മുൻ കേന്ദ്രമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പരേതനായ ഇ.അഹമ്മദ് സാഹിബിന് എതിരായ പ്രചാരണത്തിൽ ലീഗ് നേതാവ് പി.എം സാദിഖലി എഴുതിയ കുറിപ്പ്.
മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി തഹാവൂർ റാണയെ വിചാരണക്കായി ഇന്ത്യക്ക് വിട്ടു കിട്ടിയതിൽ ആഹ്ലാദിക്കുന്നവരും അഭിമാനിക്കുന്നവരുമാണ് നാം ഓരോരുത്തരും. പത്തോളം തോക്കുധാരികൾ ലോകത്തെ മുൾമുനയിൽ നിർത്തി നടത്തിയ 2008 ലെ (26/11) ആ ഭീകരാക്രമണം ഏകദേശം 3 ദിവസം നീണ്ടു നിന്നു. “ഞാൻ ഇന്ത്യക്കാരനാണ്, ഇന്ത്യാക്കാരനാണ്” എന്ന് ആവർത്തിച്ച് എൻ.ഡി.ടി.വിക്ക് മുമ്പിൽ വിളിച്ചു പറയുന്ന 80 വയസ് തോന്നിക്കുന്ന മുംബൈയിലെ ഒരു മുസ്‌ലിം വൃദ്ധൻ്റെ അന്നത്തെ ദൈന്യതയാർന്ന മുഖം ഇപ്പോഴും ഓർമയുണ്ട്. 166 പേർ കൊല്ലപ്പെടുകയും ഏകദേശം മൂന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആ കനത്ത ആഘാതത്തിൽ നിന്ന് മുംബൈ നഗരവും രാജ്യവും ഞൊടിയിട കൊണ്ടാണ് കരകയറിയത്.
ശിക്ഷിക്കപ്പെട്ട ഏക പ്രതി പാകിസ്ഥാൻകാരനായ അജ്മൽ കസബ് ആണ്. ഈ ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച പാക്ക് കരങ്ങൾ പുറത്ത് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുടെ വലിയ വിജയമാണ് തഹാവൂർ റാണയെ ഇന്ത്യയിലേക്ക് കൊണ്ട് വന്നതിലൂടെ സാധ്യമാകാൻ പോകുന്നത്. രാജ്യത്തെ നടുക്കിയ ആ ആക്രമണത്തിലെ കൊടും കുറ്റവാളികൾക്ക് അർഹമായ ശിക്ഷ തന്നെ ലഭിക്കും എന്ന് പ്രതീക്ഷിക്കാം. പക്ഷെ, ഇതിൻ്റെ മറവിൽ കേന്ദ്ര വിശേകാര്യ സഹമന്ത്രിയും ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് പ്രസിഡണ്ടുമായിരുന്ന ഇ അഹമ്മദ് സാഹിബിനെ കൂട്ടിക്കെട്ടി നടക്കുന്ന കള്ള പ്രചാരണങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കുന്നതിനാണ് ഈ കുറിപ്പ് എഴുതുന്നത്.
താഹാവൂർ റാണയുടേയും ഡേവിഡ് കോൾമാൻ ഹെഡ്ലിയുടേയും യഥാർത്ഥ പാക് ബന്ധങ്ങൾ വിവരിച്ചും കൊഴുപ്പേകാൻ കേരളത്തിൽ നിന്നുള്ള, മലബാറിൽ നിന്നുള്ള കേന്ദ്രമന്ത്രി എന്ന് കൂട്ടിച്ചേർത്തുമാണ് ഒരു ഓൺലൈൻ ചാനൽ അഹമ്മദ് സാഹിബിനെ ആക്ഷേപിക്കാൻ മുതിരുന്നത്. ശേഷം ഇതിന്റെ ചുവട് പിടിച്ച് അഹമ്മദ് സാഹിബിൻ്റെ ഫോട്ടോയിൽ രാജ്യദ്രോഹി എന്ന് മുദ്രകുത്തി വ്യാപകമായ വാട്സാപ്പ് പ്രചാരണവും നടക്കുന്നുണ്ട്. തഹാവൂർ റാണക്ക് ഇന്ത്യയിൽ എത്തുന്നതിനും വിശേഷിച്ച് കൊച്ചി സന്ദർശിക്കുന്നതിനും ഒത്താശ ചെയ്തത് അന്നത്തെ എമിഗ്രേഷൻ വകുപ്പാണെന്നും ഇത് വിദേശകാര്യ വകുപ്പിന് കീഴിലാണെന്നും ഇതിന് ചുക്കാൻ പിടിച്ചത് അഹമ്മദ് സാഹിബ് ആയിരുന്നുവെന്ന തരത്തിലാണ് ആരോപണം ഉന്നയിക്കുന്നത്.

