തിരുവനന്തപുരം: കേരളം കാത്തിരുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമർപ്പിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉൽസവ പ്രതീതിയിലാണ് വിഴിഞ്ഞം. രാവിലെ 11 മണിക്കാണ് ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരിക്കും ചടങ്ങ് നടക്കുക.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, സംസ്ഥാന മന്ത്രിമാരായ വി.എന്‍. വാസവന്‍, സജി ചെറിയാന്‍, ജി.ആര്‍. അനില്‍, ഗൗതം അദാനി, കരണ്‍ അദാനി, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾടെയുള്ള പ്രമുഖര്‍ പങ്കെടുക്കും.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് ചടങ്ങുകൾ നടക്കുക. 10.30ന് ഹെലികോപ്റ്റര്‍ മാര്‍ഗം വിഴിഞ്ഞത്തെത്തുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദി എം.എസ്.സിയുടെ കൂറ്റന്‍ കപ്പലായ സെലസ്റ്റിനോ മരസ്കായെ ബര്‍ത്തിലെത്തി സ്വീകരിക്കും. തുടര്‍ന്ന് തുറമുഖം സന്ദര്‍ശിക്കുന്ന മോദി 11 മണിക്ക് പൊതു സമ്മേളനവേദിയിലെത്തി ഉദ്ഘാടനം നിർവഹിക്കും.
ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചു. രാജ്ഭവനിലാണ് ഇന്നലെ പ്രധാനമന്ത്രി താമസിച്ചത്. തുറമുഖത്തേക്ക് ജനങ്ങൾക്ക് രാവിലെ ഏഴുമുതൽ 9.30 വരെ പ്രവേശനമുണ്ടാകും. രാവിലെ ആറ് മണിമുതൽ ഉച്ചക്ക് രണ്ട് വരെ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ട്.
ഉച്ചക്ക് 12.30ക്ക് ചടങ്ങുകള്‍ പൂര്‍ത്തിയാവും. അതിനു ശേഷം പ്രധാനമന്ത്രി ആന്ധ്രപ്രദേശിലേക്ക് മടങ്ങും. അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ല.