തിരുവനന്തപുരം– വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മീഷന്‍ ചെയ്യുന്നതിനായി പ്രധാനമന്ത്രി കേരള സന്ദര്‍ശനം നടത്താനിരിക്കെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി. വിമാനത്താവളത്തിലേക്ക് നേരിട്ടാണ് ഭീഷണി സന്ദേശം ലഭിച്ചത്. 24 മണിക്കൂറിനുള്ളില്‍ സ്‌ഫോടനം നടത്തുമെന്നാണ് സന്ദേശം. ശുചി മുറിയിലും എക്‌സിറ്റ് പോയിന്റിലും ബോംബ് സ്ഥാപിക്കുമെന്നായിരുന്നു ഭീഷണി. ഇന്നലെ രാത്രിയോടെ മൂന്ന് ഭീഷണ സന്ദേശങ്ങളാണ് ഇമെയില്‍ വഴി ലഭിച്ചത്.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്‍ മുജാഹിദീന്‍ ഏറ്റെടുക്കുന്നുവെന്നും സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ഭീഷണി സന്ദേശത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ വ്യാപക പരിശോധന നടത്തി. മെയ് 2വരെ വിമാനത്താവളത്തില്‍ പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മൂന്നാഴ്ചയില്‍ കൂടുതലായി സംസ്ഥാനത്തെ പലയിടങ്ങളിലായി ബോംബ് ഭീഷണിയുണ്ടെന്ന് വ്യാജ സന്ദേശങ്ങള്‍ വരുന്നുണ്ട്. വരും ദിവസങ്ങളില്‍ അവസാനഘട്ട ടിക്കറ്റ് ബുക്കിങ് സ്വീകരിക്കില്ലെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി കേരളത്തിലെത്തുന്നതിന്റെ ഭാഗമായി വ്യാഴം, വെള്ളി ദിവസങ്ങളില്‍ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. മെയ് ഒന്ന് വ്യാഴായ്ച ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ രാത്രി പത്ത് മണിവരെയും വെള്ളിയാഴ്ച രാവിലെ ആറര മുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെയുമാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.