കൊച്ചി– മുസ്ലിം-ജൂതമതങ്ങളുടെ പ്രശ്നമായി ഫലസ്തീൻ മണ്ണിന് വേണ്ടിയുള്ള അവകാശ പോരാട്ടത്തെ സയണിസ്റ്റ് ഭരണകൂടം ദുര്‍വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണെന്നും ഫലസ്തീനില്‍ ജൂത മന്ത്രിമാര്‍ വരെ ഉണ്ടെന്നും ഇന്ത്യയിലെ ഫലസ്തീന്‍ അംബാസിഡര്‍ അബ്ദുല്ലാ സാവേശ്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി കൊച്ചി മറൈന്‍ ഡ്രൈവില്‍ നടത്തിയ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിയെ ഇപ്പോഴും ഫലസ്തീൻ ജനത തങ്ങളുടേ കൂടി നേതാവായി കാണുന്നു. നെഹ്‌റുവെന്ന പേര് ഫലസ്തീനില്‍ വ്യാപകമായി ഇപ്പോഴും കാണാനാവും. ഗാന്ധിയും നെഹ്‌റുവും ഫല്‌സ്തീനിലെ പലരുടേയും ആവേശ കഥാപാത്രങ്ങളായുള്ളത് എല്ലാ കാലത്തേക്കുമുള്ള അവരുടെ ഫലസ്തീൻ ജനതക്ക് ഒപ്പമുള്ള നിലപാട് കൊണ്ടാണെന്നും അദ്ദേഹം വിശദീകരിച്ചു.
തങ്ങളുടെ ചരിത്രം ഏറെ ആഴത്തിലുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഗാന്ധിയന്‍ കാലം മുതല്‍ ഇന്ത്യ ഫലസ്തീനൊപ്പമാണ് എന്നത് ചാരിതാര്‍ത്ഥ്യജനകമാണ്. മുന്‍കേന്ദ്രമന്ത്രി ഇ അഹ്‌മദ് ഫലസ്തീന് വേണ്ടി നിലകൊണ്ട പ്രമുഖ വ്യക്തിത്വമായിരുന്നുവെന്നും യാസര്‍ അറഫാത്തിന്റെ അടുത്ത സുഹൃത്തായിരുന്ന ഇ അഹമ്മദിനെ ഈ ചടങ്ങില്‍ ഓര്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നമുക്ക് ഫലസ്തീന് വേണ്ടി എന്ത് ചെയ്യാനാവുമെന്നത് പ്രധാനമാണ്. ഈ കൂടിയ ആയിരങ്ങൾ സാമൂഹമാധ്യമങ്ങള്‍ വഴി ഫലസ്തീന് വേണ്ടി പോരാടുക. ഫലസ്തീന് വേണ്ടി സംസാരിക്കുന്നതും പോസ്റ്റ് ചെയ്യുന്നതും ഷെയര്‍ചെയ്യുന്നതും തുടരുക. അതിന് വലിയ പ്രാധാന്യം ഇക്കാലത്തുണ്ടെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കുട്ടികള്‍ക്ക് ചുരത്തിനല്‍കാന്‍ പാലില്ലാതെ അമ്മമാര്‍ രക്തം വറ്റിയ ശരീരവുമായി ഓടിനടക്കുമ്പോഴും വംശഹത്യ തുടരുന്നതിനെതിരെ ലോക സമൂഹം ഉടന്‍ ഉണരണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിർവ്വഹിക്കവേ വ്യക്തമാക്കി.


ഒട്ടിയ കവിളും കുഴിഞ്ഞുപോയ കണ്ണുകളും രക്തംവറ്റിയ ശരീരവുമായി ഓടിനടക്കുന്ന കുഞ്ഞുങ്ങളെയാണ് ഫലസ്തീനില്‍ നിന്നുള്ള നടുക്കുന്ന ചിത്രങ്ങളില്‍ നാം കാണുന്നത്. കുട്ടികള്‍ക്ക് ചുരത്തിനല്‍കാന്‍ അമ്മമാര്‍ക്ക് മാറിടങ്ങളില്‍ പാലില്ലാത്ത അതിദയനീയ സാഹചര്യമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടക്കാലത്തെ വെടിനിര്‍ത്തലുണ്ടായിട്ടും നരവേട്ട തുടര്‍ന്ന ഇസ്രായില്‍ ചെയ്ത അനീതി ഭീകരമാണ്. പിഞ്ചുകുഞ്ഞുങ്ങളെ ഉള്‍പ്പെടെ പട്ടിണിക്കിട്ടു കൊല്ലുന്ന നരനായാട്ടാണ് അവര്‍ ചെയ്യുന്നത്. മുന്‍ കാലങ്ങളില്‍ ഫറോവയെപ്പോലുള്ള ഭീകരന്മാര്‍ മൂസാ നബിയെ പേടിച്ച് അക്കാലത്ത് ജനിക്കുന്ന കുഞ്ഞുങ്ങളെ ഇല്ലാതാക്കിയത് ചരിത്രത്തിലുണ്ട്. ഗാസയില്‍ മിസൈലും തോക്കും ബോംബുകളും മാത്രമല്ല കുട്ടികളെ പട്ടിണിക്കിട്ട് കൊന്നാണ് ഇന്ന് ഇസ്രായില്‍ വംശഹത്യ തുടരുന്നത്- തങ്ങൾ പറഞ്ഞു.
