- അസത്യം പറക്കുമ്പോൾ സത്യം മുടന്തുന്നു. മാധ്യമ നുണകൾക്ക് പിന്നിലെ അജണ്ട ചർച്ചയാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ചെലവ് മാധ്യമങ്ങൾ റിപോർട്ട് ചെയ്തതിൽ രൂക്ഷ വിമർശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനെതിരെ അതിരുവിട്ട ദുഷ്പ്രചാരണമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
കേരളത്തിലേത് നശീകരണ മാധ്യമപ്രവർത്തനമാണ്. യാതൊരു ലജ്ജയുമില്ലാതെ മാധ്യമപ്രവർത്തനത്തിന്റെ മാനം മാറ്റുന്ന ഹീനമായ പ്രവർത്തനമാണ് ചില മാധ്യമങ്ങൾ നടത്തുന്നത്. മാധ്യമങ്ങളുടെ ഈ രീതി പരിശോധിക്കപ്പെടേണ്ടതാണെന്ന് വിവിധ വാർത്താ തലക്കെട്ടുകൾ ഉദ്ധരിച്ച് മുഖ്യമന്ത്രി വിമർശിച്ചു.
വ്യാജ വാർത്തകൾക്ക് മുന്നിൽ കേരളം അവഹേളിക്കപ്പെട്ടിരിക്കുകയാണ്. മാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ കൊടുത്തതിന് പിന്നാലെ കേരളം അനർഹമായ സഹായം തട്ടാൻ ശ്രമിക്കുന്നു എന്ന വ്യാജ കഥകളുണ്ടായി. ഈ വാർത്തകളെല്ലാം പ്രതിപക്ഷം ഏറ്റെടുക്കുകയും ചെയ്തു. ഏത് വിധേനയും സംസ്ഥാന സർക്കാരിനെ അവഹേളിക്കുക എന്ന ലക്ഷ്യമാണ് ഈ വാർത്തകൾക്ക് പിന്നിലുള്ളത്.
ദുരന്തത്തെ തുടർന്ന് മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാർ അല്ല, അതിൽ പ്രാഗത്ഭ്യം തെളിയിച്ച വിദഗ്ധരാണ്. ഇങ്ങനെ വിദഗ്ധർ തയ്യാറാക്കിയ കണക്കുകളെയാണ് മാധ്യമങ്ങൾ തെറ്റായി പെരുപ്പിച്ച് അവതരിപ്പിച്ചത്. മെമ്മോറാണ്ടത്തിലുള്ളത് പെരുപ്പിച്ച കണക്കുകൾ അല്ല, പ്രതീക്ഷിത കണക്കുകൾ ആണ്. എസ്.ഡി.ആർ.എഫിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് 219 കോടി മാത്രമാണ് കേരളത്തിന് ചോദിക്കാനായത്. പുനർ നിർമ്മാണത്തിന് 2000 കോടിയെങ്കിലും വേണമെന്നിരിക്കെയാണ് ഈ വിവാദം വരുന്നത്.
മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ഒരു രൂപ പോലും ദുരിതാശ്വാസ നിധിയിൽ നിന്ന് ചെലവഴിക്കാനാകില്ല. മെമ്മോറാണ്ടത്തിലെ ആക്ച്വൽസ് കണ്ട് ചെലവാക്കിയ പണമെന്ന് ദുർവ്യാഖ്യാനം ചെയ്തു. മെമ്മോറാണ്ടം തയ്യാറാക്കുന്ന സമയത്ത് സർക്കാരിന്റെ മുന്നിൽ ചെലവുകളുടെ ബില്ലുകളൊന്നും ലഭ്യമായിട്ടില്ല. മനക്കണക്ക് വച്ചല്ല മെമ്മോറാണ്ടം തയ്യാറാക്കിയത്. ശാസ്ത്രീയ മാനദണ്ഡ പ്രകാരമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
കേരളത്തിനെതിരായ ദുഷ്പ്രചാരണങ്ങൾ എല്ലാ സീമകളും കടന്നു. കള്ളം പറക്കുമ്പോൾ സത്യം അതിന് പിന്നാലെ മുടന്തുകയാണ് ചെയ്യുക എന്ന ജൊനാഥൻ സ്വിഫ്റ്റിന്റെ പ്രശസ്തമായൊരു വാചകമുണ്ട്. അതുപോലെ സത്യം ഇഴയുമ്പോഴേക്കും മാധ്യമങ്ങൾ സൃഷ്ടിച്ച വ്യാജ കഥ വലിയ വിഭാഗം ജനങ്ങളുടെ മനസ്സിലേക്ക് കടന്നുകയറിയിരുന്നു. ഇത്തരം വാർത്തകൾ കേവലം മാധ്യമ ധാർമികതയുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല. നുണകൾക്ക് പിന്നിൽ പ്രത്യേക അജണ്ടകളുണ്ട്. അത് നാടിനും നാട്ടിലെ ജനങ്ങൾക്കും എതിരാണ്. മാധ്യമ നുണകൾക്ക് പിന്നിലെ ഇത്തരം അജണ്ടകളാണ് ചർച്ചയാകേണ്ടത്.
വയനാട്ടിലെ രക്ഷാപ്രവർത്തനം ലോകം പ്രകീർത്തിച്ചതാണ്. വയനാട്ടിലെ ദുരിതാശ്വാസം നല്ല നിലയിൽ പുരോഗമിക്കുകയാണ്. ഇതിനിടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്ന സാധാരണക്കാരെ പിന്തിരിപ്പിക്കുക എന്നതാണ് ഇത്തരം വാർത്തകളുടെ ദുഷ്ട ലക്ഷ്യം. ഇത് നശീകരണ മാധ്യമ പ്രവർത്തനമാണ്. ഇത് സമൂഹത്തിന് ആപത്താണെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.