കൊച്ചി: കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. വയനാട്ടിൽ മത്സരിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷനു മുന്നിൽ തെറ്റായ ആസ്തി വിവരങ്ങൾ നൽകിയെന്നാരോപിച്ച് എതിർ സ്ഥാനാർത്ഥിയായിരുന്ന ബി.ജെ.പിയിലെ നവ്യ ഹരിദാസ് ആണ് ഹരജി നൽകിയത്.
നാമനിർദേശ പത്രികയ്ക്കൊപ്പം നൽകിയ സ്വത്തുവിവരങ്ങൾ വസ്തുതാവിരുദ്ധവും പെരുമാറ്റച്ചട്ടത്തിന് വിരുദ്ധവുമാണ്. സ്ഥാനാർത്ഥിയുടേയും കുടുംബാംഗങ്ങളുടേയും സ്വത്ത് വിവരങ്ങൾ മറച്ചുവെച്ച് തെരഞ്ഞെടുപ്പ് സംവിധാനത്തെ കബളിപ്പിച്ചെന്നും ഹർജിയിൽ ആരോപിച്ചു. അതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും പ്രിയങ്കയെ അയോഗ്യയാക്കണമെന്നുമാണ് ഹരജിക്കാരിയുടെ ആവശ്യം. ഹരജി ക്രിസ്മസ് അവധിക്കുശേഷം ജനുവരി ആറിന് പരിഗണിച്ചേക്കുമെന്നാണ് വിവരം.