കോഴിക്കോട്: വടകര ലോക്‌സഭ തെരഞ്ഞെടുപ്പിലെ വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ പോലീസ് കോടതിയിൽ റിപോർട്ട് സമർപ്പിച്ചു. ഇന്ന് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് പോലീസ് റിപോർട്ട് സമർപ്പിച്ചത്.
കേസുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധനകളുടെ ഫലം കിട്ടിയിട്ടില്ലെന്നും ഇതിനു വേണ്ടി കാത്തിരിക്കുകയാണെന്നുമാണ് റിപോർട്ടിലുള്ളതെന്നാണ് വിവരം. അന്വേഷണം പുരോഗമിക്കുകയാണെന്നും 24 പേരുടെ മൊഴി എടുത്തിട്ടുണ്ടെന്നും റിപോർട്ടിലുണ്ട്. കേസ് ഈമാസം 29ന് കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് പോലീസ് അന്വേഷണ റിപോർട്ട് സമർപ്പിച്ചത്. അന്വേഷണ റിപോർട്ട് വൈകുന്നതിൽ കോടതി നേരത്തെ പോലീസിന് അന്ത്യശാസനം നൽകിയിരുന്നു.
കേസിൽ പലരുടെയും ഫോൺ പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചെങ്കിലും ഇവയുടെ പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
കേസിൽ പോലീസ് അലംഭാവം കാട്ടുന്നുവെന്നാരോപിച്ച് എം എസ് എഫ് പ്രവർത്തകൻ മുഹമ്മദ് കാസിം നൽകിയ പരായിലാണ് കോടതി അന്വേഷണ റിപോർട്ട് തേടിയത്.
‘ഷാഫി അഞ്ചുനേരം നിസ്‌കരിക്കുന്ന ദീനിയായ ചെറുപ്പക്കാരനാണ്. മറ്റേതോ കാഫിറായ സ്ത്രീ സ്ഥാനാർത്ഥിയാണ്…’ എന്നു പറഞ്ഞ് സമൂഹത്തിൽ വിഭാഗീതയും മത സ്പർധയുമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനായിരുന്നു ചിലർ സ്‌ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്. മതസ്പർധയ്ക്ക് ഇടയാക്കുന്ന ‘കാഫിർ സ്‌ക്രീൻ ഷോട്ട്’ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെതിരേ ആയുധമാക്കി ഇടത് പ്രൊഫൈലുകളിലാണ് ആദ്യം പ്രചരിച്ചിരുന്നത്. തുടർന്നാണ് എം.എസ്.എഫ് പ്രവർത്തകനെതിരേ പോലീസ് കേസെടുത്തത്. എന്നാൽ, ഇതിന് പിന്നിൽ ഉദ്ദേശിച്ച കേന്ദ്രങ്ങളല്ലെന്ന് വന്നതോടെ എം.എസ്.എഫ് പ്രവർത്തകന് എതിരായ കേസ് പോലീസ് പിൻവലിക്കുകയും, സി.പി.എം പഴയ ആവേശം വെടിയുകയുമായിരുന്നു.
ഇടതുപക്ഷത്തെ കനത്ത പ്രതിരോധത്തിലാക്കുംവിധമായിരുന്നു തുടർ വെളിപ്പെടുത്തലുകളും വിവാദങ്ങളും. ഇതേ തുടർന്നാണ് പോലീസ് തുടർ അന്വേഷണത്തിൽ അമാന്തം കാണിച്ചതെന്നാണ് വിമർശം. വിവിധ ഇടത് സൈബർ ഗ്രൂപ്പുകളുടെ അഡ്മിൻമാരുടെയും മറ്റും ഫോൺ യഥാസമയം പിടിച്ചെടുത്ത് കേസിന് തുമ്പുണ്ടാക്കാൻ പോലീസ് ആത്മാർത്ഥമായ ശ്രമം നടത്തിയില്ലെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങളുടെ ആരോപണം. എന്നാൽ, കുറ്റവാളികൾ ആരായാരാലും ശിക്ഷിക്കപ്പെടണമെന്ന് പിന്നീട് സി.പി.എം നേതൃത്വം പ്രതികരിച്ചിരുന്നു.