മുലപ്പാല്‍ കിട്ടാതെ വിശന്നുമരിക്കുന്ന കൊച്ചുകുഞ്ഞുങ്ങളാണ് ഫലസ്തീനിലുള്ളതെന്നും എല്ലാ അന്തരാഷ്ട്രാ നിയമങ്ങളും കാറ്റില്‍പറത്തിയാണ് ജനീവ നിയമം ഉള്‍പ്പെടെ കുട്ടികളേയും സ്ത്രീകളേയും വെറുതെ വിടണമെന്ന് പറയുന്നുവെങ്കിലും അതൊന്നും വിലവെക്കാതെ ഇസ്രായില്‍ നടത്തിക്കൊണ്ടിരിക്കുന്ന നരമേധത്തിനെതിരെ ലോക സമൂഹം ഉണരണം. വീറ്റോ ബോംബ് അമേരിക്ക പൊട്ടിക്കുകയാണ്. മറ്റ് രാഷ്ട്രങ്ങളുടെ അഭിപ്രായങ്ങള്‍ ആ വീറ്റോ ബോംബില്‍ പൊട്ടിത്തകരുകയാണ് ചെയ്യാറുള്ളതെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.
ഭീകരത സൂക്ഷ്മ ദര്‍ശനി വെച്ച് നോക്കുന്ന അമേരിക്ക വംശഹത്യ നടത്തുന്ന, ആക്രമകാരിയാണെന്ന് ഐക്യരാഷ്ട്ര സഭ പോലും വിലയിരുത്തിയ നെതന്യാഹുവിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് സത്കരിക്കുകയാണ്. ലോക നീതി നമുക്ക് വീണ്ടെടുക്കേണ്ടതുണ്ട്. ഫലസ്തീന്‍ അറബികളുടേതാണെന്നത് ഗാന്ധിജിയുടേയും നെഹ്‌റുവിന്റേയും വാക്കുകള്‍ മാത്രമല്ല സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പ്രസ്താവവും മുദ്രാവാക്യങ്ങളിലൊന്നു കൂടിയാണ്. ഇന്ത്യ ചരിത്രപരമായി തന്നെ ഫലസ്തീന്‍ ജനതയോടൊപ്പമാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഭക്ഷണത്തിന് വേണ്ടി ക്യൂനില്‍ക്കുമ്പോള്‍ ഏത് നിമിഷവും കൊല്ലപ്പെടാമെന്ന ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ദു:ഖം പേറുന്ന അന്തരീക്ഷത്തിലാണ് നാം ഇവിടെ ഗസക്ക് വേണ്ടി ഒത്തുചേരുന്നത് എന്നത് ഏറെ പ്രാധാന്യമുള്ളതെന്നും പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ മുഖ്യ പ്രഭാഷണത്തിൽ വ്യക്തമാക്കി. ലോകത്തിന്റെ പല മുഖ്യ രാഷ്ട്രങ്ങളിലെ ഭൂരിപക്ഷം ജനതയും ഇസ്രായിലിനെ കള്ളരാഷ്ട്രമായും കിരാത രാജ്യമായും ആണ് കാണുന്നത്. കൂടുതല്‍ കൂടുതല്‍ രാഷ്ട്രങ്ങള്‍ ഫലസ്തീനെ അംഗീകരിക്കുന്ന സാഹചര്യമാണുള്ളത്. കേരളത്തിന്റെ മുഴുവന്‍ ശബ്ദമായി മുസ്ലിംലീഗ് ഗസ ഐക്യദാര്‍ഡ്യ പരിപാടി മാറുകയാണെന്നും വെങ്കിടേഷ് വിശദീകരിച്ചു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ടികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ മതനിരപേക്ഷ എല്ലാവരും ഫലസ്തീനൊപ്പമാണ് എന്നത് പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
രക്തത്തില്‍ കുളിച്ച് വാവിട്ട് കരയുന്ന കുഞ്ഞുങ്ങളാണ് നമുക്ക് മുമ്പില്‍ ഇപ്പോഴും ദു:ഖകരമായ കാഴ്ചയായി ഉള്ളതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍സെക്രട്ടറിയും കേരള പ്രതിപക്ഷ ഉപനേതാവുമായ പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പിഞ്ചുകുഞ്ഞുങ്ങളോട് പോലും ക്രൂരത കാട്ടുന്ന ഭരണകൂടത്തിന്റെ ക്രൂരത ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന് വര്‍ക്കല ശിവഗിരി മഠത്തിന്റെ ഫലസ്തീന്‍ ജനതക്കുള്ള ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് അദ്വൈതാശ്രമം പ്രതിനിധി സ്വാമി ധര്‍മ്മചൈതന്യ ചടങ്ങില്‍ പറഞ്ഞു. കാത്തലിക് ബിഷപ് കൗണ്‍സില്‍ സെക്രട്ടറി ഫാദര്‍ തോമസ് തറയില്‍, ഫാദര്‍ പോള്‍ തലേക്കാട്ട് തുടങ്ങിയ വ്യത്യസ്ത മത സംഘടനാ നേതാക്കളും മുസ്ലിം ലീഗ് നേതാക്കളും ചടങ്ങില്‍ സംസാരിച്ചു.