മലപ്പുറം: ആരെയെങ്കിലും ആക്ഷേപിച്ച് സംസാരിക്കുന്നത് മുസ്‌ലിം ലീഗ് നിലപാട് അല്ലെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സമസ്ത അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരായ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിന്റെ പരോക്ഷ വിമർശം സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
ഇത്തരം നിലപാട് ആരിൽനിന്ന് ഉണ്ടായാലും എതിർക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നേരത്തേ ഉമർ ഫൈസി മുക്കം ഇത്തരം പരാമർശങ്ങൾ നടത്തിയപ്പോഴും പാർട്ടി എതിർത്തിരുന്നു. ഇതുപോലുള്ള പരാമർശങ്ങൾ അംഗീകരിച്ചുകൊടുക്കാൻ കഴിയില്ല. പാണക്കാട് തങ്ങളും അങ്ങനെ തന്നെയാണ് പറഞ്ഞതെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
‘പാണക്കാട് സാദിഖലി തങ്ങൾ അനുഗ്രഹിച്ച രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചുവെന്നും മറ്റു ചിലർ അനുഗ്രഹിച്ച മറ്റൊരു നേതാവ് മൂന്നാമതായെന്നും മുസ്‌ലിം സമുദായം ആർക്കൊപ്പമാണെന്ന് ഇതിലൂടെ വ്യക്തമായെന്നും’ സലാം പറഞ്ഞിരുന്നു. പാലക്കാട്ടെ വിവാദ പരസ്യങ്ങളെ പരോക്ഷമായി സൂചിപ്പിച്ച്, മുസ്‌ലിംകൾ അംഗീകരിക്കുന്ന പത്രം ഏതാണെന്നും സലാം കുവൈത്തിൽ പറഞ്ഞിരുന്നു. സലാമിന്റെ പ്രസ്താവനക്ക് എതിരെ സമസ്തയുടെ യുവജന വിഭാഗവും വിദ്യാർത്ഥി വിഭാഗവും രംഗത്തെത്തിയിരുന്നു. സമസ്തയുടെ പണ്ഡിതരെ അപമാനിക്കാൻ സലഫി ആശയക്കാരനായ പി.എം.എ സലാം ലീഗിനെ മറയാക്കുന്നുവെന്നും ചെറുക്കുമെന്നുമായിരുന്നു പ്രതികരണം.
അതേസമയം, താൻ ഉദ്ദേശിച്ചത് ജിഫ്രി മുത്തുക്കോയ തങ്ങളെ അല്ലെന്നും പിണറായി വിജയനെ ആണെന്നും പി.എം.എ സലാം വിശദീകരിക്കുകയുണ്ടായി.