യഥാർത്ഥത്തിൽ എമിഗ്രേഷൻ വകുപ്പ് ഒരു ഘട്ടത്തിലും ഇന്ത്യയിൽ (ലോകത്തെ ഏതൊരു രാജ്യത്തും) വിദേശ കാര്യ വകുപ്പിന് (മിനിസ്റ്റിറി ഓഫ് എക്സ്റ്റേണൽ അഫയേഴ്സ് MEA )കീഴിലല്ല. അത് അന്നും ഇന്നും ഹോം ഡിപ്പാർട്ട്മെൻ്റിന് (ആഭ്യന്തര വകുപ്പ്) കീഴിലാണ്. എമിഗ്രേഷനുമായി ബന്ധപ്പെട്ട മറ്റു കൂടുതൽ വിശദാംശങ്ങൾ ആവശ്യമായി വരുമ്പോൾ നടപടി സ്വീകരിച്ചിരുന്നത് അന്ന് മിനിസ്റ്ററി ഓഫ് ഓവർസീസ് ഇന്ത്യൻ അഫയേഴ്സ് എന്ന മറ്റൊരു പ്രത്യേക വകുപ്പായിരുന്നു. ഇത് കൈകാര്യം ചെയ്തതാകട്ടെ അഹമ്മദ് സാഹിബായിരുന്നില്ല, കേരളത്തിൽ നിന്നുള്ള മറ്റൊരു മന്ത്രിയാണ്. പകൽവെളിച്ചം പോലെയുള്ള ഈ സത്യം മറച്ചുവെച്ചു കൊണ്ടാണ് ആദരണീയനായ അഹമ്മദ് സാഹിബിനെതിരെ അപവാദങ്ങൾക്ക് ഇപ്പോൾ ചിലർ മുതിരുന്നത്.
അഹമ്മദ് സാഹിബ് പറഞ്ഞുതന്ന ഒരു അനുഭവകഥയുണ്ട്. മുസ്‌ലിം ലീഗിൻ്റെ വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരിക്കെ, അദ്ദേഹത്തിന് പാക്കിസ്ഥാനിൽ നടക്കുന്ന ലോക വിദ്യാർത്ഥി സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ക്ഷണം ലഭിക്കുകയുണ്ടായി. അനുവാദത്തിനായി അദ്ദേഹം സി എച്ച് മുഹമ്മദ് കോയ സാഹിബിനെ സമീപിച്ചപ്പോൾ സി.എച്ച് ആ ആവശ്യം നിരസിച്ചു. ഒരു മുസ്‌ലിം ലീഗ് പ്രതിനിധി പാക്കിസ്ഥാനിലേക്ക് പോകുന്നത് ആക്ഷേപങ്ങൾക്കും ആരോപണങ്ങൾക്കും വഴിവെക്കുമെന്നും അത് നമ്മുടെ യഥാർത്ഥ ലക്ഷ്യങ്ങളെ തളർത്തുമെന്നും സി എച്ച് ഉപദേശിച്ചു. ലോക വിദ്യർത്ഥി സമ്മേളനത്തിൻ്റെ ആവേശം കെടുത്തിയതിൽ നിരാശ തോന്നിയ അഹമ്മദ് സാഹിബിനോട് സി.എച്ച് പറഞ്ഞു. “പാക്കിസ്ഥാനിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിയായി ഒരു മുസ്‌ലിം ലീഗുകാരൻ പോകുന്ന കാലംവരും”.
