- സി.പി.എമ്മിനെ ഇന്നലെ വരേ കൊത്തിവലിച്ച നാവാണ് പി സരിന്റേതെന്നും അതെടുത്ത് വായിൽ വെക്കുന്നത് സി.പി.എമ്മിന്റെ ഗതികേടാണെന്നും കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ. എൻ.കെ സുധീർ ആടിയുലഞ്ഞു നിൽക്കുന്ന ആളാണെന്നും വിമർശം.
തൃശൂർ: പാലക്കാട്ടും ചേലക്കരയിലും കോൺഗ്രസ് സ്ഥാനാർത്ഥിത്വത്തവുമായി ബന്ധപ്പെട്ട് നേതൃത്വത്തോട് ഇടഞ്ഞ ഡോ. പി സരിന്റെയും എൻ.കെ സുധീറിന്റെയും വിഷയങ്ങളിൽ പ്രതികരിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. പോകുന്നവർ പോകട്ടെയെന്ന് പറയാനല്ലാതെ ആരെയും പിടിച്ചുകെട്ടി നിർത്താൻ കഴിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സരിന്റെ കാര്യം സരിൻ ആണ് തീരുമാനിക്കുന്നത്. സരിൻ പോകരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം. ആ കാര്യം ഞങ്ങൾ സരിനെ അറിയിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ പാർട്ടി വിരുദ്ധത ഉണ്ടോ എന്ന് പരിശോധിക്കും. ഉണ്ടെങ്കിൽ നടപടിയെടുക്കും. പക്ഷേ, പാർട്ടി വിട്ടുപോകുന്ന ആൾക്കെതിരെ നടപടി എടുത്തിട്ടും കാര്യമില്ലല്ലോ, പർട്ടിതലത്തിൽ ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്നും പറഞ്ഞു.
സരിന് പോയെ മതിയാകു എന്നു പറഞ്ഞാൽ എന്തു പറയാനാണ്? ആരും അദ്ദേഹത്തിൽനിന്ന് ഇത് പ്രതീക്ഷിച്ചില്ല. എല്ലാവരെയും സ്ഥാനാർത്ഥിയാക്കാൻ പറ്റില്ല. ഈ പാർട്ടിയുടെ പ്രത്യേകത അതാണ്. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കാനുള്ള എല്ലാ യോഗ്യതയും അയാൾക്കുണ്ട്. ആരെയും ആശ്രയിച്ചല്ല പാലക്കാട്ടെ വിജയം. അത് ജനങ്ങളെ ആശ്രയിച്ചാണ്. നേതാക്കൾക്ക് അതിൽ സ്വാധീനം ചെലുത്താനാവില്ല. ഇന്നലെ വരെ സി.പി.എമ്മിനെ കൊത്തിവലിച്ച നാവാണ് പി സരിന്റേത്. അതെടുത്ത് വായിൽ വെക്കുന്നത് സി.പി.എമ്മിന്റെ ഗതികേടാണെന്നും കെ സുധാകരൻ വ്യക്തമാക്കി.
എൻ.കെ സുധീർ ആടിയുലഞ്ഞ് നിൽക്കുന്ന ആളാണ്. സുധീറിൽ ഞങ്ങൾക്ക് പ്രതീക്ഷയുമില്ല. കോൺഗ്രസിനെ പോലുള്ള പാർട്ടിയിൽ ഇതുപോലുള്ള ആളുകൾ ഉണ്ടാകും. സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കാൻ സാധിക്കുന്നില്ല എന്ന് പറയുമ്പോൾ ആരെങ്കിലും കൊടുക്കുന്ന ഓഫറിൽ പുറത്തുപോകും. കോൺഗ്രസിനോട് ആഭിമുഖ്യം ഉണ്ടെങ്കിൽ കോൺഗ്രസിൽ നിൽക്കണം. ചേലക്കരയിൽ എൻ.കെ സുധീർ മത്സരിക്കുന്നത് ഒരു വിഷയമല്ലെന്നും കെ സുധാകരൻ ചോദ്യങ്ങളോടായി പ്രതികരിച്ചു.