തിരുവനന്തപുരം: മന്ത്രിമാറ്റവും നേതൃമാറ്റവുമായി ബന്ധപ്പെട്ട് പുകഞ്ഞ എൻ.സി.പിയിൽ അവസാനം സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച് പി സി ചാക്കോ. രാജിക്കാര്യം ദേശീയ അധ്യക്ഷൻ ശരത് പവാറിനെ അറിയിച്ചതായാണ് വിവരം. മന്ത്രിമാറ്റ നീക്കം പാളിയതോടെയാണ് പി.സി ചാക്കോ സ്ഥാനം രാജിവെച്ചത്.
വനം മന്ത്രി എ.കെ ശശീന്ദ്രനെ മാറ്റി പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കാൻ പി.സി ചാക്കോ ശക്തമായ നീക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടിയിലെ വലിയൊരു വിഭാഗവും ഇതിന് വഴങ്ങാതെ വന്നതോടെയാണ് പി.സി ചാക്കോയുടെ നീക്കങ്ങൾ പാളിയത്. കോൺഗ്രസ് വിട്ട് എൻ.സി.പിയിലെത്തിയ ചാക്കോയെ പാർട്ടി അധ്യക്ഷനാക്കി സംസ്ഥാന നേതൃത്വം സ്വീകരിച്ചെങ്കിലും തുടർന്നുള്ള അദ്ദേഹത്തിന്റെ ഇടപെടൽ സർവ സ്വീകാര്യത നേടുന്നതിൽ പരാജയപ്പെടുകയായിരുന്നു.