തിരുവനന്തപുരം– കാട്ടാക്കടയില്‍ പത്താം ക്ലാസുകാരനായ ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജന്‍ കുറ്റക്കാരനെന്ന് കോടതി. ക്ഷേത്ര മതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനാണ് വിദ്യാര്‍ഥിയെ കാറിടിച്ചു കൊന്നതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ നാളെ വിധിക്കും.
2023 ഓഗസ്റ്റിലാണ് സംഭവം. പൂവച്ചാല്‍ സ്വദേശികളായ അരുണ്‍കുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖര്‍ ഓഗസ്റ്റ് 30ന് വൈകുന്നേരം ക്ഷേത്ര ഗ്രൗണ്ടില്‍ കളിക്കാന്‍ പോയതായിരുന്നു. പ്രിയരഞ്ജന്‍ പുളിങ്കോട് ക്ഷേത്ര മതിലില്‍ മൂത്രമൊഴിച്ചതിനെ ആദിശങ്കര്‍ ചോദ്യം ചെയ്ത വൈരാഗ്യത്തില്‍ കളി കഴിഞ്ഞ് സൈക്കിളിനടുത്തേക്ക് മടങ്ങിയെത്തുന്ന കുട്ടിയെ കാര്‍ പാര്‍ക്ക് ചെയ്ത് കാത്തുനില്‍ക്കുകയായിരുന്നു പ്രതി. കുട്ടി സൈക്കിള്‍ ചവിട്ടി തുടങ്ങിയതും വേഗത്തില്‍ കുട്ടിയുടെ നേര്‍ക്ക് കാര്‍ ഓടിച്ചു കയറ്റിയാണ് കൊലപ്പെടുത്തിയത്.
രക്തത്തില്‍ കുളിച്ചു കിടന്ന ആദിയെ കൂട്ടുകാരോടൊപ്പം താനും കൂടിയാണ് ആശുപത്രിയില്‍ കൊണ്ട് പോയതെന്ന് ദൃക്‌സാക്ഷിയായ കുട്ടി വിശദീകരിച്ച് മൊഴി നല്‍കി. ആദിയുടെ സൈക്കിളും പ്രതി ഉപയോഗിച്ച കാറും സാക്ഷികള്‍ തിരിച്ചറിഞ്ഞു. എന്നാല്‍ സാങ്കേതിക തകരാര്‍ മൂലം കാര്‍ തനിയെ നീങ്ങിയപ്പോള്‍ ബ്രേക്കിന് പകരം ആക്‌സിലേറ്റര്‍ ചവിട്ടി എന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍ വാഹനത്തിന് യാതൊരു തകരാറുമില്ലെന്നും കൃത്യത്തിന് ശേഷവും പ്രതി വാഹനം ഓടിച്ചിരുന്നതായി കോടതിയില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വാദിച്ചു.
കാട്ടാക്കട പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ ഷിബുകുമാറാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ ഹാജറാക്കിയ 30 സാക്ഷികളുടെയും 43 രേഖകളുടെയും 11 തൊണ്ടിമുതലുകളുടെയും അടിസ്ഥാനത്തിലാണ് കോടതി വിധി. കൊലപാതകം നടന്ന പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്.