മലപ്പുറം– മുഹമ്മദ് നബി സോഷ്യലിസ്റ്റ് എന്ന് വിളിക്കപ്പെടാൻ എല്ലാ അർഥത്തിലും യോഗ്യനായ വ്യക്തിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. സമഭാവനയോടെ മനുഷ്യപക്ഷത്ത് നിൽക്കുന്നവനാണ് സോഷ്യലിസ്റ്റ് എന്ന് അർഥം വരുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം, കെ.ടി. ജലീൽ എം.എൽ.എ എഴുതിയ ‘സോഷ്യലിസ്റ്റ് ആയ മുഹമ്മദ് നബി’ എന്ന പുസ്‌തകം മലപ്പുറത്ത് വെച്ച് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു. മനുഷ്യനന്മ കാംക്ഷിച്ച് പ്രവർത്തിച്ച ചരിത്രത്തിലെ മഹാമനീഷികളെല്ലാം സോഷ്യലിസ്റ്റുകളാണെന്നും ഈ സമഭാവന സങ്കൽപം കലരുന്നത് കൊണ്ടാണ് സോഷ്യലിസ്റ്റ് എന്ന വാക്കിന് ഇമ്പം കൂടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീരാമൻ, ശ്രീകൃഷ്ണൻ, യേശുക്രിസ്‌തു, മോസസ്, ബുദ്ധൻ എന്നിവരെല്ലാം മനുഷ്യപക്ഷത്ത് നിലയുറപ്പിച്ചവരാണെന്നും ഇവരുടെയെല്ലാം വീക്ഷണങ്ങളിൽ പ്രകടമായ സമഭാവനയുടെ ദർശനം കാണാമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആധുനിക കാലത്ത് വിശ്വാസികളിലും അവിശ്വാസികളിലും മനുഷ്യനെ കാണാം. വിശ്വാസം ഏതുമാകട്ടെ, പ്രഥമ പരിഗണന മനുഷ്യന് നൽകുന്നവരാണ് യഥാർത്ഥ സോഷ്യലിസ്റ്റുകൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഈ വീക്ഷണങ്ങളെ പലതും ഉപയോഗിച്ച് മറയ്ക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഇത്തരം പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കാൻ സാധിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു വിഭാഗത്തോടും വിവേചനം കാണിക്കാത്ത ഭരണസംവിധാനമാണ് നിലവിലുള്ളതെന്നും ആൾക്കൂട്ട കൊലപാതകങ്ങളും സംഘടിത ആക്രമണങ്ങളും പെരുകുന്ന കാലത്ത് മതേതര നിലപാടുകൾ ഉയർത്തിപ്പിടിക്കേണ്ടത് അത്യാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മതവർഗീയത വിശ്വാസികളിലേക്ക് കുത്തിവെക്കാൻ ശ്രമിക്കുന്ന കാലഘട്ടത്തിൽ ഇത്തരം പുസ്തകങ്ങൾക്ക് വലിയ പ്രസക്തിയുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ചടങ്ങിൽ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ നേതാവ് തൊടിയൂർ കുഞ്ഞുമുഹമ്മദ് മൗലവി മുഖ്യമന്ത്രിയിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങി.



