തിരുവനന്തപുരം- ഓണത്തോടനുബന്ധിച്ച് മിൽമ പാലിന്റെ വിലവർധനയെ കുറിച്ച് ചർച്ച ചെയ്യുകയാണെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി മാധ്യമങ്ങളോട് പറഞ്ഞു. കാലിത്തീറ്റയിൽ മാറ്റമുണ്ടാവില്ലെന്നും പാലിന്റെ വിലയിൽ ചർച്ച നടത്തിയതിന് ശേഷം സർക്കാറിനെ അറിയിക്കുകയും, അതിനനുസരിച്ചായിരിക്കും പാലിന്റെ വിലയിൽ മാറ്റമുണ്ടായിരിക്കുക എന്നും ചിഞ്ചു റാണി പറഞ്ഞു.
മിൽമ നൽകുന്ന കാലിത്തീറ്റയിൽ മാറ്റമുണ്ടാകില്ലെന്നാണ് മന്ത്രി അറിയിച്ചത്. നിലവിൽ മിൽമ കാലിത്തീറ്റ നൽകുന്നത് സബ്സിഡി ഇനത്തിലാണ്. കേരള ഫീഡ്സിന്റെ വിപണനം വർധിപ്പിക്കാനുള്ള നടപടികളാണ് നിലവിൽ സർക്കാർ ആലോചിക്കുന്നതെന്നും പുറത്ത് നിന്ന് വരുന്ന കാലിത്തീറ്റക്കാണ് വിലവർധന ഉണ്ടായിരിക്കുന്നതെന്നും അത് പിടിച്ചു നിർത്താനുള്ള നടപടികൾ സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മന്ത്രി ചിഞ്ചു റാണി പറഞ്ഞു.
അമേരിക്കയുമായി ഇന്ത്യ നടത്താൻ പോകുന്ന ക്ഷീര മേഖലയുമായി ബന്ധപ്പെട്ട കരാർ ദൂരവ്യാപകമായ പ്രത്യഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി, കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ കേരളത്തിന്റെ പ്രത്യേകമായ ആശങ്കകൾ അറിയിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.