പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഡി.സി.സി നേതൃത്വം കെ മുരളീധരനെ നിർദേശിച്ചുള്ള കത്ത് പുറത്തുവന്നതിൽ പ്രതികരണവുമായി യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ.
കെ മുരളീധരൻ പാലക്കാട് എന്നല്ല, കേരളത്തിലെ 140 മണ്ഡലങ്ങളിലും മത്സരിക്കാൻ യോഗ്യനായ വ്യക്തിയാണെന്നതിൽ ഒരാൾക്കും സംശയമില്ലെന്നും കത്തിൽ താൻ മോശം സ്ഥാനാർത്ഥിയാണെന്ന് പറഞ്ഞിട്ടുണ്ടോ എന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.
സ്ഥാനാർത്ഥി ചർച്ചയിൽ യു.ഡി.എഫിനകത്ത് ഇത്തരത്തിൽ പല പേരുകളും പരിഗണിക്കപ്പെട്ടിട്ടുണ്ടാകാം. അത് നേതൃത്വത്തിന് അറിയുന്ന കാര്യമാണ്. ആ കത്ത് ഞാൻ കണ്ടിട്ടില്ല, അതിലെ വിശദാംശങ്ങളും അറിയില്ല. മുരളീധരന്റെ പേര് വന്നിട്ടുണ്ടെങ്കിൽ അതിലെന്താണ് തെറ്റ്? സ്ഥാനാത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ തന്നെ മുരളീധരനെ പോയി കണ്ടതാണെന്നും അദ്ദേഹവും പാലക്കാട്ട് പ്രചാരണത്തിന് എത്തുമെന്നും കത്ത് പുറത്തായതിൽ ഗൂഢാലോചനയുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.
കത്ത് ഇനി ചർച്ചയാക്കേണ്ട കാര്യമില്ലെന്നും ഹൈക്കമാൻഡ് തീരുമാനം അന്തിമമാണെന്ന് കെ മുരളീധരനും പ്രതികരിക്കുകയുണ്ടായി. വയനാട്ടിൽ പ്രചാരണത്തിന് പോകേണ്ടത് തന്റെ ബാധ്യതയാണെന്നും എന്നാൽ പാലക്കാട്ട് പോകുന്നത് തീരുമാനിച്ചിട്ടില്ലെന്നും ചോദ്യത്തോടായി മുരളീധരൻ വ്യക്തമാക്കി.
സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പാലക്കാട് ഡി.സി.സി പ്രസിഡന്റ് എ തങ്കപ്പൻ എ.ഐ.സി.സി നേതൃത്വത്തിന് അയച്ച കത്താണ് പുറത്തായത്. പാലക്കാട് സീറ്റ് നിലനിർത്താൻ മുതിർന്ന നേതാവ് കെ മുരളീധരനാണ് ഏറ്റവും യോഗ്യനെന്നും ബി.ജെ.പിയെ തോൽപ്പിക്കാനും പാർട്ടിക്കപ്പുറമുള്ള പൊതു വോട്ട് സമാഹരിക്കാനും മുരളീധരന്റെ സ്ഥാനാർത്ഥിത്വം ഏറെ ഗുണം ചെയ്യുമെന്നും ഡി.സി.സി ഭാരവാഹികൾ ഐകകണ്‌ഠേനയെടുത്ത തീരുമാനം അറിയിച്ച് കത്തിൽ വ്യക്തമാക്കിയിരുന്നു.