പാലക്കാട് / കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ വിവാദ പത്ര പരസ്യം ഇലക്ഷൻ കമ്മിഷൻ നിർദേശിച്ച അനുമതി വാങ്ങാതെയെന്ന് റിപോർട്ട്. സംഭവത്തിൽ തുടർ നടപടികളിലേക്ക് നീങ്ങാനിരിക്കുകയാണ് ഇലക്ഷൻ കമ്മിഷനെന്നാണ് വിവരം.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നൽകുന്ന പരസ്യത്തിന് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വാങ്ങേണ്ടതുണ്ട്. എന്നാൽ, എം സി എം സി സെല്ലിന്റെ അനുമതി ഇല്ലാതെയാണ് വിവാദ പരസ്യം പ്രസിദ്ധീകരിച്ചതെന്നാണ് പറയുന്നത്.
തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം കഴിഞ്ഞ് പരസ്യങ്ങൾ നൽകുമ്പോൾ പാലിക്കേണ്ട ചില നിബന്ധനകളുണ്ട്. അതൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് കണ്ടെത്തലുകൾ. പത്രത്തിൽ എന്ത് പരസ്യമാണ് പ്രദർശിപ്പിക്കുന്നത് എന്നത്തിന്റെ കൃത്യമായ ഒരു ഔട്ട്‌ലൈൻ എം സി എം സി സെല്ലിന്റെ സമിതിയായ പി ആർ ടി ഓഫീസർ പരിശോധിക്കേണ്ടതുണ്ട്. അതിന് ശേഷമാണ് ജില്ലാ കലക്ടർക്ക് ഈ പരസ്യം നൽകേണ്ടത്. അത് വിശദമായി പരിശോധിച്ച് കലക്ടറിന്റെ പ്രീ സർട്ടിഫിക്കേഷൻ വാങ്ങിയ ശേഷമാണ് പരസ്യം നൽകേണ്ടത്. എന്നാൽ, ഇവ രണ്ടും ഈ പരസ്യം നൽകുന്നതിൽ പാലിക്കപ്പെട്ടില്ലെന്നാണ് വിവരം. പരസ്യത്തിന് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ പാലക്കാട് ജില്ലാ കലക്ടർക്ക് റിപോർട്ട് നൽകിയിട്ടുണ്ട്. വിഷയത്തിൽ ഡോ. സരിനും ചീഫ് ഇലക്ഷൻ ഏജന്റിനും കലക്ടർ നോട്ടീസയച്ചേക്കും.
അതിനിടെ, സുപ്രഭാതം ദിനപത്രത്തിന്റെ പാലക്കാട് എഡിഷനിൽ ഇന്ന് വന്ന പരസ്യവുമായി സമസ്തക്ക് ബന്ധമില്ലെന്ന് നേതാക്കൾ അറിയിച്ചു. ഏതെങ്കിലും മുന്നണിയെയോ പാർട്ടിയെയോ വോട്ട് ചെയ്തു വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്ന പാരമ്പര്യം സമസ്തക്കില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽസെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ, ട്രഷറർ പി.പി ഉമ്മർ മുസ്‌ലിയാർ കൊയ്യോട്, സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
ബി.ജെ.പിയിൽനിന്ന് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരുടെ പഴയകാല പ്രസ്താവനകൾ ഓർമിപ്പിച്ചുള്ള വാർത്തകൾ ഉൾപ്പെടുത്തി, ‘സരിൻ തരംഗം’ എന്ന മുഖ്യ തലക്കെട്ടിലാണ് സുപ്രഭാതം, സിറാജ് പത്രങ്ങളിൽ ഇന്ന് എൽ.ഡി.എഫ് പരസ്യം വന്നത്. സന്ദീപിന്റെ പഴയ പ്രസ്താവനകൾ ഉയർത്തിക്കാട്ടി ‘ഈ വിഷനാവിനെ സ്വീകരിക്കുകയോ? കഷ്ടം എന്നെഴുതിയായിരുന്നു പത്രപരസ്യം. ഇത് വിവാദമായതിന് പിന്നാലെയാണ് സമസ്ത നേതാക്കളുടെ വിശദീകരണം. സുപ്രഭാതം പ്രസിദ്ധീകരിച്ച പത്രം ചുവപ്പ് മഷികൊണ്ട് വെട്ടി പാണക്കാട് മുഈനലി തങ്ങളും നേരത്തെ പ്രതികരിച്ചിരുന്നു.