കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ റിമാൻഡിലുള്ള സി.പി.എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി ദിവ്യയെ ചോദ്യംചെയ്യലിനു ശേഷം വീണ്ടും ജയിലിലേക്ക് മാറ്റി.
ഇന്ന് രാവിലെ പോലീസ് കസ്റ്റഡിയിൽ വിട്ട ദിവ്യയെ രണ്ടര മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് പോലീസ് പള്ളിക്കുന്നിലെ വനിതാ ജയിലിലേക്ക് വീണ്ടും എത്തിച്ചത്. ആദ്യം കണ്ണൂർ എ.സി.പി രത്‌നകുമാറിന്റെ ഓഫീസിൽ വച്ചും പിന്നീട് ക്രൈംബ്രാഞ്ച് ഓഫീസിൽ വച്ചുമായിരുന്നു അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യൽ.
കോടതി വൈകുന്നേരം അഞ്ചുവരെയായിരുന്നു പോലീസിന് ചോദ്യം ചെയ്യാൻ അനുമതി നൽകിയത്. നിശ്ചിത സമയത്തുതന്നെ വളരെ രഹസ്യമായി പോലീസ് പ്രതിയെ സെൻട്രൽ ജയിലിൽ എത്തിക്കുകയായിരുന്നു. നിർണായകമായ പല കാര്യങ്ങളിലും കൂടുതൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യലിൽ പോലീസ് ശ്രമിച്ചതെന്നാണ് വിവരം. എന്നാൽ, അതിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
കേസിൽ ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ദിവ്യയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യ എത്തിയതും വീഡിയോ ഗ്രാഫറെ ഏർപ്പാടാക്കിയതും ദൃശ്യങ്ങൾ പ്രചരിപ്പിച്ചതുമെല്ലാം തികഞ്ഞ ആസൂത്രണത്തോടെയാണെന്ന് പോലീസ് റിമാൻഡ് റിപോർട്ടിൽ വ്യക്തമാക്കിയതാണ്.
എന്നാൽ, എ.ഡി.എം നവീൻ ബാബുവിനെതിരായ ആരോപണത്തിൽ കൃത്യമായ മറുപടിയോ തെളിവുകളോ ദിവ്യ നൽകിയിട്ടില്ല. ഇത് കൂടാതെ പെട്രോൾ പമ്പിന് പിന്നിലെ ബിനാമി ഇടപാടിൽ ദിവ്യയുടെ താൽപര്യം, പ്രോട്ടോക്കോൾ ലംഘിച്ച് എ.ഡി.എമ്മിനെതിരേ തിരിയാൻ ദിവ്യയെ പ്രേരിപ്പിച്ച ഘടകങ്ങൾ, ഉത്തരവാദപ്പെട്ട രീതിയിൽ പരാതി നൽകാത്തതിന്റെ കാരണം അടക്കമുള്ള വിഷയങ്ങളിലും പ്രതിയിൽനിന്നും അന്വേഷണ സംഘത്തിന് കൂടുതൽ വ്യക്തത ലഭിക്കേണ്ടതുണ്ട്.
ഇന്ന് രാവിലെയാണ് പ്രതിയെ രണ്ടുദിവസത്തെ ചോദ്യം ചെയ്യലിനായി പോലീസ് കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുൻപാകെ കസ്റ്റഡി അപേക്ഷ നൽകിയത്. തുടർന്ന് വനിതാ ജയിലിൽ നിന്ന് ദിവ്യയെ കോടതിയിൽ എത്തിച്ച് വൈകുന്നേരം അഞ്ചുവരെ പോലീസ് കസ്റ്റഡിയിൽ വിടാൻ മജിസ്‌ട്രേറ്റ് അനുവദിക്കുകയായിരുന്നു. കസ്റ്റഡിയിൽ കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കെല്ലാം മൗനം മാത്രമായിരുന്നു ദിവ്യയുടെ മറുപടി.
അതേസമയം ദിവ്യയുടെ ജാമ്യാപേക്ഷയിലെ സാങ്കേതിക നടപടിക്രമങ്ങൾ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പൂർത്തിയാവുകയാണ്. നവീൻ ബാബുവിന്റെ കുടുംബവും കേസിൽ കക്ഷി ചേരുന്നുണ്ട്. ജാമ്യാപേക്ഷ ചൊവ്വാഴ്ചയാണ് കോടതി പരിഗണിക്കുക.