- പാലക്കാട് തേങ്കുറിശ്ശിയിൽ ഇതര ജാതിയിൽ നിന്നും പ്രണയിച്ച് വിവാഹം കഴിച്ച അനീഷിനെ ഭാര്യയുടെ അച്ഛനും അമ്മാവനും ചേർന്ന് കൊലപ്പെടുത്തിയ കേസിലാണ് വിധി. അനീഷിന്റെ ഭാര്യയുടെ മൊഴിയാണ് കേസിൽ നിർണായകമായത്.
പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയിലെ കോടതി വിധിയിൽ തൃപ്തയല്ലെന്ന് അനീഷിന്റെ ഭാര്യ ഹരിതയും മാതാപിതാക്കളും. ഇപ്പോൾ കുറച്ച് സമാധാനമുണ്ടെങ്കിലും വിധിയിൽ തൃപ്തരല്ല. മേൽക്കോടയിൽ അപ്പീൽ നൽകുമെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് കുടുംബം വ്യക്തമാക്കി.
ഈ ക്രൂരതയ്ക്ക് ഈ വിധി പോരെന്ന് അനീഷിന്റെ പിതാവ് പ്രതികരിച്ചു. മകനെ കൊന്നവർക്ക് വധശിക്ഷ പോലെ വലിയ ശിക്ഷയാണ് അവർക്ക് കൊടുക്കേണ്ടതെന്ന് പിതാവ് പറഞ്ഞു. സ്‌നേഹിച്ചതിന്റെ പേരിലല്ലേ തന്റെ മകനെ കൊന്നത്. ഈ ശിക്ഷയിൽ തൃപ്തരല്ല ഞങ്ങൾ. വേറെ തെറ്റൊന്നും അവന് ചെയ്തിട്ടില്ലെന്ന് അനീഷിന്റെ മാതാവും പ്രതികരിച്ചു.
പ്രതികൾക്ക് വധശിക്ഷയോ ഇരട്ട ജീവപര്യന്തമോ വേണമായിരുന്നുവെന്നും മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നും കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത പ്രതികരിച്ചു. ചെറിയൊരു ആശ്വാസമുണ്ട്. എങ്കിലും വിധിയിൽ തൃപ്തിയില്ല. ഇത്രയും വലിയ തെറ്റ് ചെയ്തിട്ടും ഈ ശിക്ഷ കൊടുത്താൽ പോര. വധശിക്ഷ തന്നെ നൽകണമെന്നും ഹരിത പറഞ്ഞു.
തന്നെ പല തവണ കുടുംബം ഭീഷണിപ്പെടുത്തി. കൊല്ലുമെന്ന് പറഞ്ഞാണ് ഭീഷണി. തന്റെ കുടുംബവുമായി ബന്ധമുള്ളയാളുകളാണ് ഭീഷണിപ്പെടുത്തിയത്. പ്രതികൾ പുറത്തിറങ്ങാൻ പാടില്ല. പുറത്തിറങ്ങിയാൽ തന്നെയും അവർ കൊലക്കത്തിക്കിരയാക്കുമെന്നും ഹരിത പ്രതികരിച്ചു.
ഇരട്ട ജീവപര്യന്തം പ്രതീക്ഷിച്ചിരുന്നുവെന്ന് അനീഷിന്റെ സഹോദരനും പ്രതികരിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ളയാളുകളാണ് പ്രതികൾ. അനീഷിന്റെ കൊലപാതകത്തിന് മുമ്പ് പ്രതികൾ എസ്.സി വിഭാഗത്തിൽപെട്ട മറ്റൊരാളെ തല്ലിയിരുന്നു. പ്രതികളുടെ മുഖത്ത് യാതൊരു ഭാവ മാറ്റവുമില്ല. ചിരിച്ചിരിക്കുകയാണവർ. തങ്ങൾക്ക് ജീവന് ഭീഷണിയുണ്ട്. പ്രോസിക്യൂഷന് വീഴ്ച്ചയുണ്ടായിട്ടുണ്ടാവാം. 59 സാക്ഷികളെ വിസ്തരിച്ചിട്ടും വധശിക്ഷ വിധിച്ചില്ലല്ലോയെന്നും സഹോദരൻ ചോദിച്ചു.
തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ വിനായക റാവു പ്രതികൾക്ക് ജീവപര്യന്തം തടവും അരലക്ഷം പിഴയും ശിക്ഷ വിധിച്ചത് ഇന്നാണ്.
കേസിൽ അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ്(45) ഒന്നാം പ്രതിയും ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ(43) രണ്ടാം പ്രതിയുമാണ്. യാതൊരു കൂസലുമില്ലാതെ ചിരിച്ചാണ് പ്രതികൾ ജഡ്ജിയുടെ ശിക്ഷാവിധി കേട്ടത്.
സാമ്പത്തികമായി ഉയർന്ന നിലയിലുള്ള ഇതര ജാതിയിൽ നിന്നും പ്രണയിച്ച് വിവാഹം കഴിച്ച അനീഷിനെ ഭാര്യയുടെ അച്ഛനും അമ്മാവനും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.
കേസിൽ ഇതുവരെയും പ്രതികൾ ജാമ്യത്തിലിറങ്ങിയിരുന്നില്ല. ഒരിക്കൽ പ്രതികൾ ജാമ്യാപേക്ഷ നൽകിയെങ്കിലും അത് കോടതി തളളുകയായിരുന്നു. തുടർന്ന് ഇതുവരെയും പ്രതികൾ ജാമ്യാപേക്ഷ നൽകിയിട്ടില്ല. 110 സാക്ഷികളിൽ 59 പേരെയാണ് കേസിൽ വിസ്തരിച്ചത്. കേസിൽ ബന്ധുക്കൾ പലരും മൊഴി മാറ്റിയെങ്കിലും ഹരിതയുടെ മൊഴിയാണ് വിധിയിൽ നിർണായകമായത്.
2020-ലെ ക്രിസ്മസ് ദിനത്തിൽ ഡിസംബർ 25-നായിരുന്നു പൊതുസ്ഥലത്ത് വച്ച് പെയിന്റിങ് തൊഴിലാളിയായ അനീഷിനെ ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയത്. കൊല്ലപ്പെടുന്ന ദിവസം അനീഷിന് 27ഉം ഹരിതയ്ക്ക് 19ഉം വയസായിരുന്നു പ്രായം. സ്‌കൂൾ പഠനകാലം മുതലെ ഇരുവരും പരിചയമുണ്ടായിരുന്നു. ദീർഘനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഹരിതയുടെ വീട്ടുകാരുടെ സമ്മതമില്ലാതെ ഇരുവരുടേയും വിവാഹം നടന്നത്.
പ്രശ്‌നത്തിൽ പോലീസ് സാന്നിധ്യത്തിൽ ഒത്തുതീർപ്പിന് ശ്രമമുണ്ടായെങ്കിലും ഫലം കണ്ടിരുന്നില്ല. സ്റ്റേഷനിൽ വച്ച് ഹരിതയുടെ അച്ഛൻ, അനീഷിനെ 90 ദിവസത്തിനകം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് വിവാഹം കഴിഞ്ഞ് 88-ാം നാളിലായിരുന്നു അച്ഛനും അമ്മാവനും ചേർന്ന് അനീഷിനെ കൊലപ്പെടുത്തിയത്.
ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. വിധിയിൽ നീതി തേടി മേൽക്കോടതിയെ സമീപിക്കാനാണ് അനീഷിന്റെ കുടുംബം തീരുമാനിച്ചിട്ടുള്ളത്.