കോഴിക്കോട്– ഇടത് എം.എൽ.എ കെ.ടി. ജലീലിനെതിരെ ആഞ്ഞടിച്ച് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. തന്റെ ഔദ്യോഗിക ഫേസ്ബുക് പോസ്റ്റിലൂടെയാണ് ജലീലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ജലീലിന്റെ “കൂലിയും വേലയുമില്ലാതെ ഫിറോസ് ആഡംബര വീട് പണിതു” എന്ന ആരോപണത്തിന് ശക്തമായ മറുപടി നൽകിയ ഫിറോസ്, തന്റെ സമ്പാദ്യം സുതാര്യമാണെന്നും, ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും വ്യക്തമാക്കി.
നമ്മുടെ ജലീലിക്കാക്ക് ആകെ കിളി പോയിരിക്കുകയാണ്. എന്നും രാവിലെ എണീറ്റാൽ “പി.കെ ഫിറോസ്, പി.കെ ഫിറോസ്” എന്ന് പല വട്ടം ഉരുവിടുക, പിന്നെ ഇടക്കിടക്ക് “വയനാട് വയനാട്” “ലീഗ് ലീഗ്” എന്ന് പിച്ചും പേയും പറയുക. ഇതൊക്കെയാണ് ഇക്കാൻ്റെ ഇപ്പോഴത്തെ ജോലി. ഇങ്ങനെയായിരുന്നു ഫേസ്ബുക് പോസ്റ്റിന്റെ തുടക്കം.
ജലീൽ, ഫിറോസിന്റെ സമ്പാദ്യവും ആഡംബര വീടിന്റെ നിർമാണവും വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. എന്നാൽ, ഫിറോസ് തന്റെ പോസ്റ്റിൽ, 2011-ൽ 13 സെന്റ് സ്ഥലം വാങ്ങിയതും 2013-ൽ വീട് നിർമാണം തുടങ്ങി 2020-ൽ പൂർത്തിയാക്കിയതും തന്റെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് വ്യക്തമാക്കി. “ഒരു പണിയുമെടുക്കാതെ സ്ഥലം വാങ്ങി വീട് വെക്കുന്നത് കൂടെയുള്ളവരുടെ ശീലമല്ലേ?” എന്ന് ജലീലിനെ പരിഹസിച്ച ഫിറോസ്, ഒരു മുൻ നേതാവിന്റെ വീട് കാണാൻ പോയതിന്റെ പേര് പറഞ്ഞ് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതും, സേവനമില്ലാതെ ലക്ഷങ്ങൾ വാങ്ങിയ കേസും ചൂണ്ടിക്കാട്ടി.
“നിങ്ങളുടെ അഴിമതിയും പിൻവാതിൽ നിയമനവും ഞാൻ കൈയോടെ പൊക്കിയതിന് ശേഷം, ഏഴ് വർഷമായി എനിക്കെതിരെ എന്തെല്ലാം അന്വേഷണം നടത്തി? എന്തെങ്കിലും തെളിഞ്ഞോ?” എന്ന് ഫിറോസ് ജലീലിനോട് ചോദിച്ചു. ജലീലിന്റെ പരാതികൾ പോലീസ് രാഷ്ട്രീയ പ്രേരിതമെന്ന് കണ്ട് തള്ളിയതും, കോടതി സ്വകാര്യ പരാതികൾ “തോട്ടിലെറിഞ്ഞ”തും ഫിറോസ് എടുത്തുപറഞ്ഞു. “എനിക്ക് ജോലിയും കൂലിയുമില്ലെന്ന് ഒരിടത്ത് പറയുകയും, ട്രാവൽസും വില്ല പ്രോജക്ടുമുണ്ടെന്ന് മറ്റൊരിടത്ത് പറയുകയും ചെയ്യുന്നത് എന്ത് യുക്തി?” എന്ന് അദ്ദേഹം പരിഹസിച്ചു.
ജലീലിന്റെ “വയനാട്, ലീഗ്” എന്ന ആവർത്തനവും, ഫിറോസിനെതിരെ പരാതി നൽകാൻ മന്ത്രി ഓഫീസിൽ ഒരാളെ നിയമിച്ചതും പോസ്റ്റിൽ വിമർശന വിഷയമായി. “നീ നെനച്ചാൽ എന്തുമേ മുടിയാത് അണ്ണാ,” എന്ന് പരിഹാസത്തോടെ അവസാനിപ്പിച്ച ഫിറോസ്, ജലീലിന്റെ ആരോപണങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും, തന്റെ സുതാര്യതയിൽ ഉറച്ചുനിൽക്കുന്നുവെന്നും വ്യക്തമാക്കി.
2021-ലെ താനൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഐ.യു.എം.എൽ സ്ഥാനാർഥിയായി മത്സരിച്ച ഫിറോസ് 69,719 വോട്ടുകൾ നേടിയെങ്കിലും 985 വോട്ടിന്റെ വ്യത്യാസത്തിൽ പരാജയപ്പെട്ടിരുന്നു. തന്റെ രാഷ്ട്രീയ-സാമൂഹിക പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ പിന്തുണയുണ്ടെന്ന് ഫിറോസ് പോസ്റ്റിൽ ഊന്നിപ്പറഞ്ഞു.