- പി.പി ദിവ്യക്കെതിരെയുള്ള ഏത് നിയമ നടപടിയും നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ധാർമിക അവകാശമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
കണ്ണൂർ: എം.ഡി.എം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ കേസിൽ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്ന സി.പി.എം നേതാവും ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷയുമായ പി.പി ദിവ്യക്ക് പാർട്ടി സമ്മേളനങ്ങളിൽ വിലക്ക്. സി.പി.എം സംഘടനാ സമ്മേളനങ്ങളിൽ മേൽ കമ്മിറ്റി പ്രതിനിധിയായി ദിവ്യ പങ്കെടുക്കേണ്ടതില്ലെന്നാണ് പാർട്ടിയുടെ തീരുമാനം.
ഇത് പ്രതിഷേധം തണുപ്പിക്കാനും പോലീസ് അറസ്റ്റിൽനിന്നും ദിവ്യയെ രക്ഷിക്കാനുമുള്ള തന്ത്രത്തിന്റെ ഭാഗമാണോ, അതോ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതുപോലെ കൂടുതൽ കടുത്ത നടപടികളിലേക്ക് പാർട്ടി നീങ്ങിയേക്കുമെന്നതിന്റെ സൂചനയാണോ എന്നതിൽ വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളത്. എന്നാൽ, കേസിൽ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി അന്വേഷണത്തെ നേരിടുന്ന ഘട്ടത്തിൽ സമ്മേളനങ്ങളിൽ മേൽകമ്മിറ്റി പ്രതിനിധിയായി പങ്കെടുക്കുന്നത് ശരിയല്ലെന്ന നിലപാടിന്റെ ഭാഗമായാണ് തീരുമാനമെന്നും പറയുന്നു.
ഇന്ന് നടക്കുന്ന വേശാല ലോക്കൽ സമ്മേളനത്തിന്റെ ഉദ്ഘാടകയും സമ്മേളനം നിയന്ത്രിക്കുന്ന ജില്ലാ കമ്മിറ്റി പ്രതിനിധിയായും പി.പി ദിവ്യയെയായിരുന്നു പാർട്ടി നിശ്ചയിച്ചിരുന്നത്. എന്നാൽ, നവീൻ ബാബുവിന്റെ ജീവൻ പൊലിയുന്നതിൽ മുഖ്യ പ്രതിസ്ഥാനത്തുള്ള ദിവ്യയെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു പാർട്ടി നേതൃത്വം. പകരം ജില്ലാ കമ്മിറ്റി അംഗം ഷബ്‌നയെയാണ് പാർട്ടി ചുമതലയേൽപ്പിച്ചത്. തുടർന്നുള്ള സമ്മേളനങ്ങളിലും ദിവ്യയെ തത്കാലം മാറ്റി നിർത്താനാണ് നേതൃ നിർദേശം.
പി.പി ദിവ്യയ്‌ക്കെതിരെ പാർട്ടി തലത്തിലും പോലീസ് തലത്തിലും ശക്തമായ നടപടി വേണമെന്ന് വാദിക്കുന്നവരും സി.പി.എമ്മിലുണ്ട്. എന്നാൽ, ജില്ലാ പഞ്ചായത്ത് സ്ഥാനത്തുനിന്ന് നീക്കിയത് തന്നെ ധാരാളമാണെന്ന് ന്യായീകരിക്കുന്നവരും ഇല്ലാതില്ല.
അതിനിടെ, പി.പി ദിവ്യക്കെതിരെയുള്ള ഏത് നിയമ നടപടിയും നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ധാർമിക അവകാശമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. കുടുംബം ദുഃഖ നിവാരണത്തിന് വേണ്ടി ചെയ്യുന്ന ഏത് മാർഗവും ശരിയാണെന്ന് പത്തനംതിട്ട മലയാലപ്പുഴയിലെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.