കോട്ടയം: ഗുരുതര ആരോപണങ്ങളിലൂടെ സർക്കാറിനെ പ്രതിരോധത്തിലാക്കിയ നിലമ്പൂർ എം.എൽ.എ പി.വി അൻവറിനെതിരേ പോലീസ് കേസെടുത്തു. ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്തിയെന്ന പരാതിയിലാണ് പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്.
കോട്ടയം നെടുകുന്നം സ്വദേശിയുടെ പരാതിയിൽ കോട്ടയം കറുകച്ചാൽ പോലീസാണ് പി.വി അൻവറിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തതത്. അൻവറിന്റെ വെളുപ്പെടുത്തൽ മറ്റുള്ളവരുടെ സ്വകാര്യത ലംഘനമെന്നാണ് പരാതിയിലുള്ളത്. ഈ കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറുമെന്നാണ് വിവരം.
പൊതുജനങ്ങൾക്കിടയിൽ ഭീതിയും പകയും ഉണ്ടാക്കുന്നതിന് വേണ്ടിയും മനപൂർവ്വം പ്രകോപനപരമായി കലാപം ഉണ്ടാക്കുന്നതിനും ദൃശ്യ മാധ്യമങ്ങളിലൂടെ ചോർത്തിയ ഫോൺ കോളുകൾ പുറത്തവിട്ടതായും പരാതിയിലുണ്ട്.
ഇന്ത്യൻ ടെലി കമ്യൂണിക്കേഷൻ നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും മറ്റും ഫോൺ കാളുകൾ ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ സംവിധാനത്തിൽ നിയമവിരുദ്ധമായി കയറി ചോർത്തുകയോ ചോർത്തിക്കുകയോ ചെയ്തുവെന്നും അവ മാധ്യമങ്ങൾക്ക് പങ്കുവെക്കുകയും ചെയ്തുവെന്ന പരാതിയാണ് എഫ്.ഐ.ആറിലുള്ളത്. നിയമവിരുദ്ധമായാണ് ഇത്തരമൊരു നീക്കമെന്നും എഫ്.ഐ.ആറിലുണ്ട്.
സൈബർ കുറ്റകൃത്യത്തിന്റെ പരിധിയിലാണ് പുതിയ കേസ് വരിക. പോലീസ് ഉദ്യോഗസ്ഥരുടെയും മുഖ്യമന്ത്രിയുടെയും വീഴ്ചകൾ എണ്ണിപ്പറഞ്ഞ് സി.പി.എമ്മിനും സർക്കാറിനും കടുത്ത തലവേദനയായതോടെയാണ് അൻവറിനെതിരേ പുതിയ കേസ് ഉയർന്നിരിക്കുന്നത്.
ഫോൺചോർത്തിയത് തെറ്റാണെന്ന് അറിഞ്ഞുതന്നെയാണ് തെളിവുകൾ പുറത്തുവിട്ടതെന്ന് പി.വി അൻവർ പ്രതികരിച്ചിരുന്നു. സർക്കാറും പോലീസും ആരോപണങ്ങൾ വിശ്വസിക്കില്ലെന്ന ഘട്ടമെത്തിയപ്പോൾ മാത്രമാണ് പോലീസ് ഉദ്യോഗസ്ഥന്റെ ഫോൺ സംഭാഷണം പരസ്യപ്പെടുത്തിയതെന്നും എം.എൽ.എ വിശദീകരിച്ചിരുന്നു. നിർണായകമായ ഈ ഫോൺ സംഭാഷണം കൂടി ഇല്ലെങ്കിൽ സർക്കാർ പോലീസ് ഉദ്യോഗസ്ഥനെതിരേ ഒരു നടപടിയും എടുക്കില്ലെന്നും എം.എൽ.എ വ്യക്തമാക്കിയിരുന്നു.
ഇനി കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിനിടെ പുറത്തുവിട്ട സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട പോലീസിനെതിരേയുള്ള ഒരു വീഡിയോയിൽ കുടുംബത്തിനൊപ്പം കുട്ടിയെ പ്രദർശിപ്പിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അൻവറിനെതിരെ മറ്റൊരു കേസിനുള്ള നീക്കവും അണിയറയിൽ നടക്കുന്നതായാണ് വിവരം.