- കോൺഗ്രസിൽ ഇപ്പോൾ വന്നയാളെ സംബന്ധിച്ച് എല്ലാവർക്കുമറിയാമെന്നും മതനിരപേക്ഷ അമർഷവും പ്രതിഷേധവും പാണക്കാട് പോയി രണ്ട് വർത്തമാനം പറഞ്ഞാൽ ശമിക്കുമോ എന്നും പിണറായി വിജയൻ.
പാലക്കാട്: സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശത്തിലും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളെ കണ്ടതിലും പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശത്തെ വലതുപക്ഷ മാധ്യമങ്ങൾ മഹത്വവൽക്കരിക്കാൻ ശ്രമിക്കുകയാണെന്നും ഇതുവരെ ചെയ്ത കാര്യങ്ങളെല്ലാം മറന്ന് ഒരാളെ മഹാത്മാവായി ചിത്രീകരിക്കുകയാണെന്നും പിണറായി പറഞ്ഞു. ലീഗ് നേതാവ് പാണക്കാട് സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയെ പോലെയാണ് പ്രവർത്തിക്കുന്നത്. പാണക്കാട്ടെ മുമ്പുള്ള തങ്ങൾമാരെ പോലെയല്ല സാദിഖലി ശിഹാബ് തങ്ങൾ പെരുമാറുന്നതെന്നും മുമ്പുള്ളവർ എല്ലാ വിഭാഗം ആളുകളുടെയും ആദരവ് പിടിച്ചുപറ്റിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസിൽ ഇപ്പോൾ വന്നയാളെ സംബന്ധിച്ച് എല്ലാവർക്കുമറിയാമെന്നും മതനിരപേക്ഷ അമർഷവും പ്രതിഷേധവും പാണക്കാട് പോയി രണ്ട് വർത്തമാനം പറഞ്ഞാൽ ശമിക്കുമോ എന്നാണ് നോക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. പാലക്കാട് കണ്ണാടിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
വലുതുപക്ഷ കേന്ദ്രങ്ങൾ പരിഭ്രാന്തിയിലാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് ചരിത്രം കുറിക്കുന്ന തെരഞ്ഞെടുപ്പാകും. പാലക്കാട്ടെ മഹാഭൂരിപക്ഷം ജനങ്ങളും മാറ്റം ആഗ്രഹിക്കുന്നുണ്ട്. വലതുപക്ഷ മാധ്യമങ്ങൾ ഒരു വ്യക്തിയുടെ കോൺഗ്രസ് പ്രവേശത്തെ എന്തുകൊണ്ടാണ് ഇത്ര വലിയ രീതിയിൽ മഹത്വവത്ക്കരിക്കുന്നത്. വി.ഡി സതീശൻ അവസരവാദ നിലപാടിലൂടെ നാടിന്റെ അന്തരീക്ഷം മാറ്റിമറിക്കാമെന്ന് കരുതണ്ട. ഒരു പ്രത്യേക ദിവസം അയാളെ മഹത്വവത്ക്കരിക്കാൻ ശ്രമിക്കുന്നത് ജാള്യത മറച്ച് വെക്കാനാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഒറ്റപ്പാലം തെരഞ്ഞെടുപ്പാണിപ്പോൾ ഓർമ വരുന്നത്. ബാബരി മസ്ജിദ് തകർത്ത ശേഷമുള്ള തെരഞ്ഞെടുപ്പിൽ ആ വിഷയം ഗൗരവമായി ഉയർന്നുവന്നു. ബാബരി മസ്ജിദ് സംഘപരിവാറാണ് തകർത്തത്. ഒത്താശ ചെയ്തുകൊടുത്തത് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവൺമെന്റാണ്. മതന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ വികാരം ഉയർന്നു വന്നു. അതിൽ കൂട്ടുനിന്ന കോൺഗ്രസ് സർക്കാരിനെതിരായ വികാരം ഉയർന്നു വന്നു. വലിയ അമർഷം ലീഗ് അണികളിലുണ്ടായി. കോൺഗ്രസ് നിലപാടിൽ പ്രതിഷേധിക്കണമെന്ന് ആവശ്യമുയർന്നു വന്നു. പക്ഷേ ലീഗ് നേതൃത്വം മന്ത്രിസ്ഥാനം പ്രധാനമായി കണ്ടു. മന്ത്രിസ്ഥാനം വിട്ടു ഒരു കളിക്കും നിൽക്കേണ്ടെന്ന് അവർ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.