കണ്ണൂർ: നിലമ്പൂർ എം.എൽ.എ പി.വി അൻവർ മുഖ്യമന്ത്രിക്കെതിരെയും പാർട്ടി നേതൃത്വത്തിനെതിരെയും തൊടുത്ത കൂറ്റൻ അസ്ത്രങ്ങളിൽ പ്രതികരണവുമായി ‘പോരാളി ഷാജി’യും.
തെറ്റുകൾ തിരുത്താനുള്ളതാണ്, ബംഗാളിലെ ഗതി കേരളത്തിനുണ്ടാവരുതെന്നും സി.പി.എം സൈബർ ഗ്രൂപ്പായ ‘പോരാളി ഷാജി’ മുന്നറിയിപ്പ് നൽകുന്നു. മസിൽ പിടിച്ചു നിന്നതുകൊണ്ടായില്ലെന്നും നേതാക്കൾ അല്ല പാർട്ടിയെന്നും പോരാളി ഷാജി ഓർമിപ്പിക്കുന്നു.
220 എം.എൽ.എമാരും 32 എം.പിമാരും സി.പി.എമ്മിനുണ്ടായിരുന്ന ബംഗാളിൽ ഇന്നത്തെ അവസ്ഥക്ക് കാരണം നേതാക്കളാണെന്നും അത് കേരളത്തിലെ നേതാക്കളും തിരിച്ചറിയണമെന്നാണ് എഫ്.ബി പോസ്റ്റിലെ ആവശ്യം. നേതാക്കളിൽ ഏതാണ്ട് എല്ലാവരും ഇപ്പോഴും സി.പി.എമ്മിൽ തന്നെ ഉള്ളപ്പോൾ അണികളാണ് ബംഗാളിലും ത്രിപുരയിലും നഷ്ടമായതെന്നും അണികൾ എതിരായാൽ പിന്നെ നേതാക്കൾക്ക് പുല്ലുവിലയെന്നും കുറിപ്പ് വ്യക്തമാക്കുന്നു.
‘പോരാളി ഷാജി’യുടെ കുറിപ്പ് ഇങ്ങനെ:
ബംഗാളിൽ 220 എം എൽ എ മാരും 32 എം പി മാരും ഉണ്ടായിരുന്നു സി പി ഐ എമ്മിന്.
ത്രിപുരയിൽ 50 ലധികം എം എൽ എ മാരും രണ്ടു എംപിമാരും.
ആ നേതാക്കളിൽ ഏതാണ്ട് എല്ലാവരും ഇപ്പോഴും സി പി ഐ എം തന്നെ. എന്നിട്ടും എങ്ങിനെ 48 ശതമാനം വോട്ടിൽ നിന്നും 6 ശതമാനത്തിലേക്ക് കൂപ്പുകുത്തി ???
നേതാക്കൾ അല്ല പാർട്ടി. അണികൾ എതിരായാൽ പിന്നെ നേതാക്കൾക്ക് പുല്ലുവില.
തെറ്റുകൾ തിരുത്താനുള്ളതാണ്. മസിൽ പിടിച്ചു നിന്നത്കൊണ്ടായില്ല.