തിരുവനന്തപുരം: മാലമോഷണ ആരോപണത്തിന്റെ പേരില്‍ ദലിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ പേരൂര്‍ക്കട എസ്.ഐ പ്രസാദിനെ സസ്‌പെന്‍ഡ് ചെയ്തു. ജിഡി ചാര്‍ജുള്ള പൊലീസുകാരെ സ്ഥലംമാറ്റാനും തീരുമാനമായി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയതിനെ തുടര്‍ന്ന് നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ പേരൂര്‍ക്കട പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി വിലയിരുത്തി. മന്ത്രി ഒ.ആര്‍. കേളു വകുപ്പുതല അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു.
എസ്.ഐക്കെതിരായ നടപടിയില്‍ സന്തോഷമുണ്ടെന്ന് ബിന്ദു പ്രതികരിച്ചു. എന്നാല്‍, തന്നെ ക്രൂരമായി പീഡിപ്പിച്ച സിവില്‍ പൊലീസ് ഓഫിസര്‍ പ്രസന്നനുള്‍പ്പെടെ മറ്റ് രണ്ട് പൊലീസുകാര്‍ക്കെതിരെയും നടപടി വേണമെന്ന് ബിന്ദു ആവശ്യപ്പെട്ടു. ബിന്ദുവിന്റെ വീട് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് സന്ദര്‍ശിച്ചു.
കഴിഞ്ഞ മാസം 23-ന് ബിന്ദു ജോലി ചെയ്തിരുന്ന അമ്പലമുക്കിലെ വീട്ടില്‍നിന്ന് 2.5 പവന്റെ മാല മോഷണം പോയെന്ന് ഉടമ പരാതിപ്പെട്ടു. പൊലീസ് ബിന്ദുവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് 20 മണിക്കൂറോളം വെള്ളം പോലും നല്‍കാതെ ചോദ്യംചെയ്തു. വനിതാ പൊലീസ് ദേഹപരിശോധന നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല. എന്നിട്ടും അസഭ്യവാക്കുകളോടെ പീഡനം തുടര്‍ന്നു. ”മാല എടുത്തിട്ടില്ലെന്ന് പറഞ്ഞിട്ടും എന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി. പെണ്‍മക്കളെ വരെ അവഹേളിച്ചു,” ബിന്ദു പറഞ്ഞു.
സിവില്‍ പൊലീസ് ഓഫിസറായ പ്രസന്നനാണ് ഏറ്റവും കൂടുതല്‍ മാനസികമായി പീഡിപ്പിച്ചതെന്ന് ബിന്ദു പറയുന്നു. വെള്ളം ചോദിച്ചപ്പോള്‍ ബാത്ത്റൂമില്‍ പോയി കുടിക്കാന്‍ ഈ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നും ബിന്ദു വ്യക്തമാക്കി. രാത്രി മുഴുവന്‍ ചോദ്യം ചെയ്തുവെന്നും കുടിക്കാന്‍ തുള്ളിവെള്ളം പോലും നല്‍കിയില്ലെന്നും കണ്ണിരോടെ ബിന്ദു പറയുന്നു. തന്റെ നിറവും ജാതിയുമാണ് ക്രൂരമായ പീഡനത്തിനു കാരണമായതെന്നും ബിന്ദു കുറ്റപ്പെടുത്തി.
ഒടുവില്‍, മാല ഉടമയുടെ വീട്ടില്‍നിന്ന് തന്നെ കണ്ടെത്തി. എന്നാല്‍, ബിന്ദുവിനെതിരായ എഫ്.ഐ.ആര്‍ പൊലീസ് റദ്ദാക്കിയില്ല. പരാതിയുമായി മുഖ്യമന്ത്രിയുടെ ഓഫിസില്‍ എത്തിയപ്പോള്‍ കോടതിയില്‍ പോകാനാണ് നിര്‍ദേശിച്ചത്. പി.ശശി പരാതി വാങ്ങി മേശപ്പുറത്തേക്കിട്ടുവെന്നും വായിച്ചു നോക്കാന്‍ പോലും തയാറായില്ലെന്നും ബിന്ദു പറയുന്നു. വീട്ടുകാര്‍ പരാതി നല്‍കിയാല്‍ പൊലീസ് വിളിപ്പിക്കും അതിന് ഇവിടെ പരാതിപ്പെട്ടിട്ടു കാര്യമില്ലെന്നും മറുപടി നല്‍കി. പരാതിയുണ്ടെങ്കില്‍ കോടതിയില്‍ പോകാനും പി.ശശി ആവശ്യപ്പെട്ടുവെന്ന് ബിന്ദു പറയുന്നു. അഭിഭാഷകനൊപ്പമാണ് പരാതി നല്‍കാന്‍ പോയതെന്നും ബിന്ദു വ്യക്തമാക്കി. അതേസമയം, പരാതിയെ ഗൗരവത്തോടെയാണ് സമീപിച്ചതെന്നും പൊലീസുകാര്‍ക്കെതിരെ നടപടിക്കു നിര്‍ദേശിച്ചുവെന്നും പി.ശശി പ്രതികരിച്ചു.
കൂലിവേലക്കാരനായ ഭര്‍ത്താവും പ്ലസ് ടു, പത്താം ക്ലാസില്‍ പഠിക്കുന്ന രണ്ട് മക്കളും അടങ്ങുന്നതാണ് ബിന്ദുവിന്റെ കുടുംബം. വീടുകളിലും ഫ്‌ലാറ്റുകളിലും ജോലി ചെയ്താണ് ബിന്ദു കുടുംബം പോറ്റുന്നത്.