തിരുവനന്തപുരം– ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് ജനങ്ങളെ കബളിപ്പിക്കാനുള്ള വെറും ‘രാഷ്ട്രീയ രേഖ’ മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഖജനാവ് കാലിയായിരിക്കെ നടപ്പിലാക്കാൻ കഴിയാത്ത പ്രഖ്യാപനങ്ങളാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഈ വാഗ്ദാനങ്ങൾ ജനം വിശ്വസിക്കില്ലെന്നും അടുത്ത യുഡിഎഫ് സർക്കാർ അവതരിപ്പിക്കുന്ന ബജറ്റാകും സംസ്ഥാനത്ത് നടപ്പിലാകുകയെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
കഴിഞ്ഞ നാലര വർഷം ക്ഷേമ പെൻഷൻ വർധിപ്പിക്കാത്ത സർക്കാർ, അധികാരത്തിൽ തിരിച്ചുവരില്ലെന്ന് ഉറപ്പായപ്പോഴാണ് അത് 2,500 രൂപയാക്കി ഉയർത്തിയത്. വരാനിരിക്കുന്ന സർക്കാരിന്റെ തലയിൽ സാമ്പത്തിക ബാധ്യത കെട്ടിവെക്കാനാണ് ശമ്പള പരിഷ്‌കരണ കമ്മീഷൻ പ്രഖ്യാപനത്തിലൂടെ ശ്രമിക്കുന്നത്. ട്രഷറി നിയന്ത്രണം നിലനിൽക്കുന്ന സംസ്ഥാനത്ത് ഇത്തരം പ്രഖ്യാപനങ്ങൾക്ക് എന്ത് പ്രസക്തിയാണുള്ളതെന്നും സതീശൻ ചോദിച്ചു. കഴിഞ്ഞ ബജറ്റിലെ 70 ശതമാനം പദ്ധതികളും നടപ്പിലാക്കിയിട്ടില്ലെന്നും ഇക്കാര്യത്തിൽ ധവളപത്രം ഇറക്കാൻ മന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണപരാജയത്തിന്റെ രേഖയാണ് ഈ ബജറ്റെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. നിലവിലുള്ള ആനുകൂല്യങ്ങൾ പോലും കൃത്യമായി നൽകാത്ത സർക്കാർ, പുതിയ വർധനവുകൾ പ്രഖ്യാപിക്കുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.



