തിരുവനന്തപുരം: തലസ്ഥാനത്തെ മംഗലപുരം സി.പി.എം ഏരിയാ സമ്മേളനത്തിലും പൊട്ടിത്തെറി. പാർട്ടി സംഘടനാ തെരഞ്ഞെടുപ്പിന്റെ നിർണായക ഘട്ടത്തിൽ നിലവിലുള്ള ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയി.
പാർട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോയതെന്നാണ് മധു പറയുന്നത്. മധു ഏരിയ സെക്രട്ടറിയാവുന്നത് ജില്ലാ സെക്രട്ടറി വി ജോയി ഏതിർത്തുവെന്നും പകരം എം ജലീലിനെ പുതിയ ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്തുവെന്നുമാണ് വിവരം.
എന്തായാലും, താൻ പാർട്ടി വിടുകയാണെന്നും ജില്ലാ സെക്രട്ടറിയുടെ ജനാധിപത്യ ധ്വംസനം അടക്കമുള്ള ധിക്കാരപരമായ നടപടികൾ അംഗീകരിക്കാനാവില്ലെന്നും മധു പ്രതികരിച്ചു. ഏത് പാർട്ടിയിലേക്കാണ് പോകുന്നതെന്ന് തീരുമാനിച്ചിട്ടില്ല. രണ്ടുമൂന്ന് ദിവസത്തിനകം ഇക്കാര്യങ്ങളെല്ലാം വിശദമായി പറയാമെന്നും മധു പറഞ്ഞു.
ഏരിയാ സമ്മേളനത്തിൽ നിലവിലുള്ള കമ്മിറ്റിയുടെ പ്രവർത്തനത്തിനെതിരേ രൂക്ഷ വിമർശങ്ങൾ ഉയർന്നുവെന്നാണ് മധു വിരുദ്ധ കേന്ദ്രങ്ങൾ പറയുന്നത്. ഏരിയാ സെക്രട്ടറി സ്ഥാനം നഷ്ടമായതാണോ അതോ പാർട്ടിയിൽ ഉയർന്ന വിമർശങ്ങളാണോ ഏതാണ് പാർട്ടി വിടാൻ ഇടയാക്കിയതെന്നതിൽ കൂടുതൽ വ്യക്തത ലഭിക്കേണ്ടതുണ്ട്.
കഴക്കൂട്ടം ഏരിയാ കമ്മിറ്റി രണ്ടായതിന് ശേഷം മംഗലപുരത്ത് കഴിഞ്ഞ രണ്ട് തവണയും മുല്ലശ്ശേരി മധുവായിരുന്നു സെക്രട്ടറി. മധു തന്നെ തുടരുന്നതിൽ ജില്ലാ നേതൃത്വത്തിന് താൽപര്യമുണ്ടായിരുന്നില്ല. സംഘടനാ ചർച്ചയിൽ സാമ്പത്തിക ആരോപണങ്ങളും ക്രമവിരുദ്ധ ഇടപെടലുകളും അടക്കം വിവിധ പരാതികൾ ഉയർന്നതായി പറയുന്നു. സാധാരണ പാർട്ടിക്കാർക്ക് സമീപിക്കാൻ കഴിയാത്ത ആളായി ഏരിയാ സെക്രട്ടറി മാറിയെന്നും വിമർശമുണ്ടായത്രെ. എന്നാൽ, ഇത്തരം ആരോപണങ്ങളെല്ലാം ബാലിശമാണെന്നും അതെല്ലാം തന്നെ ഒഴിവാക്കാൻ ജില്ലാ നേതൃത്വം ആസൂത്രിതമായി ഒപ്പിച്ചതാണെന്നും പ്രതികരണങ്ങളുണ്ട്.