- നടി ഓഡിഷനെന്ന് പറഞ്ഞ് ചെന്നൈയിലെത്തിച്ച് നിരവധി പേർക്ക് കാഴ്ചവെച്ചെന്ന് യുവതി
കൊച്ചി: കൊല്ലം എം.എൽ.എ എം മുകേഷ് ഉൾപ്പെടെയുള്ള നടന്മാർക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച നടിക്കെതിരെ പോക്സോ കേസ് ചുമത്തി. ബന്ധുവായ യുവതിയുടെ പരാതിയിലാണ് മൂവാറ്റുപുഴ പോലീസിന്റെ നടപടി.
യുവതിയുടെ മൊഴിയെടുത്ത ശേഷമാണ് പരാതിക്കാരിയായ നടിക്കെതിരേ പോക്സോ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തത്. തനിക്ക് 16 വയസുള്ള സമയത്ത് സിനിമയിൽ ഓഡിഷനെന്ന് പറഞ്ഞ് നടി ചെന്നൈയിലെത്തിച്ച് നിരവധി പേർക്ക് കാഴ്ചവെച്ചെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. ഒരുപാട് ബഹളം വെച്ചും കരഞ്ഞുമാണ് അവിടെ നിന്നും രക്ഷപ്പെട്ടതെന്നും യുവതി പറഞ്ഞു.
ഒരുപാട് പെൺകുട്ടികളെ ഇങ്ങനെ കൊണ്ടുവന്നിട്ടുണ്ടെന്നും, അവരൊക്കെ ഹാപ്പിയാണെന്നും, നീയൊന്ന് കണ്ണടച്ചാൽ നമുക്കെല്ലാവർക്കും നല്ല രീതിയിൽ സെറ്റിലാകാൻ പറ്റുമെന്നും നടി പറഞ്ഞതായി യുവതി പോലീസിന് മൊഴി നൽകി. മുകേഷിനെതിരെ പരാതി കൊടുത്ത സ്ത്രീ സെക്സ് മാഫിയയുടെ ആളാണെന്നും യുവതി ആരോപിച്ചു.
യുവതി സംസ്ഥാന പോലീസ് മേധാവിക്ക് അയച്ച പരാതി ഡി.ജി.പി മൂവാറ്റുപുഴ പോലീസിന് കൈമാറുകയായിരുന്നു. അതിലാണിപ്പോൾ നടിക്കെതിരേ പോലീസ് നടപടിയുണ്ടായത്. നടന്മാരായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു തുടങ്ങിയവർക്കെതിരെയാണ് നടി ലൈംഗിക പീഡന പരാതി നൽകിയത്. ഇതിൽ കേസെടുത്ത് പോലീസ് നടപടികൾ പുരോഗമിക്കവെയാണ് നടിക്കെതിരേ പോക്സോ കേസുണ്ടായത്.