കണ്ണൂർ – രാജ്യത്തെ മുസ്ലീങ്ങളെ പേരെടുത്ത് പറഞ്ഞ് ആക്ഷേപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. കണ്ണൂരിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാജസ്ഥാനിലെ പ്രധാനമന്ത്രിയുടെ പ്രസംഗം തീർത്തും രാജ്യവിരുദ്ധമാണ്. രാജ്യത്തെ മുസ്ലീങ്ങളെ പേരെടുത്ത് പറഞ്ഞ് ആക്ഷേപിക്കുകയാണ്. സങ്കൽപ്പ കഥകൾ കെട്ടിച്ചമച്ച് മുസ്ലീം വിരോധം ജനങ്ങളിൽ വളർത്തുന്ന പ്രചാരണമാണ് നടക്കുന്നത്.
മുസ്ലീം വിഭാഗത്തെ നുഴഞ്ഞു കയറ്റക്കാരായി വിശേഷിപ്പിച്ചു കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. എന്നാൽ രാജ്യത്തെ സ്വാതന്ത്ര്യ സമര സേനാനികളുടെ കൂട്ടത്തിൽ ഒരു പാട് മുസ്ലീങ്ങളുടെ പേര് കാണാൻ സാധിക്കും. പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടി എടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. നടപടിയെടുക്കില്ലെന്ന ആത്മവിശ്വാസം പ്രധാനമന്തിക്കുണ്ടായി. നിയമവിരുദ്ധമായ കാര്യമാണ് നടന്നത്. പ്രധാനമന്ത്രിക്കെതിരെ കേസ് എടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ശക്തി ശരിയായ രീതിയിൽ ജനങ്ങൾ പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം പ്രധാനമന്ത്രിക്കെതിരെ നടപടി എടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാവണമെന്നും പറഞ്ഞു.
കേന്ദ്രത്തിൽ ബി.ജെ.പിക്ക് അധികാരത്തിലേക്ക് വഴിയൊരുക്കിയത് കോൺഗ്രസാണ്. രണ്ടാം യുപിഎ സർക്കാർ നടപ്പാക്കിയത് കടുത്ത ജനദ്രോഹ നയങ്ങളാണ്. രണ്ടാമൂഴം ലഭിച്ചപ്പോൾ ആർഎസ്എസ് തനി നിറം പുറത്തെടുത്തു, കേന്ദ്രം മതനിരപേക്ഷതയുടെ കടയ്ക്കൽ കത്തിവച്ചു. – മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ അഞ്ചു വർഷക്കാലം രാജ്യത്ത് ഉയർന്നുവന്ന നിരവധി പ്രശ്‌നങ്ങളിൽ ഒന്നിലും യുഡിഎഫിന്റെ 18 അംഗ എം പി സംഘത്തെ എവിടെയും കാണാൻ പറ്റിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ശബ്ദം ഉച്ചസ്ഥായിയിൽ മുഴങ്ങേണ്ട പല ഘട്ടങ്ങളിലും ഈ 18 പേരും നിശബ്ദത പാലിച്ചു. രണ്ടാം ഊഴം കിട്ടിയ ബിജെപി രാജ്യത്തിന്റെ മതനിരപേക്ഷത തകർക്കാനുള്ള പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനാണ് തയ്യാറായത്. അതിലൂടെ രാജ്യത്തിന്റെ പൗരത്വം മതാടിസ്ഥാനത്തിലാക്കി. ഇതിനെതിരെ കോൺഗ്രസിൽ നിന്ന് വലിയ പ്രതിഷേധമുയരുന്നതായി ആരും കണ്ടില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ ഏറ്റവും രൂക്ഷമായ പ്രക്ഷോഭം നടന്ന ദിവസം കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം പി മാർ പാർട്ടി പ്രസിഡന്റിന്റെ വിരുന്നിൽ പങ്കെടുക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസ് മാനിഫെസ്റ്റോ തയ്യാറാക്കാൻ നിശ്ചയിച്ച സമിതി പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് അതിൽ ചേർത്തിരുന്നുവെന്നും നേതാക്കൾ അടങ്ങിയ സമിതി യോഗം ചേർന്നപ്പോൾ അത് വേണ്ടെന്നുവച്ചെന്നുമാണ് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തത്. ആ സമിതിയുടെ അധ്യക്ഷൻ പി ചിദംബരം പറഞ്ഞത് പ്രകടന പത്രികയുടെ നീളം കൂടിപ്പോകുന്നത് കൊണ്ട് ഈ ഭാഗം ഉൾപ്പെടുത്തിയില്ല എന്നാണ്. പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യും എന്നൊരു വാക്യം അവിടെ എഴുതിയാൽ പ്രകടനപത്രികയുടെ നീളം അത്രയങ്ങ് കൂടിപ്പോകുമോ?’ – മുഖ്യമന്ത്രി ചോദിച്ചു.