കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് സി.പി.എം നേതാവായ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യ എത്തിയത് വളരെ ആസൂത്രണത്തോടെയെന്ന് റിമാൻഡ് റിപോർട്ട്. കുറ്റവാസനയോടും ആസൂത്രണതോടും കൂടിയാണ് ദിവ്യ എത്തിയത്.
പ്രസംഗം ചിത്രീകരിക്കാൻ വീഡിയോഗ്രാഫറെ ഏർപ്പാടാക്കിയത് ദിവ്യയാണ്. പ്രതി ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത് എ.ഡി.എമ്മിന് കടുത്ത മാനസിക പ്രയാസമുണ്ടാക്കി. കരുതിക്കൂട്ടി അപമാനിക്കാനാണ് ദിവ്യ യോഗത്തിനെത്തിയതെന്നും പ്രത്യാഘാതം അറിയാമെന്ന് ഭീഷണി മുഴക്കിയതായും റിപോർട്ടിൽ വ്യക്തമാക്കുന്നു.
പെട്രോൾ പമ്പുമായി ബന്ധപ്പെട്ട ആരോപണ പരാതിയിൽ വ്യക്തമായ മറുപടി നൽകിയില്ലെന്നും പ്രതി അന്വേഷണത്തോട് സഹകരിച്ചില്ലെന്നുൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് റിമാൻഡ് റിപോർട്ടിലുള്ളത്.
എ.ഡി.എമ്മിനുള്ള യോഗത്തിന്റെ ഉപഹാര വിതരണത്തിൽ പങ്കെടുക്കാത്തത് ക്ഷണിച്ചില്ലെന്നതിന് തെളിവാണ്. വേദിയിൽ ഇരിപ്പിടം മറ്റാരോ ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. പ്രതിയുടെ കിമിനൽ മനോഭാവം വെളിവാണ്. കുറ്റവാസനയോടും ആസൂത്രണ മനോഭാവത്തോടും കൂടി കുറ്റകൃത്യം നേരിട്ട് നടപ്പിൽ വരുത്തിയെന്നും അന്വേഷണത്തോട് സഹകരിക്കാതെ ഒളിവിൽ കഴിഞ്ഞെന്നും ദിവ്യ മുമ്പ് പല കേസുകളിലും പ്രതിയാണെന്നന്നും റിമാൻഡ് റിപോർട്ടിൽ പറയുന്നു.
ഇന്നലെയാണ് ദിവ്യയെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ് ജയിലിൽ അടച്ചത്. രണ്ടാഴ്ചത്തെ ഒളിവ് ജീവിതത്തിനിടെ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും പാർട്ടിയുടെയും ദിവ്യയുടെയും ഇംഗിതത്തിനനുസരിച്ചാണ് പോലീസ് കടുത്ത പ്രതിഷേധങ്ങൾക്കിടയിലും നടപടി സ്വീകരിച്ചത്.
എ.ഡി.എം ഒക്ടോബർ 14ന് ജീവനൊടുക്കിയ ക്വാർട്ടേഴ്‌സിൽനിന്ന് 200 മീറ്റർ അകലെയുള്ള കണ്ണൂർ പള്ളിക്കുന്നിലെ സെൻട്രൽ ജയിലിലേക്കുള്ള ദിവ്യയുടെ വരവ് ഒട്ടും കൂസലില്ലാതെയായിരുന്നു. ചിരിയും ആത്മവിശ്വാസവുമൊന്നും ഒട്ടും ചോരാതെ മികച്ച കരുതലിലാണ് സി.പി.എമ്മിന്റെ ഈ യുവവനിതാ നേതാവിനെ പോലീസ് പരിലാളിച്ചത്. കേസെടുത്ത നിമിഷം മുതൽ ദിവ്യയെ ചോദ്യം ചെയ്യുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്യാമായിരുന്നെങ്കിലും പോലീസിന്റെയും സർക്കാറിന്റെയും ഔദാര്യം ആവോളം പ്രതിക്ക് ലഭിച്ചിരുന്നു.
പ്രതിയുടെ സൗകര്യം കണക്കിലെടുത്ത് നിയമ നടപടികൾക്ക് കാവലൊരുക്കിയ പോലീസ്, പ്രതിയെ മാധ്യമങ്ങൾക്കു മുമ്പിൽ കാണിക്കാതെ രക്ഷിക്കാനും പെടാ പാട് പെടുന്നുണ്ടായിരുന്നു. സത്യസന്ധനായ ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥന്റെ ജീവനെടുക്കാൻ കാരണക്കാരിയായ ഒരു നേതാവിനായി പോലീസ് ഇവ്വിധം വിനീതവിധേയരായ ലജ്ജാകരമായ കാഴ്ച എന്തിനാണെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്ന ചോദ്യം. പാർട്ടിക്കൂറാണോ നിയമത്തോടുള്ള കൂറാണോ ഇവിടെ പ്രകടമാവുന്നതെന്നാണ് വിമർശം. അങ്ങനെയെങ്കിൽ എല്ലാ പ്രതികൾക്കും അത് ലഭിക്കണ്ടേ, അതല്ലേ സാമാന്യ മര്യാദയും നീതിയുമെന്നും പൊതുസമൂഹം ചോദിക്കുന്നു.