ഷാർജ: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി നാട്ടിലെത്തുമെന്ന് ശിശുരോഗ വിദഗ്ധയും ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. സരിന്റെ ഭാര്യയുമായ ഡോ. സൗമ്യ സരിൻ വ്യക്തമാക്കി. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ സ്റ്റാളിൽ വച്ചാണ് അവർ ഇക്കാര്യം അറിയിച്ചത്.
പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്ത ‘ഡോക്ടറെ ഞങ്ങടെ കുട്ടി ഓക്കെ ആണോ?’ എന്ന പുസ്തകത്തിന്റെ നാലാം പതിപ്പ് വിൽപ്പനയ്ക്കായി ഡി.സി സ്റ്റാളിൽ എത്തിയ കാര്യം അറിയിച്ചുള്ള എഫ്.ബി ലൈവിലാണ് ചോദ്യത്തിന് മറുപടിയായി അവർ ഇക്കാര്യം അറിയിച്ചത്.
പുസ്തകോത്സവത്തിന്റെ സമാപനസമയത്ത് ഷാർജയിൽ ഉണ്ടാകാൻ സാധ്യയില്ലെന്നും വോട്ട് ചെയ്യാനായി പോകുമെന്നും അറിയിച്ച ഡോ. സൗമ്യ സരിൻ, തന്റെ കൈയൊപ്പോടുകൂടിയ പുസ്തകം ആവശ്യമുളളവർക്ക് ഡി.സി കൗണ്ടറിൽ പ്രത്യേകം പറഞ്ഞാൽ അവ ലഭ്യമാക്കാൻ ആവശ്യമായ ക്രമീകരണം നടത്തിയതായും അറിയിച്ചു.
തിരക്കുപിടിച്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡോ. സരിൻ, സൗമ്യയുടെ പുസ്തക പ്രകാശന ചടങ്ങിനായി അപ്രതീക്ഷിതമായി ഷാർജയിൽ എത്തിയിരുന്നു. ചടങ്ങ് കഴിഞ്ഞ ഉടനെ തന്നെ സരിൻ നാട്ടിലേക്ക് തിരിക്കുകയുമുണ്ടായി. അന്ന് ‘പ്രചാരണത്തിന് ഭാര്യ സൗമ്യ എത്തുമോ’ എന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ‘പ്രചാരണത്തിന് എത്തണോ വേണ്ടയോ എന്നതെല്ലാം സൗമ്യയുടെ തീരുമാനമാണെന്നാ’യിരുന്നു ഡോ. സരിൻ പ്രതികരിച്ചത്.
പ്രതീക്ഷിച്ചില്ലെങ്കിലും, സരിൻ പുസ്തക പ്രകാശനത്തിന് എത്തിയതിൽ വളരെ സന്തോഷമുണ്ടെന്ന് അറിയിച്ച ഡോ. സൗമ്യയാകട്ടെ പാലക്കാട് തന്റെ മനസ് ആർക്കൊപ്പമാണെന്നതിലും പ്രതികരിക്കുകയുണ്ടായി.
‘പാലക്കാട് വികസനത്തിൽ പിറകിലാണ്. ആ നാടിനെ കുറിച്ച് കൃത്യമായി അറിയുന്നവരും വികസനം കൊണ്ടുവരുന്ന സ്ഥാനാർത്ഥിയുമാണ് വിജയിക്കേണ്ടത്. അതാരാണെന്ന് നാട്ടുകാർക്ക് വിട്ടുകൊടുക്കുകയാണെന്നായിരുന്നു’ പാലക്കാട്ട് ആര് ജയിക്കണമെന്ന ചോദ്യത്തോടായി കക്ഷിരാഷ്ട്രീയത്തെ കൃത്യമായ അകലത്തിൽ നിർത്തി ഡോ. സൗമ്യ സരിന്റെ മറുപടി.
സരിൻ കോൺഗ്രസ് വിട്ട് ഇടത് സ്ഥാനാർത്ഥിയായത് അടക്കം വ്യക്തിപരമായ തീരുമാനമാണെന്നാണ് സൗമ്യയുടെ നിലപാട്. വിവാദങ്ങൾക്കിടയിലും സരിന് അനുകൂലമായോ വിമർശിച്ചോ ഒരു ഘട്ടത്തിലും അവർ പ്രതികരിച്ചിരുന്നില്ല. എന്നാൽ, ഇതിന്റെ പേരിൽ അവർക്കു നേരെയുണ്ടായ സൈബറാക്രമണത്തിൽ കുടുംബം, രാഷ്ട്രീയം, കരിയർ എന്നിവയിലെ തന്റെ കൃത്യമായ നിലപാട് വിശദീകരിക്കാനും ഡോ. സൗമ്യ മറന്നില്ല.
സരിന് അനുകൂലമായും പ്രതികൂലമായും ഒട്ടേറെ പ്രതികരണങ്ങൾ തന്റെ വാളിൽ വന്നെങ്കിലും അതെല്ലാം ഓരോരുത്തരുടെയും രാഷ്ട്രീയ സ്പിരിറ്റിന്റെ ഭാഗമെന്ന് കണ്ട് അവർ വിടുകയാണുണ്ടായത്. എന്നാൽ, 23ന് ഫലം അറിയുന്നതോടെ സൗമ്യയുടെ ചിരി കരച്ചിലാകുമെന്ന് ചിലർ പ്രതികരിച്ചപ്പോൾ ഈ ചിരി ഇവിടെത്തന്നെയുണ്ടാകുമെന്നും അതിന്റെ താക്കോൽ എന്റെ കൈയിലാണെന്നും ആരെയും ഏൽപ്പിച്ചിട്ടില്ലെന്നും തോന്നുമ്പോൾ ചിരിക്കുകയും കരയുകയും ചെയ്യുമെന്നും അവർ പ്രതികരിച്ചിരുന്നു.
തന്റെ വിലയേറിയ വോട്ട് രേഖപ്പെടുത്താനായി ഡോ. സൗമ്യ പാലക്കാട്ട് എത്തുന്നതോടെ സൈബർ പോരാളികൾ വീണ്ടും അവർക്കുനേരെ തിരിയാനുള്ള സാധ്യത തള്ളിക്കളയാവതല്ല. എന്നാൽ, അതിനെല്ലാം കൃത്യമായ മറുപടി ഡോ. സൗമ്യയുടെ വശമുണ്ടെന്നു മാത്രം.
ഈമാസം 20-നാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ്. ശക്തമായ ത്രികോണ മത്സരമാണ് മണ്ഡലത്തിലുള്ളത്. സ്റ്റെതസ്‌കോപ്പ് ചിഹ്നത്തിൽ ഇടതു സ്വതന്ത്രനായി ഡോ. സരിൻ മത്സരിക്കുമ്പോൾ യു.ഡി.എഫിനായി രാഹുൽ മാങ്കൂട്ടത്തിലും എൻ.ഡി.എയ്ക്കായി സി കൃഷ്ണദാസുമാണ് പ്രധാന വെല്ലുവിളി ഉയർത്തുന്നവർ.