- പാർട്ടി നടപടി അറിയിച്ച് സി.പി.എം നേതാക്കൾ പി.പി ദിവ്യയെ കണ്ടു
- മരണത്തിൽ വലിയ ദു:ഖം, ഇടപെടൽ സദുദ്ദേശപരമെന്നും കോടതിയിൽ നിരപരാധിത്വം തെളിയിക്കുമെന്നും ദിവ്യ.
- കേസുമായി ബന്ധപ്പെട്ട് നിരവധി സത്യങ്ങൾ ഇനിയും പുറത്തു വരാനുണ്ടെന്ന് ദിവ്യയുടെ അഭിഭാഷകൻ കെ വിശ്വൻ.
കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ വലിയ ദുഃഖമുണ്ടെന്നും സദുദ്ദേശപരമായിരുന്നു ഇടപെടലെന്നും ജയിൽ മോചിതയായ സി.പി.എം നേതാവ് പി.പി ദിവ്യ പറഞ്ഞു. 11 ദിവസത്തെ ജയിൽ വാസത്തിനുശേഷം പുറത്തിറങ്ങിയപ്പോൾ മാധ്യമങ്ങളോടുള്ള ആദ്യ പ്രതികരണമായിരുന്നു ഇത്.
കോടതിയിൽ തന്റെ നിരപരാധിത്വം തെളിയിക്കും. മാധ്യമ പ്രവർത്തകരായാലും നാട്ടുകാരായാലും തന്നെ കാണാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി. എല്ലാവരുമായും സഹകരിച്ച് പോവുന്നതാണ് പതിവ്. ഏത് ഉദ്യോഗസ്ഥനോടും സദുദ്ദേശപരമായാണ് സംസാരിക്കാറുള്ളത്. എ.ഡി.എമ്മിന്റെ മരണത്തിൽ കൃത്യമായ അന്വേഷണം നടക്കണം. എ.ഡി.എമ്മിന്റെ കുടുംബത്തെ പോലെ തന്റേയും ആഗ്രഹം സത്യം തെളിയണമെന്നാണെന്നും ദിവ്യ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ, പാർട്ടി നടപടിയടക്കമുള്ള മറ്റു ചോദ്യങ്ങളോട് ദിവ്യ പ്രതികരിച്ചില്ല. ജയിലിൽ നിന്ന് പുറത്തിറങ്ങിയശേഷം ദിവ്യ നേരെ വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയപ്പോൾ വിധിയിൽ സന്തോഷമായെന്ന് കുടുംബവും പ്രതികരിച്ചു.
പി.പി ദിവ്യയുടെ അച്ഛൻ ഹൃദ്രോഗിയാണ്. കുടുംബനാഥയുടെ അസാന്നിധ്യം ചെറിയ കാലത്തേക്കാണെങ്കിലും കുടുംബത്തിൽ പ്രയാസം സൃഷ്ടിക്കുമെന്നും പ്രതിയെ ഇനിയും കസ്റ്റഡിയിൽ വേണമെന്ന് തെളിയിക്കാൻ പ്രോസക്യൂഷന് ആയില്ലെന്നും വ്യക്തമാക്കിയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് ദിവ്യക്ക് ജാമ്യം അനുവദിച്ചത്.
സ്ത്രീയെന്ന പരിഗണന പ്രതിക്ക് നൽകുന്നു. പ്രതിക്ക് സ്വഭാവിക മനുഷ്യവകാശം നൽകാമെന്നും വ്യക്തമാക്കുന്നു. ദിവ്യയുടെ ആരോഗ്യസ്ഥിതിയും പരിഗണിക്കുന്നു. ജയിലിനല്ല, ജാമ്യത്തിനാണ് ആദ്യ പരിഗണന. പ്രതിക്കെതിരായ പൊതുവികാരം ജാമ്യം തടയുന്നതിന് മതിയായ കാരണമല്ല. ജാമ്യം ലഭിച്ചാലും കേസ് അട്ടിമറിക്കാൻ കഴിയുമെന്ന് കരുതുന്നില്ല. പൊതുപ്രവർത്തകയായ പ്രതി ഇനി അന്വേഷണത്തോട് നിസ്സഹകരിക്കുമെന്ന് കരുതാനാകില്ല. ജാമ്യാപേക്ഷയിൽ കൈക്കൂലി വാങ്ങിയോ ഇല്ലയോ എന്നത് പ്രസക്തമല്ല. അത് അന്വേഷണത്തിലാണ് കണ്ടത്തേണ്ടത്. സാഹചര്യങ്ങൾ മാത്രം പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
ഒരു ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യം എന്നിവയും ജില്ല വിട്ടു പോകരുത്, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാക്കണം, സാക്ഷികളെ സ്വാധീനിക്കരുത്, മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, പാസ്‌പോർട്ട് സമർപ്പിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ദിവ്യക്ക് കോടതി ജാമ്യം അനുവദിച്ചത്.
വിധിയിൽ സന്തോഷമുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് നിരവധി സത്യങ്ങൾ ഇനിയും പുറത്തു വരാനുണ്ടെന്നും ദിവ്യയുടെ അഭിഭാഷകൻ കെ വിശ്വൻ പ്രതികരിച്ചു. യാത്രയയപ്പ് യോഗത്തിലെ പ്രതിയുടെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പ്രതിഭാഗം കോടതിയിൽ സമ്മതിച്ചിരുന്നു.
ജാമ്യ വിധി അപ്രതീക്ഷിതമെന്നും അഭിഭാഷകരുമായി കൂടിയാലോചിച്ച് തുടർ തീരുമാനമെടുക്കുമെന്നുമാണ് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചത്.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഒളിവിലായിരുന്ന ദിവ്യ ഒക്ടോബർ 29-നാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങിയത്. ദിവ്യയെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്താൻ ഇന്നലെ ചേർന്ന സി.പി.എം ജില്ലാ നേതൃയോഗം സംസ്ഥാന കമ്മിറ്റിയോട് ശിപാർശ ചെയ്തതിന് തൊട്ടടുത്ത മണിക്കൂറുകളിലാണ് കോടതിയിൽനിന്നും പ്രതി ജാമ്യം നേടിയത്.
ജാമ്യം ലഭിച്ചതിന് പിന്നാലെ സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി.വി ഗോപിനാഥും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനും വനിതാ ജയിലിലെത്തി ദിവ്യയെ കണ്ടു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ പി കെ ശ്യാമള, സി.പി.എം നേതാവ് എൻ സുകന്യ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ജാമ്യ വിവരവും പാർട്ടി തീരുമാനവും അറിയിക്കാനാണ് തങ്ങൾ കോടതിയിലെത്തിയതെന്നാണ് അവർ മാധ്യമങ്ങളോട് പറഞ്ഞത്.
ദിവ്യ ഇപ്പോഴും പാർട്ടി കേഡർ തന്നെയാണെന്നും അവരെ കാണാൻ വിലക്കുകളില്ലെന്നും തെറ്റുപറ്റിപ്പോയവരെ കൊല്ലാൻ കഴിയില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പ്രതികരിച്ചിരുന്നു.