കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി ഉൾപ്പെടെയുള്ളവരെ കോടതിയിൽ ഹാജരാക്കുമ്പോൾ കൈവിലങ്ങ് നിർബന്ധമാക്കാനും എസ്കോർട്ടിന് മുതിർന്ന ഉദ്യോഗസ്ഥരെ നിയോഗിക്കാനും പൊലീസ് തീരുമാനിച്ചു. മാഹി ഇരട്ടക്കൊലപാതക കേസിന്റെ വിചാരണ പൂർത്തിയാകാനുള്ളതിനാൽ കൊടി സുനിയെയും സംഘത്തെയും തലശ്ശേരി കോടതിയിൽ വീണ്ടും ഹാജരാക്കേണ്ടിവരും. ഇതിനായി സിവിൽ പൊലീസ് ഓഫീസർമാർ (സിപിഒ)ക്ക് പകരം ഉയർന്ന റാങ്കുള്ള ഉദ്യോഗസ്ഥരെ എസ്കോർട്ടിന് നിയോഗിക്കും.
സാധാരണ കോടതി ഹാജരാക്കലിന് കൈവിലങ്ങ് ഉപയോഗിക്കാറില്ലെങ്കിലും, കൊടി സുനിക്കും സംഘത്തിനും ഇനി ഈ ഇളവ് ലഭിക്കില്ല. കോടതിയിലേക്കും തിരിച്ചുമുള്ള യാത്രയിൽ കർശന നിരീക്ഷണത്തിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. ചട്ടലംഘനത്തോടെ മദ്യപാനം നടത്തിയ സംഭവത്തിൽ പ്രതികൾക്കെതിരെ കേസെടുക്കുന്നതും പൊലീസ് പരിഗണിക്കുന്നുണ്ട്. കൊടി സുനിയും സംഘവും മദ്യപാനത്തിന് മുമ്പും അവസരം ഒരുക്കിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.
അതിനിടെ, കൊടി സുനിക്ക് ഇനി പരോൾ അനുവദിക്കില്ലെന്ന് ജയിൽ ഉപദേശക സമിതി അംഗം പി. ജയരാജൻ വ്യക്തമാക്കി. ഗോവിന്ദച്ചാമി വിവാദം കെട്ടടങ്ങും മുമ്പ് കൊടി സുനിയുടെ മദ്യപാന വിവാദം പൊലീസിന് നാണക്കേടായി. ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് കൊടി സുനിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് തിരിച്ചെത്തിച്ചു.