- പോകുന്നവർ പോകട്ടെ സംഘടനയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ
പാലക്കാട്: പാലക്കാട് കോൺഗ്രസിൽ വീണ്ടും പാർട്ടി മാറ്റം. മഹിളാ കോൺഗ്രസ് ജില്ല സെക്രട്ടറി കൃഷ്ണകുമാരിയാണ് കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ എത്തിയത്.
അതിനിടെ, കൃഷ്ണകുമാരി പോയതിൽ സന്തോഷമെന്ന് മഹിളാ കോൺഗ്രസ് പാലക്കാട് ജില്ലാ പ്രസിഡന്റ് സിന്ധു പ്രതികരിച്ചു. പോകുന്നവർ പോകട്ടെ, സംഘടനയ്ക്ക് ഒന്നും സംഭവിക്കില്ലെന്നും സിന്ധു അറിയിച്ചു.
ഒന്നരവർഷം മുമ്പ് കൃഷ്ണകുമാരിയെ പുറത്താക്കിയതാണെന്നും പാർട്ടിയുമായും സംഘടനയുമായും സഹകരിക്കാത്തയാളാണ് കൃഷ്ണകുമാരിയെന്നും സിന്ധു പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റായിരുന്നു ഇവർ. പിന്നീടാണ് ജില്ലാ സെക്രട്ടറിയാക്കിയതെന്നും അവർ വിശദീകരിച്ചു.
പാർട്ടിയുടെ തെറ്റായ നയസമീപനങ്ങളാണ് തന്നെ മാറിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചതെന്ന് കൃഷ്ണകുമാരി പ്രതികരിച്ചു. കോൺഗ്രസ് നിരന്തരമായി അവഗണിക്കുകയാണെന്നും നിരവധി ആളുകൾ ഇനിയും പുറത്തുവരുമെന്നും കൃഷ്ണകുമാരി പറഞ്ഞു.
ഭരണം പിടിക്കാനായി കോൺഗ്രസും ബി.ജെ.പിയും ചേർന്ന് മത്സരിച്ചുവെന്നും 2020-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തന്റെ പഞ്ചായത്തായ വെള്ളിനേഴിയിൽ അടക്കം ഈ അവിശുദ്ധ കൂട്ടുകെട്ടുണ്ടായെന്നും അവർ ആരോപിച്ചു. വെള്ളിനേഴിയിൽ ഒരു വാർഡിൽ ബി.ജെ.പിക്കും കോൺഗ്രസിനും ഒരേ സ്ഥാനാർത്ഥിയായിരുന്നു. ഇതെ തുടർന്നാണ് ആദ്യമായി വെള്ളിനേഴി പഞ്ചായത്തിൽ ബി.ജെ.പിക്ക് അംഗമുണ്ടായത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിലും അതിന്റെ മറ്റൊരു പതിപ്പാണ് ആവർത്തിക്കുന്നത്്. ഇത് അംഗീകരിക്കാനാകാത്തതിനാൽ പാർട്ടി വിട്ട് സി.പി.എമ്മിനൊപ്പം പ്രവർത്തിക്കുമെന്നും കൃഷ്ണകുമാരി പ്രതികരിച്ചു.