മലപ്പുറം: വോട്ടുകൾ ഭിന്നിച്ചാൽ അതിന്റെ നേട്ടമുണ്ടാവുക ഫാസിസ്റ്റുകൾക്കാണെന്നും പരസ്യങ്ങളിലൂടെയായാലും പ്രസംഗത്തിലൂടെയായാലും ഇത്തരം നീക്കങ്ങളെ കരുതിയിരിക്കണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മലപ്പുറം ചെമ്മാട് ദാറുൽ ഹുദാ യുണിവേഴ്‌സിറ്റിയുടെ നേതൃസമിതി സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട് ഇത്തരം ശ്രമങ്ങൾ വിലപ്പോവുമെന്ന് വിശ്വസിക്കുന്നില്ല. അവിടെയുള്ളവർ, പൊതുവെ കേരളീയർ പ്രബുദ്ധരാണ്. അറിഞ്ഞുകൊണ്ട് ചെയ്യുന്ന തെറ്റുകളെ വിമർശിക്കാതിരിക്കാൻ കഴിയില്ല. അറിഞ്ഞുകൊണ്ട് ചെയ്യുന്ന തെറ്റിന് ശിക്ഷ കൂടുമെന്നും തങ്ങൾ ഓർമിപ്പിച്ചു.
ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിലൂടെയാണ് ലോക്‌സഭയിൽ പ്രതിപക്ഷ ശബ്ദം ഉയർന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോടും പ്രതികരിച്ചു. ന്യൂനപക്ഷ വോട്ടുകൾ ഏകീകരിച്ചത് ഭരണഘടന സംരക്ഷണത്തിന് ഗുണം ചെയ്തു.
നമ്മൾ ഭിന്നിച്ചാൽ ഫാസിസ്റ്റുകൾക്കത് ശക്തി പകരും. ഭിന്നിപ്പിക്കാനാണ് ഫാസിസം ശ്രമിക്കുക. പാലക്കാടും ഭിന്നിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. നിഷ്‌കളങ്കരായ വോട്ടർമാരെ ഭിന്നിപ്പിക്കാനാണ് ശ്രമം. അത് പരസ്യത്തിലൂടെയും പ്രസംഗത്തിലുടെയും ആകാമെന്നും അത് ഫാസിസ്റ്റുകളെ സഹായിക്കുകയേയുള്ളൂവെന്നും പാലക്കാട്ട് അത് വിലപ്പോവില്ലെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.