- ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് കണ്ണൂർ റേഞ്ച് റേഞ്ച് ഡി.ഐ.ജി മേൽനോട്ട ചുമതല വഹിക്കും. എ.ഡി.ജി.പി മനോജ് അബ്രഹാമിന്റെ നിർദേശാനുസരണമാണ് പുതിയ സംഘത്തെ നിയോഗിച്ചത്.
തിരുവനന്തപുരം/കണ്ണൂർ: എ.ഡി.എം കെ നവീൻ ബാബുവിന്റെ മരണത്തിൽ പ്രത്യേക പോലീസ് സംഘത്തിന് അന്വേഷണം കൈമാറി. കണ്ണൂർ ജില്ലാ പോലീസ് മേധാവി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. കണ്ണൂർ റേഞ്ച് ഡി.ഐ.ജിക്ക് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല നൽകിയിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് അബ്രഹാമിന്റെ നിർദേശാനുസരണമാണ് പുതിയ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
ഇതുവരെ കണ്ണൂർ ടൗൺ പോലീസാണ് കേസ് അന്വേഷിച്ചത്. നിലവിൽ കേസന്വേഷിക്കുന്ന കണ്ണൂർ ടൗൺ പോലീസ് എസ്.എച്ച്.ഒമാരായ ശ്രീജിത്ത് കോടേരി, സനൽ കുമാർ, എസ്.ഐമാരായ നവ്യ സജി, രേഷ്മ, സൈബർ സെൽ എഎസ്.ഐ ശ്രീജിത്ത് എന്നിവരാണ് പുതിയ അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങൾ.
എ.ഡി.എമ്മിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട സി.പി.എം നേതാവും ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷയുമായ പി.പി ദിവ്യയെ ഇതുവരെയും അറസ്റ്റ് ചെയ്യാൻ പോലീസിനായിട്ടില്ല. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ 29ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയാനിരിക്കെ, ഒളിജീവിതം തുടരുകയാണ് പ്രതി.
നവീൻ ബാബു മരിച്ച് പത്തുദിവസമായിട്ടും ദിവ്യയെ ചോദ്യം ചെയ്യാനോ അറസ്റ്റ് രേഖപ്പെടുത്താനോ പോലീസിനാകാത്തത് പിണറായി സർക്കാറിന്റെ പ്രതിയുമായുള്ള നാണംകെട്ട ഒത്തുതീർപ്പിന്റെ ഭാഗമാണെന്ന ആരോപണം ശക്തമാണ്. പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും കുറ്റവാളികളെ സംരക്ഷിക്കില്ലെന്നും ഞങ്ങൾ നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്നും പറയുമ്പോഴും കേസിൽ പ്രതിചേർക്കപ്പെട്ട ദിവ്യക്കു നേരെ നീങ്ങാൻ പോലീസിനോ അന്വേഷണ സംഘത്തിനോ സാധിക്കുന്നില്ല. ഇത് സർക്കാറിനും പാർട്ടിക്കും വൻ ക്ഷീണമാവുന്നുണ്ട്.
സംഭവത്തിൽ പാർട്ടിയെയും സർക്കാറിനെയും പ്രതിരോധത്തിലാക്കുന്ന വിമർങ്ങൾ ഉയരുന്നുണ്ടെങ്കിലും മുൻകൂർ ജാമ്യ ഹരജയിൽ വിധി വരുന്നതുവരെ ദിവ്യയെ ഒളിപ്പിക്കാനുള്ള നീക്കുപോക്കുകളാണ് തുടരുന്നത്. ഇതിനിടെയാണ് പ്രത്യേക പോലീസ് അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയത്.