- ഹൈക്കമാൻഡ് തീരുമാനം അന്തിമം. പാർട്ടി പ്രവർത്തകരെ നിരാശപ്പെടുത്തുന്ന ഒരു തീരുമാനവും എന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് കെ മുരളീധരൻ
കോഴിക്കോട്: പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ഡി.സി.സി പ്രസിഡന്റിന്റെ കത്തിന്റെ പേരിൽ ഇപ്പോൾ ചർച്ചയുടെ ആവശ്യമില്ലെന്നും ഹൈക്കമാൻഡ് തീരുമാനം അന്തിമമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞു.
തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന് ഡി.സി.സി നേതൃത്വത്തിന്റെ ഒറ്റക്കെട്ടായുള്ള ആവശ്യം സംബന്ധിച്ച് ജില്ലാ നേതൃത്വം നേരത്തെ തന്നോട് സൂചിപ്പിച്ചിരുന്നു. എന്നാൽ, തൃശൂരിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേ താൻ ഇനി മത്സരിക്കാനില്ലെന്ന് പറഞ്ഞതാണെന്നും മുരളി വ്യക്തമാക്കി.
കത്തിപ്പോൾ എങ്ങനെ പുറത്തുവന്നുവെന്ന് അറിയില്ല. ഈ കത്തിന്മേൽ ഇനി ചർച്ച വേണ്ട. പാർട്ടി പ്രവർത്തകരെ നിരാശപ്പെടുത്തുന്ന ഒരു തീരുമാനവും എന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. ഒരു പ്രശ്‌നം ഉണ്ടാകാതിരിക്കാൻ എന്റെ ഫോണിൽ വന്ന കത്തിന്റെ കോപ്പി പോലും ഞാൻ ഡിലീറ്റ് ചെയ്തു. പാർട്ടി സംസ്ഥാന കമ്മിറ്റി മണ്ഡലത്തിലേക്ക് നിർദേശിച്ചത് രാഹുൽ മാങ്കൂട്ടത്തിലിനെയാണെന്നും അതിന് ഹൈക്കമാൻഡ് പച്ചക്കൊടി കാണിച്ചതാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇപ്പോഴുള്ളത് അനാവശ്യ ചർച്ചയാണ്. പാർട്ടി സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്നും കത്തിന്റെ പേരിൽ ഒരു കുഴപ്പവും ഉണ്ടാകില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി.
പാലക്കാട് പോകുന്നതിനെപ്പറ്റി ഇതുവരെ തീരുമാനിച്ചിട്ടില്ല. വയനാട്ടിൽ പ്രചാരണത്തിന് പോകുമെന്നും അത് തന്റെ കടമയാണെന്നും മുരളീധരൻ വ്യക്തമാക്കി.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി ജില്ലാ കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി നിർദേശിച്ചത് കെ മുരളീധരനെയായിരുന്നു. ഇത് സംബന്ധിച്ച് ഡി.സി.സി നേതൃത്വം ഹൈക്കമാൻഡിന് അയച്ച രണ്ടു പേജുള്ള കത്ത് പുറത്ത് വന്നതിന് പിന്നാലെയാണ് കെ മുരളീധരന്റെ പ്രതികരണം.
മുരളിയെ പോലുള്ള ഒരാൾക്കെ മണ്ഡലത്തിൽ പാർട്ടിക്കപ്പുറമുള്ള വോട്ടുകൾ ആകർഷിച്ച് മൂന്നാംസ്ഥാനത്തുനിന്നും പാർട്ടിയെ രക്ഷിക്കാനാകൂ എന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ, കെ.പി.സി.സി നേതൃത്വവും പ്രതിപക്ഷ നേതാവും മറ്റും സ്ഥാനാർത്ഥിത്വത്തിലേക്ക് മുഖ്യ പരിഗണന നൽകിയത് ഷാഫി പറമ്പിൽ തുടക്കം മുതലേ നിർദേശിച്ച യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെയായിരുന്നു. തൃശൂർ ലോകസഭാ തെരഞ്ഞെടുപ്പിൽ മൂന്നാംസ്ഥാനത്തേക്ക് പോയതോടെ പൊതുവെ നിരാശനായ മുരളിയെ പാലക്കാട്ട് ഇറക്കി ബുദ്ധിമുട്ടിക്കേണ്ടതില്ലെന്നും നേതൃത്വം കരുതി. തുടർന്നാണ് ഹൈക്കാൻഡ് തീരുമാനം രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായത്.
