ഉലൂം അറബിക് കോളേജിലെ മൂന്നു പതിറ്റാണ്ടു നീണ്ട സേവനത്തിനൊടുവിൽ സ്ഥാപനത്തിന്റെ പ്രിൻസിപ്പലായാണ് വിരമിച്ചത്. സൗദി അറേബ്യയിലെ ദാറുൽ ഇഫ്തയുടെ കീഴിൽ കേരളത്തിൽ നിന്നുള്ള ദാഇമാരിൽ പ്രമുഖനായിരുന്നു അദ്ദേഹം. 1979-ൽ പുളിക്കലിൽ വെച്ച് നടന്ന ഒന്നാം മുജാഹിദ് സമ്മേളനത്തിലെ പ്രധാന വിഷയാവതാരകരിൽ ഒരാളായിരുന്നു മദീനി. ’ഫത്ഹുൽ അസീസ്’ എന്ന പേരിൽ വിശുദ്ധ ഖുർആൻ പരിഭാഷ എട്ടു വാല്യങ്ങളിലായി പുറത്തിറക്കാനുള്ള യത്നത്തിലായിരുന്നു അദ്ദേഹം.
ഇതിനോടകം രണ്ടു വാല്യങ്ങൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. ശിയാഇസം, മദ്ഹബുകൾ, ഇസ്ലാം-മൗലിക പ്രമാണങ്ങൾ, ഉസ്വൂലുൽ ഫിഖ്ഹ്, മാസപ്പിറവി, ഖുതുബകളുടെ ക്രോഡീകരണം (അറബി) തുടങ്ങി വൈജ്ഞാനിക മേഖലയെ ധന്യമാക്കിയ പത്തോളം ഗ്രന്ഥങ്ങളുടെ രചയിതാവാണ്. കോഴിക്കോട് മുഹ്യുദ്ദീൻ പള്ളി, കടലുണ്ടി തെക്കുമ്പാട് മസ്ജിദ്, ഫറോഖ് ചുങ്കം ജുമുഅത്ത് പള്ളി, ഫാറൂഖ് കോളേജ് കാമ്പസ് മസ്ജിദ് എന്നിവിടങ്ങളിൽ ദീർഘകാലം ഖതീബായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.







