മലപ്പുറം : തോക്ക് ലൈസൻസിന് അപേക്ഷ നൽകിയതിനെ കളിയാക്കി കളിത്തോക്ക് അയച്ച യൂത്ത് ലീഗിന് അതേനാണയത്തിൽ മറുപടി നൽകി പിവി അൻവർ എംഎൽഎ. പരിമിതികൾ മാത്രമുള്ള യൂത്ത് ലീഗിന് വെള്ളം കലക്കാൻ ഒരുകൊട്ട നാരങ്ങ ഇരിക്കട്ടെ എന്ന കുറിപ്പിനൊപ്പം ഒരു കുട്ട പച്ച നാരങ്ങയുടെ ചിത്രവും അദ്ദേഹം പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
“കളിതോക്ക്” അയച്ച് തന്ന
യൂത്ത് ലീഗിന് സ്നേഹപൂർവ്വം
“ഒരു കൊട്ട നാരങ്ങ” തിരിച്ച്
കൊടുത്ത് വിടുന്നു..
പരിമിതി മാത്രമുള്ള യൂത്ത് ലീഗിന്
വെള്ളം കലക്കാൻ ഇരിക്കട്ടേ..
എഡിജിപി എം ആർ അജിത് കുമാറിനെതിരായ വെളിപ്പെടുത്തലിനെത്തുടർന്ന് ജീവന് ഭീഷണിയുണ്ടെന്നുപറഞ്ഞാണ് അൻവർ മലപ്പുറം കളക്ടർക്ക് തോക്ക് ലൈസൻസിന് അപേക്ഷ നൽകിയത്. ഇതിന് പിന്നാലെയാണ് പരിഹാസരൂപേണ അൻവറിന് യൂത്ത് ലീഗ് കളിത്താേക്ക് അയച്ചത്.
അതിനിടെ, മുഖ്യമന്ത്രിയുടെ ഓഫീസിനും ആഭ്യന്തര വകുപ്പിനുമെതിരെ പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്തുമെന്നാണ് സിപിഎം നൽകുന്ന സൂചന. ആരോപണവിധേയരായ എഡിജിപി എം.ആർ.അജിത് കുമാറിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെയും സംരക്ഷിക്കുന്ന സർക്കാരിന്റെ അന്വേഷണം പ്രഹസനമാവുമെന്ന ആക്ഷേപങ്ങൾക്കിടെയാണ് പാർട്ടി ഇടപെടൽ.