എന്നാൽ, പാലക്കാട്ടു തന്നെ പാർട്ടിയിൽ അനുയോജ്യ സ്ഥാനാർത്ഥികൾ ഉണ്ടെന്നിരിക്കെ, മുരളീധരനെ പോലുള്ള സീനിയർ നേതാവിനെ മാറ്റിനിർത്തി, മണ്ഡലത്തിന് പുറത്തുനിന്നുള്ള ഒരു പേര് ആവശ്യമില്ലെന്ന വികാരവും പാർട്ടിയിലുണ്ടായി. അതാണ് ഡോ. സരിനും കെ ഷാനിബും അടക്കമുള്ള പാർട്ടി നേതാക്കളെ നേതൃതീരുമാനത്തെ വെല്ലുവിളിച്ച് രംഗത്തുവരാൻ ഇടയാക്കിയത്.
കത്ത് പുറത്തുവന്നതോടെ, സ്ഥാനാർത്ഥിത്വത്തിൽ പാലക്കാട് കോൺഗ്രസിൽ ഇപ്പോഴും അസ്വസ്ഥത പുകയുന്നുണ്ടെന്നും ഇത് വോട്ട് ചോർച്ചയ്ക്ക് ഇടയാക്കുമെന്നും കരുതുന്നവർ ഏറെയാണ്. എന്നാൽ, സ്ഥാനാർത്ഥി നിർണയ ഘട്ടത്തിൽ പല പേരുകളും അഭിപ്രായങ്ങളും ഉയരുക സ്വാഭാവികമാണെന്നും ഹൈക്കമാൻഡ് എല്ലാ വശങ്ങളും പരിശോധിച്ച് ഒരു തീരുമാനം പ്രഖ്യാപിച്ചാൽ പിന്നെ സംശയങ്ങൾക്ക് വകയില്ലെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്.
ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമ്പോഴും വിജയസാധ്യതയ്ക്ക് അല്ല പാർട്ടി സംസ്ഥാന നേതൃത്വം മുൻഗണന നൽകിയതെന്നും മറ്റു പല താൽപ്പര്യങ്ങളും അവരെ അടക്കി ഭരിച്ചുവെന്നത് ഡി.സി.സിയുടെ കത്തിലൂടെ കൂടുതൽ വ്യക്തമാവുകയാണെന്നും അണിയറയിൽ ചർച്ച കൊഴുക്കുകയാണ്. എന്തിലും ഏതിലും നൂറ് അഭിപ്രായങ്ങൾ ഉയരുന്ന കോൺഗ്രസിൽ, ഒരു മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ പരിഗണിക്കുമ്പോൾ, പ്രസ്തുത ജില്ലയിലെ പാർട്ടി നേതൃത്വം ഐകകണ്‌ഠേന ഒരു പേര് നിർദേശിച്ചിട്ടും പ്രസ്തുത പേര് വെട്ടാൻ മാത്രമുള്ള ധൈര്യം എന്താണെന്നും ഇവർ ചോദിക്കുന്നു. എന്തായാലും ഹൈക്കമാൻഡ് തീരുമാനം അനുസരിച്ച് ഞങ്ങൾ വോട്ടു ചെയ്യുമെന്നും എന്നാൽ, പാർട്ടി വോട്ട് കൊണ്ട് മാത്രം രാഹുൽ ജയിക്കില്ലെന്നിരിക്കെ ഹിഡൻ അജണ്ട തയ്യാറാക്കിയവർക്ക് പാർട്ടിയെ രക്ഷിച്ചെടുക്കട്ടേ അധിക ബാധ്യതയുണ്ടെന്നും ഇവർ ഓർമിപ്പിക്കുന്നു.
ജനവിരുദ്ധ സർക്കാറുകളായ കേന്ദ്രത്തിനും സംസ്ഥാനത്തുമെതിരേ കടുത്ത ജനവിധിയുണ്ടാകേണ്ട തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രവർത്തകരിൽ പോലും വേണ്ടത്ര വിശ്വാസം നേടാനാവാത്തവിധം സ്ഥാനാർത്ഥി ചർച്ചകളും മറ്റും വഴിമാറ്റിയതിൽ നേതൃത്വത്തിന്റെ വീഴ്ച പറയാതിരിക്കാനാവില്ലെന്നും കോൺഗ്രസല്ലാതെ മറ്റ് ഓപ്ഷൻ ഇല്ലാത്തതിനാൽ സങ്കടത്തോടെ കൂടെ നിൽക്കുകയാണെന്നും ഇവർ പറയുന്നു.