തലശ്ശേരി: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലുള്ള സി.പി.എം നേതാവും കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യയെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകീട്ട് അഞ്ചു മണിവരെയാണ് കോടതി പ്രതിയെ കസ്റ്റഡിയിൽ വിട്ടത്.
രണ്ട് ദിവസത്തേക്കായിരുന്നു പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടതെങ്കിലും ഇന്ന് വൈകീട്ട് വരെയാണ് കോടതി പോലീസ് കസ്റ്റഡി അനുവദിച്ചത്. പുറത്തിറങ്ങിയ ദിവ്യ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.
ദിവ്യ സമർപ്പിച്ച ജാമ്യഹരജി തലശ്ശേരി പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് കസ്റ്റഡിയിൽ ചോദ്യം ചെയ്യാനായി പോലീസിന് കൈമാറിയത്. കേസിൽ നവീന്റെ കുടുംബവും കക്ഷി ചേർന്നിട്ടുണ്ട്. എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യപ്രേരണാ കേസിലാണ് രണ്ടാഴ്ചത്തെ ഒളിവുജീവിതത്തിനുശേഷം ദിവ്യ റിമാൻഡിലായത്.