കോഴിക്കോട് : ബിജെപിയും ആർഎസ്എസും ഫാസിസ്റ്റല്ല എന്ന സിപിഎം പാർട്ടി കോൺഗ്രസ് കരട് പ്രമേയം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വോട്ടു മറിക്കാനുള്ള അടവുനയത്തിന്റെ ഭാഗമാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണ ബിജെപിയുടെ വോട്ട് വാങ്ങിയാണ് കേരളത്തിൽ സിപിഎം തുടർഭരണം സാധ്യമാക്കിയത്. സിപിഎമ്മിന് ഇന്ത്യയിൽ വേരൊരിടത്തും അധികാരമില്ലാത്ത സ്ഥിതിയും, കേരളത്തിന്റെ സാഹചര്യങ്ങളും കണക്കിലെടുത്ത്, വരാനിരിക്കുന്ന തെരഞ്ഞടുപ്പിൽ ബിജെപി വോട്ടുറപ്പിക്കുന്നതിനായാണ് ഈ കരടു പ്രമേയം ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിനു മുമ്പേ പ്രകാശ കാരാട്ട് ഇതു പറയുന്നുണ്ട്. എന്നാൽ യെച്ചൂരി ആ നയത്തെ എല്ലാ കാലത്തും എതിർത്തിരുന്നു. കാരാട്ടിന്റെ നിലപാട് ബിജെപിയുമായുള്ള അന്തർധാര ഉറപ്പിക്കുന്നതിനാണ്. ബിജെപിയും ആർഎസ്എസും ഫാസിസ്റ്റ് അല്ല എന്ന ഇവരുടെ കണ്ടെത്തൽ ഞെട്ടിക്കുന്നതും അന്തർധാരയിലേക്കു വിരൽ ചൂണ്ടുന്നതുമാണ്. ഇനി ആർഎസ്എസ് ഒരു പുരോഗമനപ്രസ്ഥാനമാണ് എന്ന് എപ്പോഴാണ് സിപിഎം പറയാൻ പോകുന്നത് എന്ന് നോക്കിയാൽ മതി. കേരളാ മുഖ്യമന്ത്രി ഇന്നേ വരെ ബിജെപിയേയോ നരേന്ദ്ര മോദിയേയോ വിമർശിച്ചിട്ടില്ല എന്നതും നമ്മൾ നോക്കിക്കാണണം.
കേരളത്തിലെ ഭരണം കൊണ്ട് ജനങ്ങൾ ദുരിതത്തിലാണ്. ആശാവർക്കർമാരുടെ സമരം 15 ദിവസം പിന്നിട്ടിരിക്കുന്നു. മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് അവരോട് ചർച്ചയ്ക്കു തയ്യാറാകണം. ജീവിക്കാനുള്ള സമരമാണ്. അനുഭാവപൂർവം പരിഗണിക്കണം. ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ് ഈ സർക്കാരിനെ കൊണ്ട്.
കോൺഗ്രസ് ത്രിതല പഞ്ചായ്തത് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങൾ ശക്തമാക്കുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ സാധാരണ പ്രവർത്തകരുടെ തെരഞ്ഞെടുപ്പാണ്. അവർ മത്സരിക്കുന്നത് ഇവിടെയാണ്. അതുകൊണ്ടുതന്നെ കോൺഗ്രസ് നേതാക്കൾ ബാക്കിയെല്ലാം മാറ്റിവെച്ച് ഒറ്റക്കെട്ടായി ഇറങ്ങണ്ട സമയമാണ്. കോൺഗ്രസ് ഒരു ജനാധിപത്യപാർട്ടിയാണ്. അതുകൊണ്ട് ചിലപ്പോഴൊക്കെ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാറുണ്ട്. പക്ഷേ പണ്ട് ഉണ്ടായതു പോലുള്ള പ്രശ്നങ്ങൾ നിലവിലില്ല. ശശി തരൂരുമായി ബന്ധപ്പെട്ട് വിവാദങ്ങൾക്കില്ല. രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം പിന്നീട് ഇക്കാര്യത്തിൽ പ്രസ്താവനകൾ ഒന്നും നടത്തിയിട്ടില്ല എന്നതും ശ്രദ്ധിക്കണം. ചെന്നിത്തല പറഞ്ഞു.