തിരുവനന്തപുരം– യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശി രാജേന്ദ്രനെ തിരുവനന്തപുരം സെഷൻസ് കോടതി കുറ്റക്കാരനായി കണ്ടെത്തി. 2022- ഫെബ്രുവരി 6നാണ് രാജേന്ദ്രൻ തോട്ടത്തിൽ ജോലി ചെയ്തിരുന്ന വിനീതയെ കഴുത്തറുത്ത് മൃഗീയമായി കൊലപ്പെടുത്തിയത്. 4.5 പവൻ തൂക്കമുളള സ്വർണാഭരണം മോഷ്ടിക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയത്.
സംഭവസ്ഥലത്തുനിന്നും ലഭിച്ച രക്തക്കറകളും മറ്റ് തെളിവുകളും രാജേന്ദ്രനെ കേസുമായി നേരിട്ടുള്ള ബന്ധമാണെന്ന് വ്യക്തമാക്കി. തമിഴ്‌നാട്ടിൽ നടന്ന മൂന്ന് കൊലപാതക കേസിൽ പ്രതിയായ രാജേന്ദ്രൻ ജാമ്യത്തിലിറങ്ങിയ സമയത്താണ് ഈ കൊലപാതകം നടത്തിയതെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
കോടതി കൊലപാതകം(ഐ.പി.സി-302),അനധികൃത പ്രവേശനം(ഐ.പി.സി-447), ആയുധമോഷണം (ഐ.പി.സി-397) തെളിവ് നശിപ്പിക്കൽ( ഐ.പി.സി-201) എന്നീ വകുപ്പുകളാണ് പ്രതിക്കുമേൽ ചുമത്തിയിരിക്കുന്നത്. ഏപ്രിൽ 21ന് ശിക്ഷ വിധിക്കാനുള്ള ദിവസം നിശ്ചയിക്കും. കേസിൽ പ്രതിയുടെ ക്രൂരതയും പശ്ചാത്തലവും കണക്കിലെടുത്ത് പ്രൊസിക്യൂഷൻ വധശിക്ഷ ആവിശ്യപ്പെട്ടു. കോടതി ഈ കേസിനെ അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് വിശേഷിപ്പിച്ചു.