പാക്കിസ്ഥാൻ പല ഘട്ടങ്ങളിലും വലിയ ദുരന്തങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ ശത്രുത മറന്ന് ഇന്ത്യ അങ്ങോട്ട് സഹായഹസ്തം നീട്ടിയിട്ടുണ്ട്. 2005 ൽ പാക്കിസ്ഥാനിൽ വലിയ ഭൂകമ്പം ഉണ്ടായപ്പോൾ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിയായി പാക്കിസ്ഥാനിലേക്ക് സഹായധനവും മറ്റും എത്തിക്കാൻ വിദേശകാര്യ സഹമന്ത്രിയായ അഹമ്മദ് സാഹിബിന് അവസരം ലഭിക്കുകയുണ്ടായി. സി.എച്ചിൻ്റെ ദീർഘദർശിത്വവും മഹത്വവും ഉണർത്തുന്നതിന് വേണ്ടിയാണ് അഹമ്മദ് സാഹിബ് ഇത്രയും പറഞ്ഞു തന്നത്.
ആദ്യകാല മുസ്‌ലിം ലീഗ് നേതാക്കൾ പകർന്ന് നൽകിയ സുതാര്യതയും സൂക്ഷ്മതയും ജീവിതാന്ത്യം വരെ നിലനിർത്തി പോന്ന മഹാനായ ഒരു രാജ്യസ്നേഹിയായിരുന്നു അഹമ്മദ് സാഹിബ്. അത്തരം ഒരു നേതാവിൽ നിന്ന് ഒരിക്കലും ഇങ്ങനെ ഒരു വീഴ്ച സംഭവിക്കില്ല.
വി.കെ. കൃഷ്ണമേനോൻ കഴിഞ്ഞാൽ വാജ്പേയിയുടെ കാലം മുതൽ ഐക്യരാഷ്ട്ര സഭയിൽ ഏറ്റവും കാലം ഇന്ത്യയെ പ്രതിനിധീകരിച്ച മികച്ച ഡിപ്ലോമാറ്റ് കൂടിയായിരുന്നു അദ്ദേഹം. ഒടുവിൽ പാർലമെൻ്റ് മന്ദിരത്തിനകത്ത് കുഴഞ്ഞു വീണ് മരിക്കുമ്പോൾ ആ മഹാനായ നേതാവിനോട് മോഡി ഗവണ്മെൻ്റ് ചെയ്തതെന്ത് എന്ന് നാമെല്ലാവരും കണ്ടതാണ്. എന്നിട്ടും മതിവരാതെയാണ്, മരിച്ചു മൺമറഞ്ഞ് പോയ ആ മനുഷ്യനു നേരെ ഇപ്പോഴും ആക്രോശങ്ങൾക്ക് മുതിരുന്നത്. സംഘ്പരിവാറിൻ്റെ മൂശയിൽ വാർത്തെടുക്കുന്ന ഇത്തരം കുതന്ത്രങ്ങളെ എല്ലാ രാജ്യസ്നേഹികളും തിരിച്ചറിയേണ്ടതുണ്ട്. പൊതു ഇടങ്ങളിൽ നിന്നും മുഖ്യധാര മാധ്യമങ്ങളിൽ നിന്നും മാറിനിന്ന് സാധാരണ ജനങ്ങളിൽ വിഭാഗീയതയും വിദ്വേഷവും പടർത്തി ധ്രുവീകരണം നടത്താനുള്ള ബോധപൂർവമായ ഹീനശ്രമങ്ങൾ എല്ലാവരും ചെറുത്ത് തോല്പിക്കേണ്ടതുണ്ട്.
പി.എം.സാദിഖലി